നവീകരണം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഏരിയ നിർമാണം പൂർത്തിയായി
Mail This Article
ശാസ്താംകോട്ട ∙ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി വാഹന പാർക്കിങ് ഏരിയകളുടെ നിർമാണം പൂർത്തിയായി. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കുന്നതിനു മുന്നോടിയായി കാർ, ഓട്ടോറിക്ഷ, ബൈക്ക്, സൈക്കിൾ എന്നിവയ്ക്കായി മെറ്റൽ വിരിച്ച് ടാർ ചെയ്തു പാർക്കിങ് സൗകര്യം ഉറപ്പാക്കിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 96.47 ലക്ഷം രൂപയുടെ പദ്ധതിയിൽ കാറുകളുടെ പാർക്കിങ്ങിനായി 600 സ്ക്വയർ മീറ്റർ സ്ഥലവും ബൈക്കുകളുടെ പാർക്കിങ്ങിനായി 750 സ്ക്വയർ മീറ്റർ സ്ഥലവും ആണ് ക്രമീകരിച്ചിരിക്കുന്നത്.
ഇരു സ്ഥലങ്ങളിലുമായി യഥാക്രമം 40 കാറുകളും 180 ബൈക്കുകളും പാർക്ക് ചെയ്യുവാൻ കഴിയും. റെയിൽവേ നിശ്ചയിക്കുന്ന ഫീസ് നൽകി സ്ഥലം ഉപയോഗിക്കാം. സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമുകളിൽ മിനി ഷെൽറ്ററുകൾ ഇതിനകം സ്ഥാപിച്ചു. സ്റ്റേഷനോട് ചേർന്നു കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ലവൽ ക്രോസിന് പകരമായി അടിപ്പാത വേണമെന്ന ആവശ്യവും റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തി. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ കെട്ടിടം പുതുക്കിപ്പണിയുന്നതിനും പ്ലാറ്റ്ഫോമുകളുടെ നവീകരണത്തിനും ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സ്ഥാപിക്കാനും, അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ അനുകൂല നിലപാട് സ്വീകരിക്കാൻ റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
യാത്രക്കാരുടെ നിരന്തര ആവശ്യമായ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്, കോവിഡിന് മുൻപ് ഉണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കൽ, പുതുതായി ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അടക്കമുള്ള ആവശ്യങ്ങൾ അനുവദിക്കുന്നതിനായി റെയിൽവേ ബോർഡിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കത്ത് നൽകിയതായി കൊടിക്കുന്നിൽ പറഞ്ഞു.