മഴക്കാലത്ത് ചൂട് 33 ഡിഗ്രി; ഉറക്കം കെടുത്തി ഉഷ്ണം: വൈറൽ പനിയും വ്യാപകം
Mail This Article
മുംബൈ ∙ ചിങ്ങത്തിൽ മീനമാസത്തെ ഓർമിപ്പിക്കുന്ന ചൂട്! നഗരത്തിൽ താപനില കൂടിയതോടെ എസിയോ ഫാനോ പ്രവർത്തിപ്പിക്കാതെ രാത്രി കിടക്കാൻ കഴിയാത്ത അവസ്ഥയാണ്. 1969ന് ശേഷം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ഓഗസ്റ്റിലെ ഞായറാഴ്ചയാണ് 18ന് കടന്നുപോയത്– 33.6 ഡിഗ്രി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അനുഭവപ്പെട്ട താപനിലയാണിത്. സാധാരണ ഓഗസ്റ്റിൽ രേഖപ്പെടുത്തുന്നതിലും 3 ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ ചൂട്. രാത്രിയിലെ താപനിലയും കൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് ചില മേഖലകളിൽ മഴ തുടരുന്നുണ്ടെങ്കിലും വേനൽക്കാലത്തിന് സമാനമായ ചൂടാണ് മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റം വലിയ അസ്വസ്ഥതകളുണ്ടാക്കുന്നു. ഉഷ്ണം കാരണം നല്ല ഉറക്കം ലഭിക്കുന്നില്ലെന്നതാണ് പലരുടെയും പ്രധാന പ്രശ്നം. മുതിർന്ന പൗരന്മാരും കുട്ടികളും രോഗികളുമെല്ലാം ബുദ്ധിമുട്ടിലായിട്ടുണ്ട്. ചൂടുകുരു, ചൊറിച്ചിൽ എന്നിവയും അനുഭവപ്പെടുന്നുണ്ട്. അലർജി, ആസ്മ രോഗങ്ങൾ ഉള്ളവരും ചൂട് കൂടിയതോടെ വലയുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വൈറൽപനിയും കൂടിയിട്ടുണ്ട്.സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചൂട് കൂടുന്നതെങ്കിൽ ഇപ്പോൾ തന്നെ താപനില ഉയർന്നതോടെ കടുത്ത വേനലിനുള്ള സാധ്യതയും ഉണ്ട്.
വെള്ളം കുടിക്കാൻ മറക്കല്ലേ
മഴക്കാലമാണല്ലോ എന്നോർത്ത് വെള്ളം കുടിക്കുന്നത് കുറയ്ക്കരുതെന്നു ഡോക്ടർമാർ നിർദേശിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മുൻകരുതലുകളെടുക്കണം.
ശക്തി കുറഞ്ഞ്പടിഞ്ഞാറൻ കാറ്റ്
പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതാണ് നഗരത്തിൽ ചൂടു കൂടാൻ കാരണമെന്നു വിദഗ്ധർ പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥ മാറുമെന്നും വരുംദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.