ജൂൺ 30 വരെ ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധം; ബസിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ ഒഴിവാക്കി
Mail This Article
എടക്കര ∙ ഊട്ടി സന്ദർശനത്തിന് മേയ് 7 മുതൽ ഇ–പാസ് നിർബന്ധമാകുന്നു, പരിശോധന നീലഗിരി അതിർത്തി ചെക്പോസ്റ്റുകളിൽ. യാത്ര ഊട്ടിയിലേക്കല്ലെങ്കിലും നീലഗിരിയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഇ–പാസ് വേണം. epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഇ– പാസ് ലഭിക്കുന്നത്. നീലഗിരിയിലേക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നമ്പർ, സന്ദർശകരുടെ എണ്ണം, എത്രദിവസം തങ്ങുന്നുണ്ട്, താമസിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.
നീലഗിരിയിലേക്ക് പ്രവേശിക്കുന്ന നാടുകാണി, പാട്ടവയൽ, കക്കനഹള്ള, താളൂർ, ചോലാടി തുടങ്ങിയ അതിർത്തി ചെക്പോസ്റ്റുകളിലായിരിക്കും ഇ–പാസ് പരിശോധിക്കുന്നത്. നീലഗിരിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല. അതുപോലെ, ബസുകളിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളെയും ഒഴിവാക്കിയിട്ടുണ്ട്.
7 മുതൽ ജൂൺ 30 വരെയാണ് ഇ–പാസ് നിർബന്ധമാക്കിയിരിക്കുന്നത്. സീസൺ സമയത്ത് ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ഗതാഗതസ്തംഭനം പതിവായതും ഉൾകൊള്ളാവുന്നതിലധികം സഞ്ചാരികൾ സന്ദർശനത്തിനെത്തുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. നിയന്ത്രണത്തിനെതിരെ വ്യാപാരികൾക്ക് പ്രതിഷേധമുണ്ട്. വ്യാപാര മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സീസൺ സമയത്തെ കച്ചവടത്തെ ആശ്രയിച്ചാണ് ഒരു വർഷം പിടിച്ചുനിൽക്കുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
പ്രതിദിന നിയന്ത്രണം ഇത്തവണ ഇല്ല
ഇ–പാസ് നിർബന്ധമാക്കിയെങ്കിലും സഞ്ചാരികളുടെ കാര്യത്തിൽ പ്രതിദിന നിയന്ത്രണം ഇത്തവണ ഉണ്ടാവില്ലെന്ന് നീലഗിരി ജില്ലാ കലക്ടർ എം.അരുണ. നീലഗിരി ജില്ലയിലേക്ക് എത്ര സഞ്ചാരികളെത്തുന്നുണ്ട്, വാഹനങ്ങളുടെ എണ്ണം തുടങ്ങിയ വിവര ശേഖരണമാണ് ഇ–പാസിലൂടെ ലക്ഷ്യമിടുന്നത്. ഈ വിവരം വിദഗ്ധ സംഘം പഠനത്തിന് ഉപയോഗിക്കും.
ബുദ്ധിമുട്ടെന്ന് യാത്രക്കാർ
നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും ഇ–പാസ് വേണമെന്നത് ബുദ്ധിമുട്ടാക്കുമെന്ന് യാത്രക്കാർ, നീലഗിരിയിൽ പ്രവേശിച്ച് ദേവാല, പന്തല്ലൂർ വഴി വയനാട്ടിലേക്കും ഗൂഡല്ലൂർ– മുതുമല വഴി കർണാടകയിലേക്കും മറ്റുമായി പോകുന്ന ധാരാളം യാത്രക്കാരാണുള്ളത് ഇവരെല്ലാവരും ഇ–പാസെടുക്കേണ്ട സ്ഥിതിയാണുള്ളത്. നീലഗിരിയിലെ വിവിധയിടങ്ങളിലേക്ക് നിത്യവും വ്യാപാര ആവശ്യങ്ങൾക്ക് പോകുന്നവരും ധാരാളമാണ്. ഇ–പാസ് പരിശോധന കാരണം അതിർത്തി ചെക്പോസ്റ്റ് കടത്താൻ സമയമെടുക്കുമെന്ന ആശങ്കയുമുണ്ട്. പരിശോധന ഊട്ടിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താക്കുകയാണ് ഉചിതമെന്നും ചൂണ്ടിക്കാട്ടുന്നു.