കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്: ‘വെർച്വൽ അറസ്റ്റി’ലായ ആളെ ‘ചോദ്യം ചെയ്തത്’ 17 മണിക്കൂർ !
Mail This Article
തിരുവനന്തപുരം ∙ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഓൺലൈൻ വഴി 2.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ, ഇരയായ ആൾ തട്ടിപ്പ് സംഘത്തിന്റെ വിഡിയോ കോളിന് മുന്നിൽ ചെലവിട്ടത് 17 മണിക്കൂർ. നിങ്ങളുടെ പേരിൽ വന്ന പാഴ്സലിൽ നിന്ന് ലഹരി വസ്തു കണ്ടെത്തിയെന്നും നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുന്നു ഇനി വിഡിയോ കോളിൽ നിന്നും മാറരുത് എന്നുമായിരുന്നു നിർദേശം. തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച നടന്ന തട്ടിപ്പിന്റെ രീതിയെക്കുറിച്ച് ഡിസിപി പി.നിധിൻരാജാണ് വിവരിച്ചത്.
ഇൗസമയം, മറുവശത്ത് അന്വേഷണ ഉദ്യോഗസ്ഥരായി പലരുമെത്തി ഇരയുമായി വിലപേശൽ നടത്തുകയും ചെയ്തു. പ്രാഥമികാവശ്യങ്ങൾക്കു മാത്രം സമയം നൽകും. അതും മുറിയിലെ ശുചിമുറി തന്നെ ഉപയോഗിക്കണം. മുറി തുറന്ന് പുറത്തിറങ്ങിയാലും കതകിനു മുന്നിൽ ക്യാമറയുടെ പരിധിയിൽ തന്നെ നിൽക്കണം. ഇത്തരത്തിലായിരുന്നു വെർച്വൽ അറസ്റ്റിന്റെ പേരിൽ നിർദേശം. വെർച്വൽ അറസ്റ്റിലായതിനാൽ മാനസിക സമ്മർദമുണ്ടെങ്കിൽ ഡോക്ടറുടെ സഹായവും ഓൺലൈനായി തന്നെ നൽകുമെന്നും തട്ടിപ്പ് സംഘം അറിയിച്ചു.
ഇൗ 17 മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണത്തിന്റെ കണക്കും സംഘടിപ്പിക്കാൻ കഴിയുന്ന തുകയെക്കുറിച്ചു സംഘം ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ലഹരിക്കേസ് കസ്റ്റംസിനെ കൂടാതെ സിബിഐയും അന്വേഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പല ദിവസങ്ങളിലായി 2.5 കോടിയും കൈമാറിയത്.
ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തട്ടിപ്പിന്റെ പുതിയ രീതികൾ പൊലീസ് വിവരിച്ചത്. 6 മാസത്തിനിടെ 35 കോടി രൂപയാണ് നഗരത്തിൽ തട്ടിപ്പിനിരയായി നഷ്ടമായത്. ഇരുന്നൂറോളം കേസുകളും റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കൂടുതൽ സൈബർ തട്ടിപ്പിനിരയായവർ. ഉയർന്ന പലിശ വാഗ്‌ദാനം നൽകി നിക്ഷേപത്തിന്റെയും ഓഹരി വിപണി ഇടപാടുകളും പരിചയപ്പെടുത്തിയാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടക്കുന്നു. വായ്പയും സമ്മാനവും നൽകാമെന്ന് പറഞ്ഞ് സമുഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും ഡിസിപി പറഞ്ഞു.
ലോണിന്റെ പേരിലും
∙ ഏറ്റവും പുതിയ തട്ടിപ്പിനെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നൽകി. നിങ്ങളുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ അനധികൃതമായി വന്നിട്ടുണ്ടെന്നും അത് തിരിച്ച് ഉടൻ കൈമാറിയാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്നുമായിരുന്നു നഗരത്തിൽ ഒരു വീട്ടമ്മയ്ക്കു വന്ന കോൾ. തനിക്ക് അങ്ങനെ പണം വന്നിട്ടില്ലന്ന് പറഞ്ഞെങ്കിലും അക്കൗണ്ട് പരിശോധിച്ചപ്പോൾ 10 ലക്ഷം രൂപ വന്നിട്ടുണ്ടെന്നു കണ്ടെത്തി. ഉടൻ വിളിച്ചയാൾ പറഞ്ഞ അക്കൗണ്ടിലേക്ക് തിരിച്ചയച്ചു. പിന്നീടാണ് തട്ടിപ്പ് പുറത്തുവരുന്നത്. വീട്ടമ്മയുടെ ഇമെയിൽ ഹാക്ക് ചെയ്തു ബാങ്കിൽ പഴ്സനൽ ലോണിന് അപേക്ഷിച്ചു. നല്ല കസ്റ്റമറായതിനാൽ ബാങ്ക് 10 ലക്ഷം വായ്പ അനുവദിച്ചു. ആ പണമാണ് അക്കൗണ്ടിലെത്തിയത്. ഇതിന്റെ മെസേജ് ഇമെയിലിൽ ലഭിച്ചിരുന്നു. ഇൗ പണമാണ് തട്ടിപ്പ് സംഘത്തിന് വീട്ടമ്മ കൈമാറി നൽകിയത്. ഇപ്പോൾ എല്ലാമാസവും പണം തിരിച്ചടയ്ക്കുകയാണു വീട്ടമ്മ.