വന്യമൃഗശല്യം: കെഎൽസിഎ കലക്ടറേറ്റ് ധർണ നടത്തി
Mail This Article
കൽപറ്റ ∙ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി കോടിക്കണക്കിനു രൂപ മാറ്റിവയ്ക്കുന്ന സർക്കാർ വന്യമൃഗാക്രമണങ്ങളിൽ ജീവൻ നഷ്ടമാവുന്നവരുടെ കുടുംബങ്ങൾക്കു തുച്ഛമായ നഷ്ടപരിഹാരമാണു നൽകുന്നതെന്ന് കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കോഴിക്കോട് രൂപതാ സമിതി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുച്ഛമായ നഷ്ടപരിഹാരം മാത്രം നൽകുന്നത് അവസാനിപ്പിക്കണം. ആക്രമണങ്ങളിൽ പരുക്കേറ്റവരെ പരിഗണിക്കാത്തതു വളരെ സങ്കടകരമാണ്. വനനിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.രാവിലെ ഒൻപതരയോടെ കൽപറ്റ തിരുഹൃദയ ദേവാലയത്തിൽ നിന്നാരംഭിച്ച മാർച്ചിൽ വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോഴിക്കോട് രൂപതാ രാഷ്ട്രീയകാര്യ സമിതി കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. കെഎൽസിഎ രൂപതാ പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
വയനാട് മേഖലാ ട്രഷറർ വിൻസന്റ് വട്ടപ്പറമ്പിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ വൈസ് പ്രസിഡന്റ് തോമസ് ചെമ്മനം, ജനറൽ സെക്രട്ടറി കെ.വൈ. ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, കെഎൽസിഎ രൂപതാ ഡയറക്ടർ മോൺ. വിൻസന്റ് അറക്കൽ, വയനാട് മേഖലാ ഡയറക്ടർ ഫാ. പോൾ ആൻഡ്രൂസ്, ഫാ. പോൾ പേഴ്സി, ഫാ. അലോഷ്യസ് കുളങ്ങര, വയനാട് മേഖലാ സെക്രട്ടറി ജോയ് ചെറിയകാട്ടയത്ത് എന്നിവർ പ്രസംഗിച്ചു.