ഖുർആൻ പഠനം ബഹുസ്വരതയെ ശക്തിപ്പെടുത്തും: പ്രൊഫ. ഡോ.പി. നസീർ

Mail This Article
തിരുവനന്തപുരം∙ വൈവിധ്യമാർന്ന വൈജ്ഞാനിക അധ്യാപനങ്ങളുടെ ഉറവിടമായ വിശുദ്ധ ഖുർആൻ കൂടുതൽ പഠിക്കുന്നത് കാലിക സാമൂഹിക സാഹചര്യങ്ങളിൽ നമുക്കിടയിലെ ബഹുസ്വരതയെ കൂടുതൽ ശക്തിപ്പെടുത്താനും ഇതര സമുദായങ്ങളുമായുള്ള സൗഹൃദം കൂടുതൽ ഇഴ ചേർക്കുന്നതിന് സഹായിക്കുമെന്നും മന്നാനിയാ കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് പ്രിൻസിപ്പലും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ.പി. നസീർ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ഓൺലൈൻ ഖുർആൻ പഠന വേദിയായ അൽ ഇഖ്റയുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന വനിതാ പ്രതിനിധികളുടെ സംഗമം വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ 200 ലധികം പ്രതിനിധികൾ പങ്കെടുത്തു. ഗ്രൂപ്പ് ലീഡറന്മാർക്കും മികച്ച പഠിതാക്കൾക്കും സമ്മാനം നൽകി.
ഖുർആൻ അധ്യാപനങ്ങൾ സ്നേഹവും സാഹോദര്യവും സാമൂഹ്യനീതിയും പ്രദാനം ചെയ്യുന്നു. അത് കൊണ്ട് തന്നെ വിശുദ്ധ ഖുർആനെ കേവലം ഒരു വേദഗ്രന്ഥമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഖ്റഅ ഗ്രൂപ്പ് അഡ്മിൻ ജുമൈല ബീവി. എ അധ്യക്ഷത വഹിച്ചു. ഡോ. എ. സോഫിയ, സജിനാ സത്താർ, റെസീന തുടങ്ങിയവർ സംസാരിച്ചു.