ട്രാഫിക് സിഗ്നലിനായി കൊണ്ടുവന്നിട്ട കാലുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിക്കുന്നു

Mail This Article
തിരൂർ ∙ മഴയും വെയിലും കൊണ്ട്, ട്രാഫിക് സിഗ്നലിനായി കൊണ്ടുവന്നിട്ട കാലുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിക്കുന്നു. 4 മാസമായിട്ടും കണ്ടില്ലെന്നു നടിച്ച് അധികൃതർ. പൂങ്ങോട്ടുകുളത്തും താഴേപ്പാലത്തുമാണു കാലുകൾ കൂട്ടിയിട്ടിരിക്കുന്നത്. തിരൂർ ടൗൺഹാൾ മുറ്റത്താണ് ഇലക്ട്രിക് ഉപകരണങ്ങൾ കൂട്ടിയിട്ടത്. 2 ദിവസത്തിനകം സുരക്ഷിത സ്ഥലത്തേക്കു മാറ്റുമെന്നു നഗരസഭയെ അറിയിച്ചാണ് കരാറുകാരൻ ഇതെല്ലാം ഇവിടെ കൊണ്ടുവന്നിട്ടത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതു മാറ്റാനോ, സ്ഥാപിക്കാനോ കരാറുകാരനും നഗരസഭയും തയാറായിട്ടില്ല. വസ്തുക്കളെല്ലാം മഴയിൽ കുതിർന്നു പെട്ടി പൊട്ടി പുറത്തെത്തിയിട്ടുണ്ട്. ഇതിൽ പല ഉപകരണങ്ങളും നശിച്ചുതുടങ്ങി. വിലകൂടിയ കേബിളുകളും ഇവിടെ കിടന്നു നശിക്കുന്നു. പലരും ഇക്കാര്യം നഗരസഭയെ അറിയിച്ചെങ്കിലും ഉപകരണങ്ങൾ എടുത്തു മഴകൊള്ളാത്ത സ്ഥലത്തേക്കു മാറ്റാൻ പോലും തയാറായിട്ടില്ല. 20 ലക്ഷത്തോളം രൂപ ചെലവിട്ടാണു തിരക്കേറിയ നഗരത്തിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നത്.