പൊലീസിന്റെ മുകളിലേക്ക് ഭീഷണി അടർത്തി സ്റ്റേഷൻ
Mail This Article
തിരുവല്ല ∙ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂര ദിവസവും തകർന്നുവീഴുന്നു. സുരക്ഷിതത്വമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് പൊലീസുകാർ. ഒട്ടും സുരക്ഷിതമല്ലെന്നു ഒരു വർഷം മുൻപ് പൊതുമരാമത്ത് കെട്ടിടവിഭാഗം സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടത്തിൽ നിന്നു മാറാൻ പകരം സ്ഥലവുമില്ല.2 നിലയുള്ള കെട്ടിടത്തിൽ മുകളിലുള്ള സ്ഥലം പൊലീസുകാരുടെ വിശ്രമസ്ഥലമാണ്. ഇവിടേക്കു ആരും കയറരുതെന്ന വിലക്കുള്ളതിനാൽ ഒരു വർഷമായി ആരും കയറാറില്ല.
കെട്ടിടത്തിന്റെ മേൽക്കൂര ആദ്യം തകർന്നുവീണത് റിക്കാർഡ് മുറിയിലാണ്. ജില്ലാ പൊലീസ് മേധാവി കെട്ടിടം സന്ദർശിച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്നു നിർദേശിച്ചിരുന്നു. ഇതേതുടർന്ന് റിക്കാർഡ് മുറിയുൾപ്പെടെ കുറെ വിഭാഗം സിഐ ഓഫിസിലേക്കു മാറ്റി. ജിഡി ചാർജ്, സ്വീകരണസ്ഥലം, കംപ്യൂട്ടർ, ലോക്കപ്പ് എന്നിവ ഇവിടെ നിന്നു മാറ്റാൻ കഴിയാത്തതിനാൽ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. സിഐ ഓഫിസ് പ്രവർത്തിക്കുന്നതും ഒട്ടും സ്ഥലസൗകര്യമില്ലാത്ത കെട്ടിടത്തിലാണ്. ഇതിന്റെ മുകളിൽ ഷീറ്റിട്ട് മേൽക്കൂരയ്ക്കു കീഴിലാണ് യോഗങ്ങളും മറ്റും നടത്തുന്നത്.
സ്വന്തമായി ലോക്കപ്പ് ഇല്ലാത്ത പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പിടികൂടുന്ന പ്രതികളെ പാർപ്പിക്കുന്നത് തിരുവല്ല സ്റ്റേഷനിലാണ്. ഇവിടുത്തെ അവസ്ഥ ഏതുസമയവും പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നതും. പിടികൂടുന്ന പ്രതികളുടെ മേൽ കെട്ടിടം ഇടിഞ്ഞുവീണാൽ അതിനു സമാധാനം പറയേണ്ടിവരിക തങ്ങളായിരിക്കും എന്ന ആശങ്കയും പൊലീസുകാർക്കുണ്ട്.