ADVERTISEMENT

നെടുമങ്ങാട് ∙ നഗരമധ്യത്തിൽ, കച്ചേരി ജംക്‌ഷനിൽ ആകെ തണൽ ഏകി നിൽക്കുന്ന മുത്തശ്ശി ആൽമരത്തിന്റെ വൻ ശിഖരങ്ങൾ നവകേരള സദസ്സിന്റെ മറവിൽ ഇന്നലെ രാവിലെ മുറിച്ച് മാറ്റിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. പ്രതിഷേധക്കാർ എത്തിയതോടെയാണ് കൂടുതൽ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നത് നിർത്തിയത്. പ്രതിഷേധം രേഖപ്പെടുത്തി ആൽമരത്തിന്റെ മുന്നിലെ പ്രധാന വീഥിയിൽ കുത്തിയിരുന്ന കോൺഗ്രസ് പ്രവർത്തകരെയും, ബിജെപി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുക ആയിരുന്നു. 

തഹസിൽദാർ എത്തി നൽകിയ ഉറപ്പിനെ തുടർന്ന് ആയിരുന്നു അറസ്റ്റിനെ ചെറുത്തു നിന്ന പ്രതിഷേധക്കാർ അറസ്റ്റിന് വഴങ്ങിയത്. നിത്യേന ആയിരങ്ങൾക്ക് മനസ്സിന് കുളിർമയേകി, തണലായി, ആശ്വാസമായി നിലകൊണ്ട ആൽമരത്തിന്റെ ശിഖരങ്ങൾ, പുലർച്ചെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. നെടുമങ്ങാട്ട് നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎൽഎമാരും പങ്കെടുക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കടന്നു പോകാൻ വേണ്ടിയാണ് ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത് എന്നാണ് അധികൃതരുടെ വിശദീകരണം. 

എന്നാൽ ആൽമരത്തിന്റെ ചുവട്ടിലൂടെ കെ.എസ് ആർടിസി ബസ്, ഐഎസ്ആർഒയുടെ വാഹനങ്ങൾ നാഷനൽ പെർമിറ്റ് ഉള്ള വലിയ വാഹനങ്ങൾ എന്നിവ അടക്കം കടന്നു പോകുന്നതിന് യാതൊരു തടസ്സവും ഇല്ലാതെ ഇരിക്കെയാണ് നവകേരള സദസ്സിന്റെ മറവിൽ ആൽമരത്തിന്റെ വൻ ശിഖരങ്ങൾ മുറിച്ച് മാറ്റിയത്. താലൂക്ക് ഓഫിസിന് മുന്നിലെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന നവകേരള സദസ്സിന്റെ ആർച്ചും, അതിന് മുന്നിലെ മുഖ്യമന്ത്രിയുടെ പൂർണകായ ഫ്ലക്സും ദൂരെ നിന്നും വരുന്നവർക്ക് കാണാൻ കഴിയുന്നില്ലെന്ന ധാരണയിലാണ് ആൽമരത്തിന്റെ വൻ ശിഖരങ്ങൾ മുറിച്ച് മാറ്റിയിരിക്കുന്നത് എന്നാണ് ഉയർന്ന് വന്നിരിക്കുന്ന ആരോപണം.

കാൽനടയാത്രക്കാർക്കും മറ്റ് വഴിയാത്രക്കാർക്കും താലൂക്ക് ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കും കൊടുംചൂടിൽ നിന്നും അൽപം വിശ്രമിക്കാനുമുള്ള ഏക സ്ഥലമാണ് ഈ ആലിൻ ചുവട്. നെടുമങ്ങാട് താലൂക്ക് ആസ്ഥാനത്ത് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ആൽമരം മുറിച്ചു മാറ്റാൻ നടത്തിയ ഹീനമായ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനാട് ജയൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽച്ചുവട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എൻ.ബാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആൽച്ചുവട്ടിൽ പ്രതിഷേധ സമരം അരങ്ങേറിയത്. ഇരു വിഭാഗങ്ങളിലെയും മുഴുവൻ പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും ഇതിന് എതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു, വൈസ് പ്രസിഡന്റുമാരായ സുനിലാൽ, മഞ്ച ബൈജു, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. ഇന്നലെ വൈകിട്ട് ആലിൻചുവട്ടിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഇടിഞ്ഞിലുകൾ കത്തിച്ചും പ്രതിഷേധം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com