ADVERTISEMENT

പാലക്കാട് ∙ ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ജില്ലയിൽ പൊതുജനാരോഗ്യ സമിതി പ്രവർത്തനം തുടങ്ങി. ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഏതു പ്രശ്നത്തിലും ജനങ്ങൾക്കു സമിതിക്കു മുൻപാകെ പരാതി നൽകാം. ഇത്തരം പരാതികൾ അതതു സ്ഥലത്തെ മെഡിക്കൽ ഓഫിസർ കൂടിയായ പബ്ലിക് ഹെൽത്ത് ഓഫിസർമാർ പരിശോധിച്ചു നടപടി ഉറപ്പാക്കും. 

നിർദേശം പാലിക്കാത്തവർക്കെതിരെ പിഴ ശിക്ഷ ഉൾപ്പെടെ ചുമത്താനും സമിതി  യോഗത്തിൽ തീരുമാനമായി. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽക്കൂടിയാണു നടപടി.ആവർത്തിച്ചു നിർദേശം നൽകിയിട്ടും കൊതുകു നിയന്ത്രണത്തിലുൾപ്പെടെ വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ല. ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ നിർദേശം പോലും പാലിക്കപ്പെടുന്നില്ല.  

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി. ഡപ്യൂട്ടി ഡിഎംഒ ഡോ.ഗീതു മരിയ ജോസഫ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.ടി.വി.റോഷ്, ടെക്നിക്കൽ അസിസ്റ്റന്റ് പി.ബൈജുകുമാർ, ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ.ആർ.ദാമോദരൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.രാമൻകുട്ടി, എപ്പിഡമോളജിസ്റ്റ് ഡോ.പി.എച്ച്.അഞ്ജിത എന്നിവർ പ്രസംഗിച്ചു. 

പരിഗണിക്കുന്ന പരാതികൾ 
∙ വിവിധ ജന്തു വർഗങ്ങളെ ആകർഷിക്കുന്ന വിധം പരിസരത്തു മാലിന്യങ്ങൾ തള്ളുക ∙ കാടുപടലത്തിനു സാഹചര്യമൊരുക്കുക ∙ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ ബാധയ്ക്കെതിരെ കൃത്യമായി പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുക ∙ വീടുകളിലും സ്ഥാപനങ്ങളിലും പരിസരത്തും കൊതുകു വർധനയ്ക്കു കാരണമാകുന്ന വിധത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ∙ മതിയായ ശുചിത്വം, മാലിന്യ നിർമാർജനം, ശുദ്ധജലം, ഇതര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാതെ ഹോസ്റ്റൽ/ പേയിങ് ഗെസ്റ്റ്, പൊതു താമസ ഇടങ്ങൾ എന്നിവ നടത്തുന്നതും പൊതുജനാരോഗ്യ നിയമത്തിൽ കുറ്റകരമാണ്. ഇത്തരം പരാതികളിൽ ഉൾപ്പെടെ നടപടി ഉണ്ടാകും. 

∙ പൊതുജനാരോഗ്യ നിയമപ്രകാരം പബ്ലിക് ഹെൽത്ത് ഓഫിസർമാർക്കു പരാതി നൽകാം. ജില്ലാ പബ്ലിക് ഹെൽത്ത് ഓഫിസറായ ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകാം ∙ തദ്ദേശ സ്ഥാപനങ്ങൾക്കാണു പരാതി നൽകുന്നതെങ്കിൽ അതു പ്രകാരമുള്ള നിയമനടപടികളും ഉണ്ടാകും. പൊതുസ്ഥലത്ത് ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മാലിന്യം കൂടിക്കിടപ്പുണ്ടെങ്കിൽ  അതു നീക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെടാനും പബ്ലിക് ഹെൽത്ത് ഓഫിസർമാർക്ക് സാധിക്കും. 

ശിക്ഷ 
വീഴ്ച കണ്ടെത്തിയാൽ അതിന്റെ ഗൗരവം അനുസരിച്ച് 2000 രൂപ മുതൽ 50,000 രൂപവരെ പിഴ ഈടാക്കാൻ കേരള പൊതുജനാരോഗ്യ നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റം ആവർത്തിക്കുകയും നിശ്ചിത കാലയളവിനുള്ളിൽ പിഴ അടയ്ക്കാതിരിക്കുകയും ചെയ്താൽ കോടതി വഴിയുള്ള നിയമ നടപടികളും ആരംഭിക്കും. ഇതിന്റെ തുടർ നടപടികളും ഉടൻ ഉണ്ടാകും. 

സമിതി അംഗങ്ങൾ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കലക്ടർ ഉപാധ്യക്ഷയും ആയ സമിതിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) മെംബർ സെക്രട്ടറിയുമാണ്. പാലക്കാട് ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫിസർമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫിസർ തുടങ്ങിയവർ സമിതി അംഗങ്ങളാണ്. സമിതി 3 മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

ആലത്തൂരിൽ പനി പടരുന്നു
ആലത്തൂർ∙ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പനിയും ഛർദ്ദി–അതിസാരവും വ്യാപകമായി. 4 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. ജലദോഷവും പനിയും കഫക്കെട്ടുമാണ് ലക്ഷണം. കുട്ടികളിൽ ഛർദ്ദി–അതിസാരവും പടരുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ രോഗം ബാധിച്ച 500 പേർ ചികിത്സയ്ക്കെത്തി. രണ്ടു കുട്ടികൾ ഡെങ്കിപ്പനി ബാധിച്ചും ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രിയിലും പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്. അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസർമാരിൽ 8 പേരുടെ തസ്തികയിൽ 2 പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. 4 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒരാൾ ദീർഘാവധിയിലും മറ്റൊരാൾ പ്രസവാവധിയിലുമാണ്. സ്പെഷലിസ്റ്റ് ഡോക്ടർമാരാണ് ഇവരുടെ കുറവ് പരിഹരിക്കുന്നത്.

മലിനജലം റോഡിലേക്ക്; റെയിൽവേയ്ക്ക് പിഴയിട്ട് പാലക്കാട് നഗരസഭ
പാലക്കാട് ∙ റെയിൽവേ സ്റ്റേഷനിൽ നിന്നു മലിനജലം റോഡിലേക്ക് ഒഴുകിയതിനു റെയിൽവേക്കു പാലക്കാട് നഗരസഭ 10,000 രൂപ പിഴ ചുമത്തി. പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ വളപ്പിലെ മലിനജലം റോഡിലേക്ക് ഒഴുകിയ സംഭവത്തിലാണു നടപടി.മലിനജലം ഒഴുക്കുന്നതു പകർച്ചവ്യാധി പരത്തുമെന്നു നഗരസഭാ സെക്രട്ടറി റെയിൽവേ സ്റ്റേഷൻ മാനേജർക്കു നൽകിയ നോട്ടിസിൽ പറയുന്നു. ജലമൊഴുക്ക് ഉടൻ നിർത്തണമെന്നും അക്കാര്യം രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒന്നിലേറെത്തവണ റെയിൽവേയെ അറിയിച്ചിരുന്നതായും വീണ്ടും വീഴ്ച വരുത്തിയതിനാലാണു നടപടിയെന്നും നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. അതേ സമയം പ്രശ്നം പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com