സജീവമായി മാട്ടുംഗ മാർക്കറ്റ്; പൊടിപൊടിച്ച് ഓണക്കച്ചവടം
Mail This Article
മുംബൈ∙ നഗരം ഓണലഹരിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ മാട്ടുംഗ അടക്കം മലയാളി വിപണികളിൽ തിരക്കേറി. സദ്യയ്ക്കുള്ള പച്ചക്കറികളും തൂശനിലയും കായ വറുത്തതും ശർക്കരവരട്ടിയുമടക്കം ഓണവിഭവങ്ങൾ വിപണിയിൽ നിറഞ്ഞു. മൊത്തവിപണിയായ മാട്ടുംഗയിൽ നിന്ന് ചില്ലറയായും ഉൽപന്നങ്ങൾ ലഭിക്കും എന്നതിനാൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. ഓണസദ്യയൊരുക്കുന്ന മലയാളി ഹോട്ടലുകളിൽ പലതും പച്ചക്കറി, ഇല, ഉപ്പേരി എന്നിവയെല്ലാം വാങ്ങുന്നത് മാട്ടുംഗയിൽ നിന്നാണ്.ഓണത്തിന്റെ തൊട്ടുതലേന്നുള്ള രണ്ടു ദിവസമാണ് മാട്ടുംഗയിൽ വലിയ തോതിലുളള കച്ചവടം നടക്കുകയെന്നു വ്യാപാരികൾ പറഞ്ഞു. അതിനാൽ ഇന്നും നാളെയും തിരക്കേറും. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളിക്കടകളിലും ഇനി രണ്ടു ദിവസം കച്ചവടം പൊടിപൊടിക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ പല കൂട്ടായ്മകളും ഉപേക്ഷിച്ചെങ്കിലും ഓണസദ്യ എല്ലായിടത്തുമുണ്ട്.
‘മൂന്നര പതിറ്റാണ്ടായി മുംബൈയിലുണ്ട്. വർഷങ്ങളായി കായ വറുത്തതും ഉപ്പേരിയുമെല്ലാം മാട്ടുംഗ മാർക്കറ്റിൽ നിന്നാണ് എടുക്കുന്നത്. ഇത്തവണ ഓണത്തിന് ആവശ്യമായ എല്ലാറ്റിനും വില കൂടിയിട്ടുണ്ട്. ഇന്ധനവിലയിലും ഗതാഗതച്ചെലവിലും വരുന്ന വർധന കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. എങ്കിലും ഓണാഘോഷം സജീവമായി നടത്തും’ – ലീല ഹോട്ടലിലെ അസിസ്റ്റന്റ് മാനേജർ സുജിത് എം. ദാമോദരൻ പറഞ്ഞു.മലയാളി ഹോട്ടലുകളുടെ ഓണസദ്യയുടെ ബുക്കിങ് അവസാനഘട്ടത്തിലാണ്. ഇരുപതിലേറെ വിഭവങ്ങളുമായി സമൃദ്ധമായ സദ്യയാണ് പലരും ഒരുക്കുന്നത്. ‘ഇത്തവണ ഹോട്ടലിൽ മുൻവർഷത്തെക്കാൾ ബുക്കിങ് തിരക്കുണ്ട്. ഇന്നു മുതൽ ഞായർ വരെ ഓണസദ്യ ഒരുക്കുന്നു. കൂടുതൽ ആളുകൾക്ക് ഓണസദ്യ വിളമ്പാനായി അഞ്ച് ഘട്ടമായി ഞായറിലെ സമയം ക്രമീകരിക്കുന്നുണ്ട്’ – താനെ മലബാർ ഹൗസ് ഹോട്ടലിലെ ബിജു പറഞ്ഞു.
250 പേർക്ക് സദ്യയൊരുക്കാൻ മലയാളി കുടുംബം
മീരാറോഡ്∙ ഹൗസിങ് സൊസൈറ്റിയിലെ വിവിധ സംസ്ഥാനക്കാരായ നൂറിൽപരം കുടുംബങ്ങൾക്ക് തിരുവോണ നാളിൽ ഓണസദ്യ ഒരുക്കാൻ ഒരു മലയാളി കുടുംബം. മീരാറോഡിലെ കെൻവുഡ് ടവർ ഹൗസിങ് സൊസൈറ്റിയിലാണ് കുന്നംകുളത്ത് കുടുംബവേരുള്ള വിനോദ് നായരുടെയും ഭാര്യ ദീപയുടെയും നേതൃത്വത്തിൽ 250 പേർക്ക് സദ്യയൊരുക്കി വിളമ്പുന്നത്.ഗണേശോത്സവം, ദീപാവലി, ഹോളി ആഘോഷങ്ങളിൽ ഇതര സംസ്ഥാനക്കാർ മലയാളികളെയും പങ്കെടുപ്പിക്കാറുണ്ട്. ഓണത്തിന്റെ ആഘോഷവും രുചിയും അവർക്കു പകർന്നു നൽകുകയാണു ലക്ഷ്യമെന്നു വിനോദ് നായർ പറഞ്ഞു. സദ്യയൊരുക്കാൻ വേണ്ടതെല്ലാം ഓർഡർ ചെയ്തു. ഉത്രാടംനാളിൽ ഉച്ചകഴിഞ്ഞ് വിഭവങ്ങൾ ഒരുക്കാൻ കെൻവുഡ് ടവറിലെ മറ്റു താമസക്കാർ സഹായിക്കാനെത്തും. എല്ലാവരും ചേർന്ന് ഓണം ഓളമാക്കും.
പീപ്പിൾസ് ആർട്സ് സെന്റർ ഓണാഘോഷം 22ന്
മുംൈബ∙ പീപ്പിൾസ് ആർട്സ് സെന്റർ ഓണാഘോഷവും കലാഭവൻ മണി സ്മാരക അവാർഡ് സമർപ്പണവും 22ന് വൈകിട്ട് ഏഴിന് ചെമ്പൂർ ഫൈൻ ആർട്സ് ഹാളിൽ നടത്തും. ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് മുഖ്യാതിഥിയായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. നടനും സംവിധായകനുമായ ലാൽ, സുനീഷ് വരനാട്, കൊല്ലം സിറാജ്, കോഴിക്കോട് ദേവരാജൻ, ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർക്ക് പുരസ്കാരം നൽകും. തുടർന്ന് ഹാസ്യപരിപാടിയും രജീഷ് മുളവുകാടിന്റെ നാടൻപാട്ടുമുണ്ടാകും. ഫോൺ: 95617 95704.