5 ലക്ഷം രൂപ മുടക്കി ശുചിമുറി നിർമാണം; പക്ഷേ അകത്തു കയറണമെങ്കിൽ നുഴഞ്ഞ് കയറണം

Mail This Article
തിരുവല്ല ∙ അകത്തു കയറാനാവാത്ത നിലയിലുള്ള നഗരസഭയിലെ ശുചിമുറി നിർമാണം വിവാദമാകുന്നു. 5 ലക്ഷം രൂപ മുടക്കി നഗരസഭാ ഓഫിസിനു പിറകിൽ നിർമിക്കുന്ന സ്ത്രീകളുടെ ശുചിമുറിയിലേക്കു കയറണമെങ്കിൽ ഭിത്തിക്കും സൈറൺ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു ടവറിനും ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി കയറണം. എന്നാലും അൽപം വണ്ണമുള്ളവർക്ക് കയറാൻ പറ്റില്ല.
നഗരസഭയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേകം ശുചിമുറിയില്ല. ഇതിനു പരിഹാരമായാണ് ഓഫിസിന്റെ പിറകിൽ നിർമാണം തുടങ്ങിയത്. ഓഫിസ് സൈറൺ സ്ഥാപിച്ചിരിക്കുന്ന ടവറിന്റെ പിറകിലാണ് സ്ത്രീകൾക്കുള്ളത് പണിയാൻ തുടങ്ങിയത്. ഇതിനോടു ചേർന്ന് മറ്റൊരു മുറികൂടി പണിതു.
ഇതോടെയാണ് മുൻവശത്തു പണിത കെട്ടിടത്തിന്റെ ഭിത്തിയും ടവറും തമ്മിലുള്ള അകലം ഇല്ലാതായത്. ഇനി അകത്തു കയറണമെങ്കിൽ ടവറിന്റെയും ഭിത്തിയുടെയും ഇടയിലൂടെ ഞെരുങ്ങി കയറണം. അല്ലെങ്കിൽ ടവറിന്റെ ഇടയിലൂടെ നുഴഞ്ഞ് കയറണം. ഇതു രണ്ടിനും കഴിഞ്ഞില്ലെങ്കിൽ ശങ്ക അടക്കിവയ്ക്കുക മാത്രമേ വഴിയുള്ളു.