ശബരി റെയിൽ പാത: കല്ലിട്ട സ്ഥലങ്ങളിലെ നാട്ടുകാർ ദുരിതത്തിൽ; ‘രണ്ടിലൊന്ന് അറിയണം’
Mail This Article
കോട്ടയം∙ അങ്കമാലി– എരുമേലി ശബരി റെയിൽപാതയ്ക്ക് സാധ്യത മങ്ങിയെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കിയതോടെ പാതയ്ക്കായി സ്ഥലമേറ്റെടുത്ത പ്രദേശങ്ങളിൽ വീണ്ടും ആശങ്ക. പദ്ധതിയുടെ കാര്യത്തിൽ തീരുമാനം ആകണമെന്നാണു കല്ലിട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യം. കാൽനൂറ്റാണ്ടായി സ്ഥലം ഉപയോഗിക്കാൻ സാധിക്കാതെ കിടക്കുകയാണ്.
അങ്കമാലി– എരുമേലി ശബരി റെയിൽവേ പാത – 111 കിലോമീറ്റർ
ഇടുക്കി ജില്ലയിൽ രണ്ടും കോട്ടയം ജില്ലയിൽ അഞ്ചും സ്റ്റേഷനുകളാണ് പാതയിലുള്ളത്. 14 സ്റ്റേഷനുകളാണ് ആകെയുള്ളത്.
1- 0 കിലോമീറ്റർ- അങ്കമാലി ∙ അങ്കമാലി സ്റ്റേഷൻ ജംക്‌ഷൻ സ്റ്റേഷനായി മാറും. സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ശബരി പാത ആരംഭിക്കും.
2– 6.95 കി.മീ- കാലടി ∙ കാലടി– എയർപോർട്ട് റോഡിൽ കാലടി സ്റ്റേഷൻ. ഈ സ്റ്റേഷന്റെ നിർമാണം പൂർത്തിയായിട്ടു വർഷങ്ങളായി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയാണു സ്റ്റേഷൻ. ഇവിടെ വരെ പാത നിർമാണം പൂർത്തിയായി.
3– 16 കി.മീ- പെരുമ്പാവൂർ ∙ റെയിൽവേയ്ക്ക് ഗുഡ്സ് സർവീസ് വഴി നേട്ടമുണ്ടാക്കാൻ സാധിക്കുന്ന മേഖലകളിൽ ഒന്ന്. തടിവ്യാപാരത്തിന്റെ പ്രധാനകേന്ദ്രം. കാലടി– പെരുമ്പാവൂർ മേഖലയിൽ അരിമില്ലുകളും ധാരാളം.
4– 26 കി.മീ.- ഓടക്കാലി ∙ പെരുമ്പാവൂർ– ഓടക്കാലി മേഖലയിൽ നെല്ല്, വാഴ, ജാതി, റബർ കൃഷി വ്യാപകം.
5– 31 കി.മീ- കോതമംഗലം ∙ മൂന്നാറിന്റെ കവാടമായി മാറുന്ന സ്റ്റേഷൻ. മൂന്നാർ (80 കി.മീ), അടിമാലി (50 കി.മീ), ചീയപ്പാറ വെള്ളച്ചാട്ടം (30 കി.മീ).
6– 40 കി.മീ- മൂവാറ്റുപുഴ ∙ നിർദിഷ്ട കൊച്ചി– തേനി ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കു സമീപമാണു മൂവാറ്റുപുഴയിൽ സ്റ്റേഷൻ.
7 –48 കി.മീ.- വാഴക്കുളം ∙ കേരളത്തിന്റെ പൈനാപ്പിൾ സിറ്റി. തൊടുപുഴ റോഡിനു സമീപമാണു സ്റ്റേഷൻ.
8– 55 കി.മീ. -തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ. കോലാനി ബൈപാസും രാമമംഗലം– തൊടുപുഴ റോഡും ചേരുന്നതിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ.
9– 62 കി.മീ.- കരിങ്കുന്നം ∙ മൂലമറ്റം പവർ ഹൗസ്, മൂലമറ്റം എഫ്സിഐ ഗോഡൗൺ എന്നിവയ്ക്ക് അടുത്തുള്ള സ്റ്റേഷൻ. തുടങ്ങനാട് കിൻഫ്ര സ്പൈസസ് പാർക്കിനു റെയിൽ കണക്ടിവിറ്റി.
10– 69 കി.മീ.- രാമപുരം ∙ പിഴകിലാണു സ്റ്റേഷൻ. ഇവിടെ വരെയാണു കോട്ടയം ജില്ലയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിട്ടിരിക്കുന്നത്.
11– 80 കി.മീ.-ഭരണങ്ങാനം ഫോർ പാലാ ∙ പാലാ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ദീപ്തി ജംക്‌ഷനിലാണു സ്റ്റേഷൻ.
12– 90 കി.മീ.- ചെമ്മലമറ്റം ∙ ഈരാറ്റുപേട്ടയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണു സ്റ്റേഷൻ.
13– 100 കി.മീ.- കാഞ്ഞിരപ്പള്ളി റോഡ് ∙ പാറത്തോടിനു സമീപാണു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ. തേക്കടി (71 കിമീ), പീരുമേട് (35കിമീ), പൊൻകുന്നം (9 കി.മീ), കുമളി (68 കി.മീ), കുട്ടിക്കാനം (32 കി.മീ), ഏലപ്പാറ വഴി വാഗമൺ (58 കി.മീ.) എന്നിവിടങ്ങളിലേക്കു പോകാം.
14– 111 കി.മീ.- എരുമേലി ∙ എരുമേലിയിൽനിന്നു 5 കി.മീ. അകലെ എംഇഎസ് കോളജിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ. ഇവിടെനിന്നു ശബരിമലയിലേക്ക് 43 കിലോമീറ്റർ മാത്രം. നിർദിഷ്ട എരുമേലി വിമാനത്താവളം 8 കിലോമീറ്റർ അകലെ.
പദ്ധതി നടപ്പായാലുള്ള ഗുണങ്ങൾ
∙ ഇടുക്കി ജില്ല, നിർദിഷ്ട ശബരിമല വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു റെയിൽവേ കണക്ടിവിറ്റി.
∙ പെരുമ്പാവൂരിലെ 540 പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ, കോതമംഗലം- നെല്ലിക്കുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണിച്ചർ നിർമാണ ക്ലസ്റ്റർ, മൂവാറ്റുപുഴ-നെല്ലാടിലെ കിൻഫ്ര ഫുഡ് പാർക്ക്, കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 % വും സംസ്കരിക്കുന്ന കാലടിയിലെ അരിമില്ലുകൾ, തൊടുപുഴയിലെ കിൻഫ്ര സ്‌പൈസസ് പാർക്ക് എന്നിവയ്ക്കു റെയിൽവേ സൗകര്യം ലഭ്യമാകും.
∙ പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിക്കു റെയിൽവേ ഉപയോഗപ്പെടുത്താം. പെരുമ്പാവൂരിൽ നിന്നു ശരാശരി 500 ട്രക്ക് പ്ലൈവുഡും ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തു നിന്ന് 250 ട്രക്ക് പൈനാപ്പിളും പ്രതിദിനം ദേശിയ-രാജ്യാന്തര മാർക്കറ്റുകളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട് എന്നാണു കണക്ക്.
∙ തുറമുഖ കണക്റ്റിവിറ്റിക്ക് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച റെയിൽ ഇടനാഴി (റെയിൽ സാഗറിൽ) ഉൾപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്കു ബന്ധിപ്പിക്കാവുന്ന പാത. ഇതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ റെയിൽവേയ്ക്കു കൈമാറിയിട്ടുണ്ട്.
∙ മൂന്നാർ അടക്കം ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിവിധ തീർഥാടന കേന്ദ്രങ്ങൾക്കും പ്രയോജനം ലഭിക്കും.
നാട്ടുകാരുടെ ആശങ്ക
∙ പദ്ധതിയുടെ കാര്യത്തിൽ തീരുമാനം ഇല്ലാതെ അനന്തമായി നീളുന്നു. പദ്ധതി നടക്കുമോ ഇല്ലയോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ സ്ഥലം എന്തു ചെയ്യണമെന്ന് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല.
∙ പദ്ധതിയുടെ അന്തിമ രൂപരേഖ ഏത് എന്ന കാര്യത്തിൽ നാട്ടുകാർക്ക് വ്യക്തതയില്ല. ഇതിൽ വ്യക്തത വേണമെന്ന് ആവശ്യം.
∙ പദ്ധതി യാഥാർഥ്യമായാൽ സ്ഥലം നഷ്ടപ്പെടുന്നതിനാൽ വീടുകളുടെ അറ്റകുറ്റപ്പണികൾ പോലും പലരും നടത്തുന്നില്ല.
∙ പദ്ധതിക്കു കല്ലിട്ട കാലത്തു നിന്നു പ്രദേശങ്ങൾ ആകെ മാറി. സ്ഥലത്തിന്റെ വില വർധിച്ചു. തൊടുപുഴ സ്റ്റേഷനായി ഏറ്റെടുക്കുന്ന പ്രദേശം തൊടുപുഴയിലെ വിലപിടിച്ച പ്രദേശമായി.
പദ്ധതി ഇവിടെ വരെ
∙ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ പൂർണമായും കോട്ടയം ജില്ലയിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയുമാണു കല്ലിട്ടിരിക്കുന്നത്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമേ നടത്തിയത്. ഇടുക്കി ജില്ലയിൽ സ്ഥലമേറ്റെടുപ്പിന്റെ ചുമതല തൊടുപുഴ എൽഎ ഓഫിസിനാണ്. കോട്ടയത്ത് പാലായിൽ ഓഫിസ് തുറന്നെങ്കിലും 3 വർഷം മുൻപ് ഈ ഓഫിസ് സ്ഥലമേറ്റെടുപ്പ് ഡപ്യൂട്ടി കലക്ടർ ഓഫിസിൽ ലയിപ്പിച്ചു.
റെയിൽവേ തുടർ നടപടികളിലേക്കു കടക്കാത്തതിനാൽ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികളും റവന്യു വകുപ്പ് സ്വീകരിച്ചിട്ടില്ല. 2020ൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥലമേറ്റെടുപ്പ് നടപടി വേണ്ടെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. തുടർന്ന് തൊടുപുഴ എൽഎ ഓഫിസിൽ നിന്നയച്ച കത്തുകൾക്ക് റെയിൽവേ മറുപടി നൽകിയിട്ടില്ലെന്നു തഹസിൽദാർ ടി.പി.സഞ്ജയ് പറഞ്ഞു.
കേന്ദ്രമന്ത്രിക്കു മുൻവിധി: സെൻട്രൽ ആക്‌ഷൻ കൗൺസിൽ
∙കേന്ദ്ര റെയിൽവേ മന്ത്രി മുൻവിധിയോടെയാണ് അങ്കമാലി– എരുമേലി ശബരി പാതയെ സമീപിക്കുന്നതെന്നു ശബരി റെയിൽവേ സെൻട്രൽ ആക്‌ഷൻ കൗൺസിൽ ചെയർമാൻ ഡിജോ കാപ്പൻ. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ്. പദ്ധതിയുടെ ചെലവ് വഹിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ കത്ത് എംപിമാർ റെയിൽവേ മന്ത്രിക്ക് എത്തിച്ചു നൽകിയിട്ടുണ്ട്. അതു പരിഗണിച്ചിട്ടില്ല.
റെയിൽവേക്ക് ചരക്ക് നീക്കത്തിലൂടെ തന്നെ വലിയ വരുമാനം നൽകുന്ന പദ്ധതിയാണ് അങ്കമാലി– എരുമേലി. വിഴിഞ്ഞം തുറമുഖം കൂടി വന്നതോടെ ഈ പാതയുടെ പ്രാധാന്യമേറി. വിഴിഞ്ഞത്തേക്കു പാത നീട്ടുന്ന നിർദേശം റെയിൽവേക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എംപിമാർ വീണ്ടും റെയിൽവേ മന്ത്രിയെ കാണും എന്നാണു മനസ്സിലാക്കിയത്. തുടർന്ന് ജന പ്രതിനിധികളുടെ കൂട്ടായ്മ അടക്കം സംഘടിപ്പിക്കും. ഇതിനു ശേഷം പ്രക്ഷോഭത്തിലേക്കു നീങ്ങുന്നതും പരിഗണിക്കുമെന്നും ഡിജോ കാപ്പൻ പറഞ്ഞു.