ADVERTISEMENT

മണ്ണാർക്കാട്∙ മണ്ണാർക്കാട് മേഖലയിൽ ലഹരി സംഘങ്ങളുടെ അതിക്രമങ്ങൾ വർധിക്കുന്നു. ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട പല അക്രമ സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. പലരും പുറത്തു പറയുന്നില്ലെന്നതാണ് വസ്തുത. ഒരു മാസം മുൻപാണ് മണ്ണാർക്കാട് പെരിമ്പടരായിൽ കളിക്കാനായി ടർഫിലേക്ക് പോയ ഡോക്ടറെ നാലംഗ സംഘം ആക്രമിച്ചത്. മണ്ണാർക്കാടിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ കയ്യാങ്കളിയും അക്രമവും നടക്കുന്നുണ്ടെങ്കിലും അധികമാരും പുറത്തു പറയാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഏറ്റവും അവസാനമായി ചൊവ്വാഴ്ച രാത്രി നായാടിക്കുന്നിലെ അങ്കണവാടിയും ലഹരി സംഘങ്ങൾ നശിപ്പിച്ചു.  സംഘാംഗങ്ങളിൽ കൗമാരക്കാർ ഉൾപ്പെടെയുള്ളവരുണ്ട്. ചെറിയ കാര്യങ്ങൾക്കു പോലും വൈകാരികമായി പ്രതികരിക്കുന്നവരാണ് ഇത്തരം സംഘങ്ങൾ.പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണമെത്താത്ത കേന്ദ്രങ്ങളാണ് ഇവർ ഒത്തുകൂടാനായി തിരഞ്ഞെടുക്കുന്നത്.

ലഹരി ഉപയോഗം മാത്രമല്ല, വിൽപനയും ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. പൊലീസിന്റെയും എക്സൈസിന്റെ പരിശോധന നഗരത്തിൽ മാത്രം ഒതുങ്ങാതെ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നായാടിക്കുന്ന് അങ്കണവാടിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
മണ്ണാർക്കാട്∙ നായാടിക്കുന്ന് സ്മാർട്ട് അങ്കണവാടിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കുഴൽക്കിണറിന്റെ പൈപ്പുകളും ചെടിച്ചട്ടികളും നശിപ്പിച്ചു. ബെഞ്ചും മേശകളും മറിച്ചിട്ടു. ലഹരി സംഘമാണിതുനു പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു. ബുധനാഴ്ച രാവിലെ അങ്കണവാടി അധ്യാപിക എൻ.വിജയകുമാരി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്.മതിൽ ചാടിക്കടന്ന് എത്തിയ സംഘം കുഴൽ കിണറിന്റെ പൈപ്പുകളും ചെടി നനയ്ക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകളും നശിപ്പിച്ചുവെന്നാണ് നിഗമനം. കുട്ടികൾ നട്ടു വളർത്തിയ റോസ ചെടികൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ച നിലയിലാണ്. 

പുറത്ത് ഒതുക്കി വച്ചിരുന്ന പഴയ ബെഞ്ചുകളും മേശയും മറിച്ചിട്ടിരുന്നു. സമീപത്തു നിന്ന് ലഹരിക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന പശയുടെ കൂടുകൾ ലഭിച്ചു. ബെഞ്ചുകളും പശ തേച്ച നിലയിലായിരുന്നു. അങ്കണവാടിയുടെ സമീപത്ത് മദ്യകുപ്പികളുടെ കൂമ്പാരവും കണ്ടെത്തി. പ്രദേശത്ത് ലഹരി സംഘങ്ങൾ ഒത്തു കൂടുന്നുണ്ടെന്ന് ലഹരി വിൽപന നടക്കുന്നുണ്ടെന്നും കൗൺസിലർ കെ.മൻസൂർ പറഞ്ഞു. സംഭവത്തിൽ നഗരസഭയ്ക്കും പൊലീസിനും എക്സൈസിനും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. നഗരസഭ നേരിട്ട് പൊലീസിൽ പരാതി നൽകുമെന്നും രാത്രി പട്രോളിങ് നടത്താൻ ആവശ്യപ്പെടുമെന്നും സ്ഥലം സന്ദർശിച്ച മണ്ണാർക്കാട് നഗരസഭ സെക്രട്ടറി എം.സതീഷ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com