തീരമിടിച്ചിലിന്റെ ഭീതിയിൽ ചിറ്റൂർമുക്ക് വാർഡ്

Mail This Article
കോന്നി ∙ പ്രമാടം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന വാർഡാണ് കോന്നി പഞ്ചായത്തിലെ ചിറ്റൂർമുക്ക് 18-ാം വാർഡ്. അച്ചൻകോവിലാറിന്റെ ഒരു കര ഈ വാർഡിലും ഉൾപ്പെടുന്നു. ബാക്കി 17-ാം വാർഡിലും പ്രമാടം പഞ്ചായത്തിലെ നാലാം വാർഡിലുമാണ്. തീരമിടിച്ചിലാണ് പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നം. ഒട്ടേറെ വസ്തുവകകളും പഞ്ചായത്ത് റോഡിന്റെ വശവും ഉൾപ്പെടെ ക്രമേണ ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. 18-ാം വാർഡിൽ നിന്ന് ഇളകൊള്ളൂർ പാലം ഭാഗത്തേക്കുള്ള റോഡാണ് ഇടിയുന്നത്. ഈ റോഡിനപ്പുറമാണ് വീടുകളുള്ളത്. മഴക്കാലത്ത് ഏറെ ഭീതിയിലാണ് വീട്ടുകാർ കഴിയുന്നത്. വെള്ളപ്പൊക്കക്കാലത്ത് ആറ്റിൽ നിന്ന് വെള്ളം കയറുന്ന പ്രദേശങ്ങളുമാണിവിടം.വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന മണൽവാരലിന്റെ പരിണത ഫലമായാണ് തീരമിടിച്ചിൽ വ്യാപകമായതെന്ന് നാട്ടുകാർ പറയുന്നു.
നദിയുടെ ആഴം കൂടുന്നതനുസരിച്ച് വശങ്ങൾ ഇടിഞ്ഞു വീഴുകയാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിച്ചിരുന്ന ചീക്കമുറിക്കടവ് ഇപ്പോൾ ഉപയോഗരഹിതമായിട്ട് വർഷങ്ങളായി. മുൻപ് പഞ്ചായത്തിൽ നിന്ന് കുളിക്കടവ് കെട്ടി സംരക്ഷിച്ചെങ്കിലും ഈ ഭാഗത്ത് ഇറങ്ങാൻ കഴിയാത്ത വിധം താഴ്ചയുണ്ടായതോടെ ആളുകൾ കടവ് ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്തുള്ള മുളമൂട്ടുമൺ കടവിലെ കടത്തും ഇല്ലാതായി.മുൻപ് കൃഷിക്കാവശ്യമായ വെള്ളത്തിനായി പ്രദേശവാസികൾ ചെറിയ കനാൽ ഉപയോഗിച്ചിരുന്നു. ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ചിരുന്ന കനാലുകൾ പിന്നീട് ഉപയോഗിക്കാതെയായി. ഇതിന്റെ ശേഷിപ്പുകൾ മാത്രമാണ് വാർഡിലുള്ളത്.
ചിറ്റൂർകടവ് പാലം
അച്ചൻകോവിലാറിനക്കരെ അട്ടച്ചാക്കൽ വാർഡിനെ ചിറ്റൂർമുക്ക് വാർഡുമായി ബന്ധിപ്പിക്കുന്ന മിനി പാലം നിർമാണം മുടങ്ങിയതാണ് വാർഡിനു ലഭിക്കേണ്ട വികസനത്തിനു തടസ്സം നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അച്ചൻകോവിലാറ്റിലെ ചിറ്റൂർകടവ് പാലം നിർമാണം മുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞു. 2016ഫെബ്രുവരി 26നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. റവന്യുവകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50കോടി രൂപ ചെലവിൽ നിർമിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്. ആറിന്റെ ഇരുവശങ്ങളിലുമായുള്ള പ്രധാന മൂന്ന് തൂണുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. തുടർ പ്രവർത്തനങ്ങൾക്കായി 1 കോടി രൂപ അനുവദിച്ചെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.പാലം യാഥാർഥ്യമായിരുന്നെങ്കിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽനിന്ന് കോന്നി ടൗണിലെത്താതെ അട്ടച്ചാക്കൽ, ചെങ്ങറ, കുമ്പളാംപൊയ്ക, പയ്യനാമൺ, തണ്ണിത്തോട്, കോന്നി മെഡിക്കൽ കോളജ്, കുമ്മണ്ണൂർ മേഖലകളിലേക്കൊക്കെ പോകുന്നവർക്ക് കുമ്പഴ - വെട്ടൂർ - അട്ടച്ചാക്കൽ റോഡിലേക്ക് എത്തിച്ചേരാൻ കഴിയുമായിരുന്നു. പരിസരത്തെ യാത്രക്കാർക്കും വാർഡിലെ ആളുകൾക്കും പ്രയോജനം ചെയ്യുന്നതോടൊപ്പം അത്യാവശ്യം കോന്നി ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാൻ കഴിയുന്ന പാലമായിരുന്നു ഇത്.