പൂവിളികൾക്ക് കതോർത്ത്....പൂവട്ടി ഇരുത്തം വന്ന കൈപ്പുണ്യം
Mail This Article
പാവറട്ടി ∙ അത്തമെത്തിയതോടെ പൂവിളികൾക്ക് കതോർത്ത് വള്ളിയുടെ പൂവട്ടികളും തയാറായി. മുല്ലശേരി മതുക്കര ഗ്രാമത്തിൽ 74 പിന്നിട്ട കരിച്ചായി വള്ളിയാണ് കുട്ടികൾക്ക് നാടൻ പൂക്കൾ പറിക്കാൻ പൂവട്ടികൾ ഒരുക്കുന്നത്. കൈതോലയിലാണ് പൂവട്ടികളുടെ നിർമാണം. ആവശ്യമനുസരിച്ച് പല വലുപ്പത്തിൽ ഉണ്ടാക്കും. ഉറിയുടെ മാതൃകയിൽ ഞാത്തി പിടിക്കാൻ വള്ളിയോടുകൂടിയുള്ളതാണ് പൂവട്ടികൾ. അത്തം മുതൽ ഓണം വരെയാണ് ഇതിന് ആവശ്യക്കാരെത്തും.
നിർമാണം അത്ര നിസ്സാരമല്ല. വേനൽ കാലത്ത് കൈതോല പുഴയിലിറങ്ങി വെട്ടണം. പിന്നീട് മുള്ളുകളഞ്ഞ് ചീന്തി ഉണക്കി വട്ടത്തിൽ ചുറ്റി സൂക്ഷിച്ച് വയ്ക്കണം. മഴക്കാലത്ത് തണുപ്പുള്ള അന്തരീക്ഷത്തിലേ ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയൂ. വേനൽ കാലത്ത് നിർമിച്ചാൽ ഓല പൊട്ടിപ്പോകും. കോൾപ്പാടങ്ങൾ ചുറ്റുമുള്ള ഗ്രാമമായതിനാൽ പണ്ട് പാടവരമ്പിന് ചുറ്റും നിറയെ കൈതയുണ്ടായിരുന്നു.വള്ളിയുൾപ്പെടെ മതുക്കര ഗ്രാമത്തിലെ ഒട്ടേറെ പേരുടെ ഉപജീവന മാർഗമായിരുന്നു കൈതോല കൊണ്ടുള്ള ഉൽപന്നങ്ങൾ.
കൈതോല പായ, നെല്ല് ഉണക്കുന്നതിനുള്ള ചിക്കപ്പായ, ഇരിക്കാൻ പാകത്തിനുള്ള തടുക്ക് എന്നിവയായിരുന്നു പ്രധാന ഉൽപന്നങ്ങൾ. എന്നാൽ കൈതോല ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും കാര്യമായ വരുമാനം ഇല്ലാത്തതും മൂലം ഭൂരിഭാഗം പേരും ഇൗ കൈത്തൊഴിൽ ഉപേക്ഷിച്ചു. കാലം പുരോഗമിച്ചതോടെ കൈതോല പായയുടെ ഉപയോഗവും കുറഞ്ഞു. മതുക്കരയിൽ വള്ളി മാത്രമാണ് ഇപ്പോൾ കൈതോല കൊണ്ട് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്. പണ്ടു കാലത്ത് ഉണ്ടായിരുന്ന മാട്ട വരമ്പിന് പകരം പാടശേഖരങ്ങളിൽ ഇപ്പോൾ വീതി കൂടിയ ബണ്ട് റോഡുകൾ ആയതോടെ കൈതയും ഇല്ലാതായി.
പുഴയിലെ തുരുത്തുകളിലാണ് ഇപ്പോൾ കൈതയുള്ളത്. പുഴയിലിറങ്ങി കൈതോല ശേഖരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. എങ്കിലും ഇൗ കൈത്തൊഴിൽ പാടെ ഉപേക്ഷിക്കാൻ വള്ളിക്ക് മനസ് വരുന്നില്ല. അതിനാൽ ക്ലേശങ്ങൾ സഹിച്ചും മക്കളുടെ സഹായത്തോടെ പുഴയിലിറങ്ങിയാണ് കൈതോല ശേഖരിക്കുന്നത്. വരുമാനം വിഷയമല്ല. കുട്ടികളുടെ സംതൃപ്തിയാണ് വള്ളിയുടെ സന്തോഷം.