യൂത്ത് കോൺഗ്രസ് എസ്പി ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം
Mail This Article
പാലക്കാട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, പൊലീസ് സേനയിലെ അധോലോക സംഘങ്ങളെ പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി എസ്പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഉദ്ഘാടനം പ്രസംഗം കഴിഞ്ഞയുടനെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഏറെ നേരം ഉന്തും തള്ളുമുണ്ടായി.
തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കോട്ടമൈതാനത്തു നിന്നു പ്രകടനമായി എത്തിയ മാർച്ച് എസ്പി ഓഫിസ് പരിസരത്ത് പൊലീസ് ബാരിക്കേഡ് തീർത്ത് തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ആർഎസ്എസിന്റെ തീട്ടൂരം അനുസരിച്ചാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്ന് ഒ.കെ.ഫാറൂഖ് പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഫാറൂഖ് കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വിനോദ് ചെറാട്, ജിതേഷ് നാരായണൻ, പ്രതീഷ് മാധവൻ, സി.വിഷ്ണു, ജില്ലാ ഭാരവാഹികളായ പി.ടി.അജ്മൽ, ശ്യാം ദേവദാസ്, വിനീഷ് കരിമ്പാറ, വിനോദ് കളത്തൊടി, പ്രമോദ് തണ്ടലോട്, പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് തിരുവാലത്തൂർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന സെക്രട്ടറി അജാസ് കുഴൽമന്ദം എന്നിവർ മാർച്ചിനു നേതൃത്വം നൽകി.
സമരത്തെ തകർക്കാനായി പ്രകോപനമില്ലാതെ പൊലീസ് പ്രവർത്തകരെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയതെന്നാരോപിച്ച് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്രവർത്തകർ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിനു നേതൃത്വം നൽകിയ 14 പ്രവർത്തകർക്കെതിരെ ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.