യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം: 3 പേർ അറസ്റ്റിൽ
Mail This Article
കിടങ്ങൂർ ∙ ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ ഇരുമ്പുകമ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്തു കളത്തിപ്പറമ്പിൽ ലിജേഷ് കുമാർ (40), കിടങ്ങൂർ വടുതലപ്പടി ഭാഗത്തു പാറക്കാട്ട് ജി.ഗിരീഷ് കുമാർ (53), പെരുമ്പായിക്കാട് നട്ടാശേരി ഭാഗത്ത് ഉദയംപുത്തൂർ ബി.സതീഷ് കുമാർ (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11നാണു സംഭവം.
കിടങ്ങൂർ സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ബൈക്കിൽ വരികയായിരുന്ന യുവാവിനെ കോയിത്തറപടിക്കു സമീപം ഓട്ടോയിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കുമരകം ബോട്ട് ജെട്ടിക്ക് സമീപം ലിജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള മീൻതട്ട് കിടങ്ങൂർ സ്വദേശിയായ യുവാവാണു നടത്തിയിരുന്നത്. കച്ചവടം നിർത്തുകയാണെന്ന് പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവാവിന്റെ തലയോട്ടിക്കു പൊട്ടൽ ഉണ്ടായി. മരങ്ങാട്ടുപിള്ളി സ്റ്റേഷൻ എസ്എച്ച്ഒ അജേഷ് കുമാർ, കിടങ്ങൂർ സ്റ്റേഷൻ എസ്ഐ കുര്യൻ മാത്യു, എഎസ്ഐ പ്രീത, സിപിഒമാരായ സുധീഷ്, അഷറഫ് ഹമീദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.