തീർഥാടക വാഹനമിടിച്ച് പരുക്കേറ്റ കാട്ടാന വനത്തിൽ ചരിഞ്ഞു

Mail This Article
ബത്തേരി ∙ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് ഇടിച്ചു പരുക്കേറ്റ് കാട്ടിൽ അലയുകയായിരുന്ന കാട്ടാന ചരിഞ്ഞു. 15 വയസ് പ്രായം മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. കഴിഞ്ഞ 4നാണ് കല്ലൂർ 67ൽ ദേശീയപാതയിൽ കാട്ടാനയെ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കർണാടക റജിസ്ട്രേഷനിലുള്ള മിനി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ബസിന്റെ മുൻഭാഗം തകരുകയും കാട്ടാനയ്ക്കു സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. 5 യാത്രക്കാർക്കും പരുക്കേറ്റിരുന്നു. മുൻകാലിനും ചുമലിനും സാരമായി പരുക്കേറ്റ കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുകയും കാട്ടിൽ അലയുകയുമായിരുന്നു.
വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ ഒരു തവണ മയക്കുവെടി വച്ചു പിടികൂടി ചികിത്സ നൽകിയിരുന്നു. പിന്നീട് പഴങ്ങളിൽ നിറച്ചും മരുന്നു നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ കാട്ടാന ഏറെ ദൂരം കാട്ടിലൂടെ നീങ്ങിയിരുന്നെങ്കിലും പിന്നീട് അവശനാകുകയായിരുന്നു. കാട്ടാനയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ സംസ്കരിച്ചു. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അപകടം നടന്നത് ബത്തേരി റേഞ്ചിൽ ആയിരുന്നെങ്കിലും ആന ചരിഞ്ഞത് മുത്തങ്ങ റേഞ്ചിലെ ഉൾവനത്തിലാണ്. കഴിഞ്ഞ 28 വരെ ആന തീറ്റിയെടുത്തിരുന്നെന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു.ആന്തരിക പരുക്ക് ഗുരുതരമായ ആനയുടെ കണങ്കാൽ തിരിഞ്ഞു പോയിരുന്നതായും പാദം ഊരിപ്പോകുന്ന അവസ്ഥയുണ്ടായെന്നും ഡോക്ടർ പറഞ്ഞു. ഇടതു മുൻകാലിന് പഴുപ്പു ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.