പുനലൂർ കെഎസ്ആർടിസി മൈതാനിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഇല്ല; കൂരിരുട്ട്
Mail This Article
പുനലൂർ ∙ മലയോര ഹൈവേയും കൊല്ലം – തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുനലൂർ കെഎസ്ആർടിസി മൈതാനിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഇല്ലാത്തതു കാരണം രാത്രി സമയത്ത് ഇവിടം കൂരിരുട്ടിൽ. സംസ്ഥാനാന്തര പാതയിലെ കേരളത്തിന്റെയും തമിഴ്നാടിന്റെയും ബസുകൾ രാത്രി സമയത്ത് ഇതുവഴി കടന്നുപോകുന്നതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഇവിടെ ബസ് കാത്തുനിൽക്കാറുണ്ട്.
തമിഴ്നാടിന്റെ എസ്ഇടിസി ബസുകൾ പലതും രാത്രിയിൽ ഡിപ്പോയിലേക്കു കയറാറില്ല. കെഎസ്ആർടിസി മൈതാനിയിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ആണു ചെയ്യുന്നത്.നേരത്തെ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമായി. ഒന്നരമാസം മുൻപ് ഇവിടെ റോഡിൽ നരിത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷണം പോകുന്ന സ്ഥിതി വരെ എത്തി. അന്ന് ഒരു കിലോമീറ്റർ അകലെ വരെ കൊണ്ടുപോയ ബസ് പൊലീസ് പിന്തുടർന്ന് പിടിച്ചെടുക്കുകയായിരുന്നു.
കെഎസ്ആർടിസി മൈതാനിയിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കരണവും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥിതിയും കാരണം വാഹന അപകടങ്ങൾക്കുള്ള സാധ്യത ഇവിടെ വളരെ കൂടുതലാണ്. ഇവിടെ വെളിച്ചം ഇല്ലാതായതോടെ കൂടുതൽ പ്രശ്നമാണ്. മലയോര ഹൈവേയിൽ നിന്നും ഡിപ്പോയിൽ നിന്നും എത്തുന്ന വാഹനങ്ങൾ തെന്മല, പത്തനംതിട്ട ഭാഗങ്ങളിലേക്കു പോകുന്നതിന് ദേശീയപാതയിൽ വലിയ പാലത്തിലേക്കു കടക്കുന്നത് ട്രാഫിക് ഐലൻഡ് ഭാഗം ചുറ്റിയാണ്. കൃത്യമായ ദിശാസൂചക ബോർഡുകളോ ഡിവൈഡറോ ഒന്നും ഇല്ലാത്തതിനാൽ ആദ്യമായി എത്തുന്ന കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഇവിടെ എങ്ങോട്ട് പോകണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമാണു നിലനിൽക്കുന്നത്. ഇതിനിടെയാണു വെളിച്ചക്കുറവും ശാപമായി മാറുന്നത്.