പഴുത്തു തുടുത്ത് നാരങ്ങ വിപണി
Mail This Article
കൊല്ലം ∙ ഓണക്കലവറ ഒരുക്കങ്ങൾ പുളിയോടെ പൊലിപ്പിക്കാൻ നാരങ്ങ വിപണി സജീവമായി. ചിങ്ങപ്പുലരി മുതൽ പുളിച്ചി (കറിനാരങ്ങ) എത്തിത്തുടങ്ങിയിരുന്നു. കല്യാണ സീസണായതിനാൽ സദ്യകളിൽ അച്ചാറിന് കറിനാരങ്ങ തന്നെ വേണം. പേരിൽ ചെറുതെങ്കിലും വലിയ പുളിച്ചിയെക്കാൾ ഇരട്ടി വില ചെറുനാരങ്ങയ്ക്കാണ്. അതിൽ തന്നെ ഏറ്റവും വലുപ്പം കുറഞ്ഞതിന് കിലോ 140 രൂപയും വലുതിന് 160 രൂപയുമാണ്. കറിനാരങ്ങയ്ക്ക് കിലോ 80 രൂപയാണ് ഇന്നലത്തെ വില. ഓണത്തിന് ഇനിയും വില കൂടാനാണ് സാധ്യത. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇരുന്നൂറു രൂപ വരെ എത്തിയിരുന്നു. മുൻ വർഷങ്ങളേതിൽ നിന്ന് കല്യാണ സീസണിൽ പോലും കച്ചവടം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ നല്ല കച്ചവടവും ലാഭവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ വിളവ് കുറച്ചുമാത്രമാണ് ലഭിച്ചത്. തെങ്കാശിയിൽ നിന്നാണ് പ്രധാനമായും ചെറുനാരങ്ങ എത്തുന്നതെന്ന് ചിന്നക്കടയിൽ 8 വർഷമായി നാരങ്ങ വ്യാപാരം നടത്തുന്ന അൻസാരി സലീം പറഞ്ഞു. കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്താറുണ്ട്. കേരളത്തിലെ വലിപ്പമുള്ള നാരങ്ങയ്ക്ക് നീര് കുറവായതിനാൽ വിൽപനയ്ക്കെടുക്കില്ല. ഇത്തവണ വിളവ് കുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തേതിൽ നിന്ന് നാരങ്ങയ്ക്ക് ഈയാഴ്ച കൂടിയത് കിലോയ്ക്ക് 20 രൂപയാണ്. എല്ലാവരും ഇപ്പോൾ കമ്പനി അച്ചാറാണ് ആശ്രയിക്കുന്നത്.
നാരങ്ങ വാങ്ങി നമ്മൾ അച്ചാറുണ്ടാക്കി വരുമ്പോൾ സാധനങ്ങളുടെ വിലയേക്കാൾ കുറവാണ് അച്ചാറിനു ലഭിക്കുക. ഒരു കിലോ അച്ചാറിന് ഏകദേശം 150 രൂപ വിലവരും. എന്നാൽ കമ്പനികൾ വിൽക്കുന്നത് 5 കിലോയ്ക്ക് 240 രൂപയാണ്. കാറ്ററിങ്ങുകാരെല്ലാം ഉപയോഗിക്കുന്നത് അതാണ്. സീസണായതുകൊണ്ടാണ് ഈ വിലയെന്നും ഓണക്കാലം കഴിഞ്ഞാൽ നിലവിൽ 140 രൂപ വിലയുള്ള നാരങ്ങയ്ക്ക് കിലോ 80 രൂപ വില വരുമെന്നും വ്യാപാരികൾ പറഞ്ഞു.