ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈൽ ടവറിൽ കയറിയ മധ്യവയസ്കനെ അനുനയിപ്പിച്ച് താഴെയിറക്കി
Mail This Article
മലപ്പുറം∙ ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈൽ ടവറിൽ കയറിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന അനുനയിപ്പിച്ച് താഴെയിറക്കി. തിരുനാവായ സ്വദേശി മേടിപ്പാറ ടി.കെ.മുഹമ്മദ് ആണ് മൊബൈൽ ടവറിന്റെ 50 അടിയോളം ഉയരത്തിൽ കയറി ടവറിന്റെ പ്ലാറ്റ്ഫോമിൽ കിടന്നത്. വെള്ളിയാഴ്ച വൈകിട്ട് 4നാണ് സംഭവം. മുഹമ്മദിനെയും അയൽവാസികളെയും താമസിക്കുന്ന മഹല്ലിൽ നിന്നും ഊരുവിലക്കിയെന്ന പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ഭീഷണി.
സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന താഴെ വല വിരിച്ചെങ്കിലും സ്റ്റേഷൻ ഓഫിസർ ഇ.കെ.അബ്ദുൽ സലീമും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.പ്രദീപ് കുമാർ, കെ.സുധീഷ് എന്നിവർ ടവറിൽ കയറി അനുനയിപ്പിച്ചു. മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ റെസ്ക്യൂ നെറ്റിൽ താഴെയിറക്കി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സി.മുഹമ്മദ് ഫാരിസ്, പി.അമൽ, കെ.പി.ജിഷ്ണു, വി.എസ്.അർജുൻ, അനുശ്രീ, ശ്രുതി, ഹോം ഗാർഡ് എം.സനു, പി.രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.