നല്ല ചിന്തകൾ, മണിമണി പോലെ..

Mail This Article
9 വർഷത്തിനിടെ 1800 ക്ലാസുകൾ; ലഹരിവിരുദ്ധ ബോധവൽക്കരണം ഒരു ‘ചാലഞ്ച്’ ആയി ഏറ്റെടുത്ത് തുടരുകയാണ് ജനമൈത്രി ബീറ്റ് ഓഫിസറായ ഇ.എസ്. മണി..
ഇരിങ്ങാലക്കുട ∙ നല്ലതു പറഞ്ഞുതരാൻ അധികം ആളില്ലാത്ത കാലത്ത് നല്ലകാര്യങ്ങൾ മാത്രം പറയുന്നതു ശീലമാക്കിയയാളാണ് ഇ.എസ്. മണി. കാട്ടൂർ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസറായ മണി കഴിഞ്ഞ 9 വർഷത്തിനുള്ളിൽ നയിച്ചത് 1800 ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ. വിദ്യാർഥികളടക്കം 5 ലക്ഷത്തോളം പേർ മണിയുടെ ക്ലാസുകളിൽ ശ്രോതാക്കളായി. ലഹരിയുടെ പിടിയിൽ നിന്നു സമൂഹത്തെ മോചിപ്പിക്കാൻ തന്നെക്കൊണ്ടാവുന്നതു ചെയ്യുകയെന്ന ദൗത്യമാണു മണി ഏറ്റെടുത്തിരിക്കുന്നത്.
സ്കൂളുകൾ കേന്ദ്രീകരിച്ചാണു ബോധവൽക്കരണമെങ്കിലും റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കു വേണ്ടിയും ക്ലാസുകളെടുക്കാറുണ്ട്. വിവിധ ജില്ലകളിൽ സഞ്ചരിച്ചു ക്ലാസുകളെടുക്കാൻ മടിയില്ല. വിദേശത്തും ക്ലാസുകൾ നയിച്ചു. ഇരിങ്ങാലക്കുട കോടതിയിൽ അഭിഭാഷകനായി 5 വർഷം പ്രവർത്തിച്ച മണി, ജില്ലാ പൊലീസ് മേധാവിയുടെ ജനസമ്പർക്ക പരിപാടിയിലും ക്ലാസുകളെടുത്തു. റൂറൽ പൊലീസ് തീരദേശ മേഖലയിൽ ഒരാഴ്ചയോളം സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചാരണത്തിലും മണിയുടെ ക്ലാസുകളുണ്ടായി.