പ്രൗഢി വീണ്ടെടുത്ത് ശക്തൻ തമ്പുരാൻ
Mail This Article
തൃശൂർ ∙ കെഎസ്ആർടിസി ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ ഇന്നു ശക്തൻ സ്ക്വയറിൽ ശിൽപി കുന്നുവിള മുരളിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കും. തിരുവനന്തപുരത്തെ അറ്റകുറ്റപ്പണികൾക്കും മിനുക്കു പണികൾക്കും ശേഷം പ്രതിമ ഇന്നലെ രാത്രി വൈകി തൃശൂരിലെത്തിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയും ശിൽപിയുമായ കുന്നുവിള മുരളിതന്നെയാണു പ്രതിമ നവീകരിച്ചത്.
പ്രതിമ ആദ്യം നിർമിച്ചതും ഇദ്ദേഹമാണ്. 10 അടി ഉയരമുള്ള നവീകരിച്ച പ്രതിമയ്ക്കു 5 ടണ്ണോളം ഭാരമുണ്ട്. കച്ച മുറുക്കി, ഉടവാളുമായി നിൽക്കുന്ന ശക്തൻ തമ്പുരാന്റെ പ്രതിമയുടെ പ്രൗഢി ചോരാതെയായിരുന്നു അറ്റകുറ്റപ്പണികൾ. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകൾ തീർത്തത്. ഈ വർഷം ജൂണിലാണു പ്രതിമ തകർന്നത്.
അപകടത്തിൽ പ്രതിമയുടെ അരയ്ക്കു താഴെയുള്ള ഭാഗം പൂർണമായും തകർന്നിരുന്നു. തുടർന്നു തിരുവനന്തപുരം പാപ്പനംകോട് സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ചാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ശിൽപം ഉറപ്പിച്ചു നിർത്താനുള്ള ശക്തൻ സ്ക്വയറിലെ കോൺക്രീറ്റ് പീഠത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. തൃശൂരിന്റെ സാംസ്കാരിക തനിമയുടെ പ്രതീകമായിരുന്നു നഗര ശിൽപിയായ ശക്തൻ തമ്പുരാന്റെ പ്രതിമ. 2013–ലാണ് ശക്തൻ നഗറിൽ ആദ്യം പ്രതിമ സ്ഥാപിച്ചത്. കെഎസ്ആർടിസി നൽകിയ നഷ്ടപരിഹാരത്തിന് പുറമേ നിയമസഭാ സാമാജികരുടെ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് പ്രതിമ നവീകരിച്ചത്.