ചൂടാക്കിക്കൊണ്ടുവന്ന ടാറിങ് മിശ്രിതം മഴയത്ത് റോഡിലിട്ട് ഉറപ്പിച്ചു; ശബരിമല പാതയുടെ ടാറിങ് മഴയിൽ

Mail This Article
റാന്നി ∙ മഴയിൽ ശബരിമല പാതയുടെ ടാറിങ്. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിൽ കുമ്പളാംപൊയ്ക സിഎസ്ഐ സമുച്ചയത്തിനു മുന്നിലാണ് മഴയിൽ ബിഎം ടാറിങ് നടത്തിയത്. ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തിട്ടുള്ള പാതയാണിത്. ഇതിന്റെ നവീകരണത്തിനു 47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ബിഎം ബിസി ടാറിങ്ങും അനുബന്ധ പണികളും നടത്തുകയാണ് പദ്ധതി. ഇടക്കാലത്ത് പുതുക്കട നിന്ന് ബിഎം ടാറിങ് ആരംഭിച്ചിരുന്നു. രാജാംമ്പാറ വനം ചെക്ക് പോസ്റ്റിനു സമീപമെത്തിയപ്പോൾ നിർത്തിയതാണ്. മാസങ്ങൾ കഴിഞ്ഞാണ് പുനരാരംഭിച്ചത്. മണ്ണാരക്കുളഞ്ഞിയിൽ നിന്നാണ് പണി വീണ്ടും തുടങ്ങിയത്.
പ്രത്യേക അനുപാതത്തിൽ ചൂടാക്കിയ ടാറിങ് മിശ്രിതം റോഡിൽ നിരത്തി അത്യാധുനിക യന്ത്രം ഉപയോഗിച്ചു ഉറപ്പിക്കുകയാണ്. ഇത്തരത്തിൽ ചൂടാക്കിക്കൊണ്ടുവന്ന ടാറിങ് മിശ്രിതമാണ് മഴയത്ത് റോഡിലിട്ട് ഉറപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണിതു നടന്നത്. ഇതു വേഗം പൊളിയാനിടയുണ്ട്.
പ്ലാപ്പള്ളിക്കും ചാലക്കയത്തിനും മധ്യേ മുൻപ് ഇത്തരത്തിൽ നടത്തിയ ടാറിങ് പൊളിഞ്ഞിരുന്നു. പിന്നീട് അതിനു മുകളിൽ വേറെ മിശ്രിതമിട്ട് ഉറപ്പിക്കുകയായിരുന്നു. ഇതേ ദുരവസ്ഥ ഇവിടെയും ഉണ്ടാകുമെന്നാണ് ആശങ്ക. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പണി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local