മണൽക്കടത്ത് സംഘങ്ങൾ രാത്രിയുടെ മറവിൽ ഭാരതപ്പുഴ കത്തിക്കുന്നു; ഒരു മാസത്തിനിടെ എട്ട് വൻ തീപിടിത്തം

Mail This Article
തിരൂർ ∙ ഭാരതപ്പുഴയെ കത്തിക്കുന്നത് മണൽ സംഘം. പുഴയിൽ കാടുമൂടിയ ഭാഗങ്ങളിൽ നിന്ന് മണൽ കടത്തുന്നതിനാണ് രാത്രിയുടെ മറവിൽ തീയിടുന്നത്. മണൽ കൂടുതലുള്ള ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളിലായി വൻതീപ്പിടുത്തമുണ്ടായത്. കടുത്ത ചൂടിൽ പുഴയിലെ കാടുകൾ സ്വയം കത്തുന്നതായാണ് അധികൃതർ വിലയിരുത്തുന്നത്. എന്നാൽ വെയിലില്ലാത്ത മരങ്ങൾ തണലൊരുക്കുന്ന ഭാഗങ്ങളിലും ഭാരതപ്പുഴയിൽ വൻ തീപിടിത്തമുണ്ടാകുന്നത് ചില സംഘങ്ങൾ തീയിടുന്നതിലാണെന്ന് പരിസരവാസികൾ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ കുറ്റിപ്പുറത്തിനും തിരുനാവായക്കുമിടയിൽ 8 തവണയാണ് ഭാരതപ്പുഴയിൽ വൻ തീപിടിത്തമുണ്ടായത്. ഭാരതപ്പുഴയിൽ തീയിട്ട് കുറ്റിക്കാടുകൾ നശിപ്പിച്ച് കഴിഞ്ഞ വർഷവും വൻതോതിൽ മണൽ കടത്തിയിരുന്നു. അമിത മണൽക്കടത്തു മൂലം ഭാരതപ്പുഴയുടെ അടിത്തട്ടും കണ്ട് ചെളി പൊങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും വർഷങ്ങൾക്ക് മുൻപ് പുഴയ്ക്ക് അടിയിൽ കിടന്നിരുന്നു മരങ്ങൾ പൊങ്ങി തുടങ്ങിയിട്ടുണ്ട്.
പുഴയിലെ ഇരുവശവും നീർച്ചാലുകൾ രൂപപ്പെട്ട് മധ്യഭാഗം പൊങ്ങിയ അവസ്ഥയിലാണ്. അമിത മണൽക്കടത്ത് മൂലം കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കുമ്പിടി മുതൽ ചമ്രവട്ടം വരെ പലയിടങ്ങളിലും ഭാരതപ്പുഴ നേരത്തേ വറ്റി വരണ്ടത് ഇത്തവണ കടുത്ത ശുദ്ധജല ക്ഷാമത്തിന് ഇടയാക്കും.