കുറ്റൂർ, ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതകൾ ലക്ഷങ്ങൾ മുടക്കി നിർമാണം, അറ്റകുറ്റപ്പണി; ബാക്കിയാകുന്നതു ദുരിതവും അപകടവും
Mail This Article
തിരുവല്ല ∙ യാത്രക്കാർക്ക് ദുരിതം മാത്രം സമ്മാനിച്ച നിർമാണമാണു കുറ്റൂർ, ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതകളിൽ നടന്നത്. അടിപ്പാതയിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അവസാന പരീക്ഷണമെന്ന നിലയിൽ കഴിഞ്ഞ നവംബറിൽ ലക്ഷങ്ങൾ മുടക്കി 2 അടിപ്പാതകളിലും നിർമാണം നടത്തിയിരുന്നു.ഇതിനായി റോഡ് ഒരു മാസത്തേക്ക് അടച്ചിടുകയും ചെയ്തു. റോഡിലൂടെ ഒഴുകിവരുന്ന വെള്ളം അടിപ്പാതയിലേക്കു കടക്കാതിരിക്കാനായി റോഡിന്റെ ഇരുവശത്തുമായി ഓട നിർമിക്കുകയും അതിനു മുകളിലായി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. റോഡിൽ ഗതാഗതം കൂടിയതോടെ രണ്ടിടത്തെതയും ഓടകൾക്കു മുകളിൽ സ്ഥാപിച്ച പൈപ്പുകൾ തകർന്നു തുടങ്ങി.
ഇരുവള്ളിപ്രയിലെ അടിപാതയിലെ ഓടയുടെ പൈപ്പുകൾ ഒടിഞ്ഞു മാറി. പൈപ്പുകൾ തകർന്നതോടെ ഇരുചക്ര വാഹന യാത്രക്കാർ വീണു പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായി. കുറ്റൂർ അടിപ്പാതയിലെ പൈപ്പുകൾ ഭാരമേറിയ വണ്ടികൾ കയറിയതുമൂലം വളഞ്ഞ് ഒടിയാറായ അവസ്ഥയിലാണ്.ഇവിടെയും വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.നിർമാണ വേളയിൽ തന്നെ ഇവിടുത്തെ നാട്ടുകാർ എൻജിനീയറോടും കരാറുകാരനോടും കനമുള്ള പൈപ്പുകൾ സ്ഥാപിക്കണമെന്നു പറഞ്ഞിരുന്നതാണ്.എന്നാൽ അതു മുഖവിലയ്ക്ക് എടുക്കാതെയുള്ള നിർമാണമാണ് ഇവിടെ നടന്നതെന്ന് ആക്ഷേപമുണ്ട്.
നിലവിലെ പൈപ്പുകൾ മാറ്റി അടിയന്തിരമായി കട്ടികൂടിയ പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി മോട്ടർ സ്ഥാപിക്കുന്ന നടപടിയും എങ്ങും എത്തിയിട്ടില്ല.തിരുവല്ല ഔട്ടർ ബൈപാസായി ഉപയോഗിക്കുന്ന മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ പാതയിലാണ് കുറ്റൂർ അടിപ്പാത. എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലാണ് ഇരുവള്ളിപ്ര അടിപ്പാത.