ADVERTISEMENT

മാനന്തവാടി ∙ ഇല്ലാ ആശുപത്രിയെന്നു വിളിപ്പേര് വീണ ജില്ലാ ആശുപത്രി ബോർഡിൽ മാത്രം വയനാട് മെഡിക്കൽ കോളജ് ആയി മാറിയെന്നല്ലാതെ മാറ്റമൊന്നും ഉണ്ടായില്ലെന്ന ആക്ഷേപങ്ങൾക്കിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നു മെഡിക്കൽ കോളജ് സന്ദർശിക്കും. മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തുന്ന അവർ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ഒ.ആർ. കേളു എംഎൽഎ വയനാട് മെഡിക്കൽ കോളജ് പ്രശ്നം നിയമസഭയിൽ ഉന്നയിച്ചപ്പോൾ തന്നെ നേരിട്ട് ആശുപത്രി സന്ദർശിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയിരുന്നു.

പലവട്ടം തീരുമാനിച്ച സന്ദർശനങ്ങൾ അടിയന്തര സാഹചര്യങ്ങളാൽ മാറ്റി വയ്ക്കേണ്ടതായും വന്നു. എന്നാൽ ദ്വിദിന സന്ദർശനത്തിൽ മന്ത്രിയുടെ മുഖ്യ പരിഗണന മെഡിക്കൽ കോളജ് തന്നെയാണെന്നു വ്യക്തമാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ 65 ഏക്കർ ആരോഗ്യവകുപ്പിന്റെ കൈവശം ഉള്ളതിനാൽ സ്ഥലം സംബന്ധിച്ച ആശങ്കകൾ അകന്നിട്ടുണ്ട്.

ഇവിടെ സ്ഥാപിക്കുന്ന ആരോഗ്യ ഗവേഷണ കേന്ദ്രത്തിനും മെഡിക്കൽ കോളജ് ഉദ്ഘാടന ദിനം തന്നെ തറക്കല്ലിട്ടിരുന്നു. ഉദ്ഘാടനം കഴിഞ്ഞ മെഡിക്കൽ കോളജും തറക്കല്ലിട്ട ഗവേഷണ കേന്ദ്രവും പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ ചികിത്സാ രംഗത്തെ ജില്ലയുടെ ശോച്യാവസ്ഥക്ക് പരിഹാരമാകും. മന്ത്രിയുടെ കയ്യിൽ മാന്ത്രിക വടിയില്ലെങ്കിലും കൂട്ടായ പരിശ്രമവും ആർജവമുള്ള നേതൃത്വവും ഉണ്ടെങ്കിൽ ഏറെ താമസിയാതെ ഇവ യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

മറികടക്കണം ഇനിയും ഏറെ കടമ്പകൾ 

വയനാട് മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യ സർവകലാശാല നിയോഗിച്ച ഉന്നതതല പരിശോധനാ സംഘം നൽകിയ റിപ്പോർട്ടിൽ നിലവിലുള്ള പരിമിതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2023-24 വർഷമെങ്കിലും മെഡിക്കൽ അഡ്മിഷൻ നൽകാൻ കഴിയണമെങ്കിൽ റിപ്പോർട്ടിൽ സൂചിപ്പിച്ച സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ലബോറട്ടറി, ലക്ചർ ഹാൾ, ഓഫിസിന് ആവശ്യമായ സൗകര്യം, ലൈബ്രറി തുടങ്ങിയവ എല്ലാം ഒരുക്കണം. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും വേണം. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും 2023-24 വർഷത്തിൽ തന്നെ ആദ്യ എംബിബിഎസ് ബാച്ചിന് പ്രവേശനം നൽകാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com