ക്ലാസിലിരുന്നു പഠിച്ചാൽ തലയിൽ തേങ്ങ വീഴുമോ!!

Mail This Article
ഇടവ∙ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഒരു സ്കൂളിനെ പുനരുജ്ജീവിപ്പിക്കാനുള്ള അധ്യാപകരുടെ പരിശ്രമം വിജയം കൈവരിക്കുന്നതിനിടെ സമീപത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങുകളിൽ നിന്നു തേങ്ങയും മടലും സ്കൂൾ മേൽക്കൂരയിൽ വീണ് നാശനഷ്ടം ഉണ്ടാക്കുന്നുവെന്നു പരാതി. മാന്തറ എംവിഎൽപി സ്കൂളിലെ(എയ്ഡഡ്) അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നതിനു ഇടയിലും സമീപത്തെ ഏതാനും തെങ്ങുകളിൽ ജാഗ്രതയോടെ കണ്ണും നട്ടിരിക്കുന്നത്. അടുത്തകാലത്ത് സ്കൂൾ പ്രധാനാധ്യാപകന്റെ തലയിൽ തേങ്ങ വീഴാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തേങ്ങ വീണു ഓടുകൾ പൊട്ടിച്ചിതറി കുട്ടികൾക്കും പരുക്കേൽക്കുന്ന സ്ഥിതിയാണ്. സ്കൂൾ കെട്ടിടത്തിൽ നിന്നു കഷ്ടിച്ചു ഏതാനും മീറ്റർ മാറിയാണ് സ്വകാര്യ പുരയിടം. സ്കൂൾ മേൽക്കൂരയുടെ മൂന്നു ഭാഗത്തായി പലപ്പോഴായി പൊട്ടിയ ഓട് മാറ്റാൻ മാത്രമാണ് ഇപ്പോൾ സമയമെന്നു അധ്യാപകർ പറയുന്നു. തേങ്ങ വീണു മേൽക്കൂര തകർന്നതിനെ തുടർന്നു ഇത്തവണ അധ്യയന വർഷത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനും തടസ്സം നേരിട്ടു. നഴ്സറി ഉൾപ്പെടെ അൻപതോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന തെങ്ങുകളിൽ നിന്നു സംരക്ഷണം നൽകണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്ത് ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയിരുന്നു.