പൂവിട്ടില്ല, കൃഷിവകുപ്പ് വിതരണം ചെയ്ത തൈകൾ ചതിച്ചു; 2 ലക്ഷം ചെലവിട്ടു നടത്തിയ പൂക്കൃഷി പരാജയം
Mail This Article
പെരുമ്പിലാവ് ∙ കൃഷിവകുപ്പു വിതരണം ചെയ്ത തൈകൾ ചതിച്ചതോടെ 2 ലക്ഷം രൂപ ചെലവിട്ടു കടവല്ലൂർ പഞ്ചായത്തിൽ നടത്തിയ പൂക്കൃഷി അമ്പേ പരാജയപ്പെട്ടു.കൃഷിഭവൻ നൽകിയ ചെണ്ടുമല്ലിത്തൈകൾ ഉപയോഗിച്ചു കുടുംബശ്രീയും പ്രാദേശിക കർഷകരും കൃഷി നടത്തിയിരുന്നു. 20,000 തൈകളാണു വിതരണം ചെയ്ത്. ഓണം അടുക്കാറായിട്ടും പല സ്ഥലങ്ങളിലും മൊട്ടിട്ടു പോലുമില്ല. വിരിഞ്ഞ പൂക്കളാകട്ടെ തീരെ ചെറുതും. 10 കുടുംബശ്രീ യൂണിറ്റുകൾ രണ്ടര ഏക്കറിലാണു കൃഷിയിറക്കിയത്. അത്തത്തിനു മുൻപു വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തുക പതിവുള്ളതാണ്. പാകവും വലുപ്പവുമുള്ള പൂക്കൾ കുറഞ്ഞതോടെ ഉദ്ഘാടനം നീട്ടിവച്ചു. ഓണത്തിനു മുൻപു 10 ശതമാനം സ്ഥലത്തു പോലും വിളവെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കുടുംബശ്രീ പ്രവർത്തകരുടെ പ്രയത്നം വിഫലമായി.
പ്രാദേശിക കർഷകർക്കും വൻ നഷ്ടമാണ് സംഭവിച്ചത്. പഞ്ചായത്ത് സബ്സിഡി നൽകുന്നതു കൊണ്ടാണു പലരും പൂക്കൃഷിക്ക് ഇറങ്ങിയത്. നല്ല വളപ്രയോഗവും മികച്ച രീതിയിലുള്ള പരിചരണവും നടത്തിയിരുന്നു. എന്നാൽ വിളവെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 15,000 രൂപ വരെ നഷ്ടപ്പെട്ട കർഷകരുണ്ട്.കൃഷിഭവൻ നൽകിയ തൈകളുടെ പോരായ്മയാണ് പ്രശ്നമെന്നു കർഷകർ പറയുന്നു. 4 രൂപയ്ക്കാണു കൃഷിഭവൻ ഹൈബ്രിഡ് ചെണ്ടുമല്ലിത്തൈകൾ വിതരണം ചെയ്തത്. അതിൽ 1 രൂപ ഗുണഭോക്തൃ വിഹിതമായി കർഷകരിൽ നിന്നും വാങ്ങി. ബാക്കി പഞ്ചായത്ത് നൽകി. യാതൊരു ഗുണനിലവാര പരിശോധനയും നടത്താതെയാണു തൈകൾ വാങ്ങിയതെന്നു കർഷകർ പറയുന്നു. ഹൈബ്രിഡ് എന്നു പറഞ്ഞു നൽകിയതു നാടൻ തൈകളാണ് എന്നാണ് ആരോപണം. ഹൈബ്രിഡ് ചെടികളിൽ ഉണ്ടാകുന്ന തരത്തിലുള്ള വലിയ പൂക്കൾ മിക്ക തോട്ടങ്ങളിലും ഇല്ല.