ADVERTISEMENT

ഇരവിപുരം∙ വാഹനത്തിൽ കൊണ്ടു വന്ന എംഡിഎംഎയുമായി യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തേജസ് നഗർ വെളിയിൽ വീട്ടിൽ അലിനെ (25) ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 18.5ഗ്രാം എംഎഡിഎംഎ പിടികൂടി. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു നടത്തിയ വാഹന പരിശോധനയിലാണ് വാളത്തുംഗൽ ചന്തമുക്കിന് സമീപം വച്ച് അലിൻ പിടിയിലായത് . ഇയാൾ സഞ്ചരിച്ച് വന്ന ബൈക്ക് തടഞ്ഞ്   നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി ബെംഗളൂരുവിൽ നിന്നു കൊണ്ടു വന്നതാണ് ലഹരിമരുന്ന്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വി.ഷിബു, സബ് ഇൻസ്പെക്ടർമാരായ ഉമേഷ്, അജേഷ്, മധു, എഎസ്ഐ നൗഷാദ്, സിപിഒ ദീപു എന്നിവരടങ്ങുന്ന പൊലീസ് സംഘവും ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് അലിനെ പിടികൂടിയത്. 3 ദിവസം മുൻപ് ഇരവിപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് മയ്യനാട് വെള്ളാപ്പിൽമുക്കിൽ നിന്നും ജില്ലയിലെ പ്രധാന ലഹരി വിൽപനക്കാരനെയും സുഹൃത്തിനെയും പിടികൂടിയിരുന്നു. 

ഇയാളിൽ നിന്നും പതിനയ്യായിരത്തോളം വേദന സംഹാരി ഗുളികകളും 1.90 ലക്ഷം രൂപയും ഒട്ടേറെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. ജില്ലയിൽ ലഹരി വിൽപന സജീവമായതോടെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും ലഹരി വിൽപനക്കാരെ പിടികൂടാനായി വല വിരിച്ചത്. വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്ക് ഇടയിലാണ് ലഹരി ഉപയോഗം കൂടി വരുന്നതായി കണ്ടു വരുന്നത്.

അമിതമായ ലഹരി ഉപയോഗം മൂലം 3 യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എംഡിഎംഎയ്ക്കും കഞ്ചാവിനും പകരമായി വേദന സംഹാരി ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് സിറിഞ്ച് വഴി കുത്തി വയ്ക്കുന്ന രീതിയും സജീവമാണ്. അടുത്തിടെ കൊല്ലം സിറ്റി പരിധിയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾക്ക് പിന്നിലും ലഹരിക്ക് അടിമകളായവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com