വേനലിൽ ആശ്വാസം: ഭാരതപ്പുഴ തടയണ വീണ്ടും നിറഞ്ഞു

Mail This Article
ചെറുതുരുത്തി∙ വേനലറുതിയിൽ ആശ്വാസമായി ഭാരതപ്പുഴയിലെ തടയണ നിറഞ്ഞു. അറ്റകുറ്റപ്പണിക്കായി വെള്ളം തുറന്നു വിട്ട ആശങ്കയ്ക്കിടയിലാണു തുറന്നുവിട്ട വെള്ളം തടയണ നിറഞ്ഞത്.വഴിയിലെ പലതടയണകളും തകർന്നു കിടന്നതു ഇതിനു സഹായകമായി. ചെറുതുരുത്തി തടയണ മണ്ണൊലിച്ചു ചോർന്നുകൊണ്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ വെള്ളം തുറന്നുവിടുക കൂടി ചെയ്തതോടെ പ്രശ്നം രൂക്ഷമാകുമെന്നായിരുന്നു പേടി.
ഒന്നര ആഴ്ചയോളം നീണ്ടു നിന്ന അറ്റകുറ്റപ്പണികൾക്കു ശേഷം ഷട്ടറുകൾ തിങ്കളാഴ്ച വൈകിട്ട് അടച്ചു. ഈ മാസം 7 നാണു തടയണയുടെ ചെറുതുരുത്തി ഭാഗത്തെ സംരക്ഷണ ഭിത്തിയുടെഅടിയിലെ മണ്ണൊലിച്ചുപോയ വിടവിലൂടെ വെള്ളം ഒഴുകി പോകാൻ തുടങ്ങിയത്. ചോർച്ച തടയാൻ കോൺക്രീറ്റിങ് നടത്താനായി ജല നിരപ്പ് താഴ്ത്താനായി അധികൃതർ തടയണയിലെ 9 ഷട്ടറുകൾ തുറന്നു വിട്ടിരുന്നു.
ഷട്ടറുകൾ അടച്ചു ഒരു ദിവസം കൊണ്ടുതന്നെ അധികൃതരെപ്പോലും അമ്പരപ്പിച്ചു തടയണ നിറഞ്ഞൊഴുകി. വൻ തോതിൽ അടിഞ്ഞുകൂടിയ മണൽ ഉള്ളതുകൊണ്ടുകൂടിയാണു തടയണ പെട്ടെന്നു നിറഞ്ഞത്. രണ്ടു മാസത്തിലേറെയായി കൃഷി ആവശ്യങ്ങൾക്കായി മലമ്പുഴ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. നിലവിൽ കൃഷി ഇറക്കാത്തതിനാൽ കൃഷിഭൂമിയിലേക്കുള്ള ബണ്ടുകൾ അടച്ചു. ഇതോടെ ജലം പുഴയിലേക്കെത്തിയതാണ് ഇപ്പോൾ പുഴയുടെ നീരൊഴുക്കിനും തടയണ നിറയാനും കാരണമെന്നു കർഷകർ പറയുന്നു.