ADVERTISEMENT

ബത്തേരി∙ പാലക്കാട്ടെ പ്രശ്നക്കാരനായ കാട്ടുകൊമ്പന് മുത്തങ്ങയിൽ കൂടൊരുങ്ങുന്നു. പാലക്കാട് ദോണി വനമേഖലയിൽ നിന്ന് നാട്ടിലിറങ്ങി സ്ഥിരം കോലാഹലങ്ങൾ സൃഷ്ടിക്കുന്ന കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതോടെയാണ് മെരുക്കിയെടുക്കുന്നതിനും ചട്ടം പഠിപ്പിക്കുന്നതിനും മുത്തങ്ങ ആന പരിശീലന കേന്ദ്രത്തോടനുബന്ധിച്ചുള്ള ആനപന്തിയിൽ വമ്പൻ കൂടൊരുങ്ങുന്നത്.മാസങ്ങളോളം നീളുന്ന തടവിന് ശേഷം മെരുങ്ങുന്ന കാട്ടാനയെ പിന്നീട് പുറത്തിറക്കി ചട്ടം പഠിപ്പിക്കും.ഭാവിയിൽ പാലക്കാട് കൊമ്പനും മുത്തങ്ങയിലെ മിടുക്കനായ കുങ്കിയായി മാറും.11 ആനകളുള്ള മുത്തങ്ങ പന്തിയിലേക്ക് പന്ത്രണ്ടാമനായാണ് പാലക്കാട് കൊമ്പൻ എത്തുക.

മുത്തങ്ങ പന്തിയിൽ കൂട് നിർമിക്കുന്ന സ്ഥലം. തൂണുകൾക്കായി എത്തിച്ച പുതിയ മരത്തടികളും, 4 വർഷം മുൻപ് കൊമ്പൻമാരെ മെരുക്കാൻ നിർമിച്ച കൂടുകൾ ജീർണിച്ച നിലയിലും കാണാം.
മുത്തങ്ങ പന്തിയിൽ കൂട് നിർമിക്കുന്ന സ്ഥലം. തൂണുകൾക്കായി എത്തിച്ച പുതിയ മരത്തടികളും, 4 വർഷം മുൻപ് കൊമ്പൻമാരെ മെരുക്കാൻ നിർമിച്ച കൂടുകൾ ജീർണിച്ച നിലയിലും കാണാം.

കൂടിനായി മുറിക്കുന്നത്  നൂറോളം മരങ്ങൾ

മുത്തങ്ങ ആനപ്പന്തിയിൽ പുതിയ കൂട് നിർമിക്കുന്നതിനായി വയനാട് വന്യജീവി സങ്കേതത്തിലെ പൊൻകുഴിയിൽ മുറിച്ചിട്ടിരിക്കുന്ന യൂക്കാലിപ്റ്റസ് മരത്തടികൾ
മുത്തങ്ങ ആനപ്പന്തിയിൽ പുതിയ കൂട് നിർമിക്കുന്നതിനായി വയനാട് വന്യജീവി സങ്കേതത്തിലെ പൊൻകുഴിയിൽ മുറിച്ചിട്ടിരിക്കുന്ന യൂക്കാലിപ്റ്റസ് മരത്തടികൾ

15 അടി വീതിയിലും 15 നീളത്തിലും 18 അടി ഉയരത്തിലുമാണ് ആനക്കൊട്ടിൽ നിർമിക്കുന്നത്. നാട്ടാനകളെ നിർത്താനായി പണിതെടുക്കുന്ന വിധമല്ല ഈ കൂടിന്റെ നിർമാണം. കാട്ടിൽ വിഹരിച്ച കൊമ്പനെ തടവിലിടുമ്പോൾ അവന്റെ സർവ ബലത്തെയും പ്രതിരോധിക്കുന്നതാകണം കൂട്. 4 അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ കുഴിച്ചിട്ട് ഒന്നേകാൽ അടി വണ്ണമുള്ള തടികൾ ഇഴ ചേർത്ത് അഴികളായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ പൊൻകുഴിയിലുള്ള യൂക്കലിപ്റ്റസ് തോട്ടത്തിൽ നിന്ന് നൂറോളം മരങ്ങളാണ് കൂട് നിർമാണത്തിനായി മാർക്ക് ചെയ്തിട്ടുള്ളത്. മരം മുറി ഇന്നലെ പൂർത്തിയാക്കി. കൂട് നിർമാണം ഇന്ന് തുടങ്ങും.. വളവും തിരിവുമില്ലാത്ത തടികൾ വേണമെന്നതിനാലാണ് 100 മരങ്ങൾ മാർക്ക് ചെയ്തത്. ഏതാണ്ട് 4 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

കൊമ്പനെ പിടികൂടാൻ 22 അംഗ വയനാടൻ സംഘം

കൊമ്പനെ മയക്കു വെടി വയ്ക്കുന്നതിനും പിടികൂടി മുത്തങ്ങയിൽ എത്തിക്കുന്നതിനും 22 അംഗ വനപാലക സംഘമാണ് വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന്  യാത്രയാവുക. കൂട് നിർമാണം പൂർത്തിയാക്കി 19ന് ശേഷം പാലക്കാട്ടേയ്ക്ക് തിരിക്കാനാണ് തീരുമാനം. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സഖറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അജേഷ് മോഹൻദാസ്, ആർആർടി റേഞ്ച് ഓഫിസർ എൻ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം. 

ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച പാലക്കാട് ക്യാംപ് ചെയ്ത് കൊമ്പന്റെ സ്വഭാവസവിശേഷതകളും  ഒപ്പം ദൗത്യം നടപ്പാക്കേണ്ട കാടിന്റെ പ്രത്യേകതകളും മനസിലാക്കിയിരുന്നു. കാടിന്റെ എതെങ്കിലും ഒരുഭാഗത്ത് സ്ഥിരമായി പകൽ മുഴുവൻ തമ്പടിച്ച ശേഷം വൈകിട്ട് ആറോടെ നാട്ടിലിറങ്ങുന്ന സ്വഭാവമാണ് കാട്ടുകൊമ്പന്റേതെന്ന് ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു.

സംഘത്തിനൊപ്പം 3 വയനാടൻ കൊമ്പൻമാരും

മുത്തങ്ങ ആനപരിശീലന കേന്ദ്രത്തിലെ കുങ്കിയാനകളായ വടക്കനാട് കൊമ്പൻ, കല്ലൂർ കൊമ്പൻ, സുരേന്ദ്രൻ എന്നിവയും പാലക്കാട് ദൗത്യത്തിന് യാത്ര തിരിക്കും. ഇവയ്ക്കായി ലോറി ആംബുലൻസുകളും തയാറായിക്കഴിഞ്ഞു. ലോറിയിൽ പാലക്കേട്ടെത്തിക്കുന്ന കുങ്കിയാനകളെ തിരികെയും ലോറിയിൽ നാട്ടിലെത്തിക്കും. വടക്കനാട് കൊമ്പനും കല്ലുർ കൊമ്പനും ഇതേ മാതൃകയിൽ പിടിക്കപ്പെട്ട് ആനക്കൂട്ടിലെ വാസത്തിന് ശേഷം മെരുകി കുങ്കികളായവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com