കൈക്കുഞ്ഞുങ്ങളുമായി സഞ്ചാരികൾ കാട്ടാനയുടെ അടുത്തേക്ക്; സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

Mail This Article
അതിരപ്പിള്ളി∙ ഏഴാറ്റുമുഖം ടൂറിസം റോഡിൽ എണ്ണപ്പനത്തോട്ടത്തിലിറങ്ങുന്ന കാട്ടാനകളെ കാണാൻ സഞ്ചാരികളെത്തുന്നു. അതിനനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയരുന്നു. കൈക്കുഞ്ഞുങ്ങളെ എടുത്ത് ആനയുടെ അടുത്തുപോകുന്നവർ പോലുമുണ്ട്. വൈകിട്ട് 5 മണിയോടെ പ്ലാന്റേഷൻ തോട്ടം വിവിധ മൃഗങ്ങളുടെ മേച്ചിൽപറമ്പാണ്. പ്ലാന്റേഷൻ ചെക്ക് പോസ്റ്റ് മുതൽ വെറ്റിലപ്പാറ പാലം വരെയാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലായുള്ളത്.
തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. ആനകളെ കണ്ടതോടെ പ്ലാന്റേഷൻ ഇതുവഴിയുള്ള രാത്രി യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വന്യമഗ സാന്നിധ്യത്തെ കുറിച്ച് സൂചന നൽകുന്നതിന് വേണ്ടത്ര ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനടുത്ത് ക്യാമറ സ്ഥാപിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
ഏഴാറ്റുമുഖം വനത്തിൽ നിന്നാണ് ആനകൾ തുമ്പൂർമുഴി മേഖലയിലേക്ക് പുഴകടന്ന് എത്തുന്നത്. തുമ്പൂർമുഴിയിൽ റോഡരികിൽ ആനയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ക്യാമറ വനം വകുപ്പിന് മുന്നറിയിപ്പ് നൽകും. ഇതോടെ വനപാലകർ എത്തി വാഹനങ്ങൾ നിയന്ത്രിച്ച് കാട്ടാനകൾക്ക് റോഡ് മുറിച്ചുകടക്കാൻ സാഹചര്യം ഒരുക്കുകയാണ് പതിവ്.