കാട്ടാന കൊന്ന ബോളന്റെ കുടുംബം അന്തിയുറങ്ങുന്നത് ഷെഡിൽ
Mail This Article
പുൽപളളി ∙ സ്വന്തമായി വീടില്ലാത്ത ഗോത്രകുടുംബം അന്തിയുറങ്ങുന്നത് മറ്റൊരുവീടിനു പിന്നിൽ കെട്ടിയ ഷെഡിൽ. വനാതിർത്തിയിൽ ആടിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമിച്ചുകൊന്ന പള്ളിച്ചിറ ബോളന്റെ മകൻ ബിജുവും ഭാര്യ സിന്ധുവുമാണ് വർഷങ്ങളായി കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് കൂരയിൽ കഴിയുന്നത്.
തറയും ഭിത്തിയുമില്ലാത്ത കൂരയിലേക്ക് വനത്തിൽ നിന്നു വെള്ളമൊഴുകിയെത്തുന്നു. മഴനനഞ്ഞ് തണുപ്പേറ്റാണ് ഇവരുടെ ജീവിതം. ഈ ഷെഡ്ഡിലാണ് പാചകവും കിടപ്പുമെല്ലാം. പ്രാഥമികാവശ്യങ്ങൾക്കു കാടുകയറണം. മിക്കദിവസവും കാട്ടാന ഷെഡ്ഡിനു സമീപത്തുകൂടി പോകുന്നു. പള്ളിച്ചിറ ഗോത്രസങ്കേതത്തിലെ 12 വീടുകളും അപകടാവസ്ഥയിലാണ്.
മരണശേഷം പോസ്റ്റുമോർട്ടം നടത്താത്തതിനാൽ ബോളന്റെ കുടുംബത്തിനു സർക്കാർ സഹായമൊന്നും ലഭിച്ചില്ല. പരുക്കേറ്റ് ഏറെക്കാലം കിടപ്പായിരുന്ന ബോളന്റെ ചികിത്സയ്ക്ക് കുടുംബത്തിന്റെ ജീവനോപാധിയായിരുന്ന ആടുകളെയും വിറ്റു.തൊഴിലുറപ്പ് ജോലി മാത്രമാണ് കുടുംബത്തിന്റെ വരുമാന മാർഗം.
ഇവിടെ അനാഥമായി കിടക്കുന്ന ഏകാധ്യാപക സ്കൂൾ കെട്ടിടം തൽക്കാലം ബിജുവിനു നൽകണമെന്ന നിർദേശവുമുയർന്നിട്ടുണ്ട്.ഗോത്രസമുദായത്തിൽപെട്ട ബൊമ്മൻ സൗജന്യമായി നൽകിയ സ്ഥലത്താണ് 2005ൽ പഞ്ചായത്ത് ഏകാധ്യാപക സ്കൂൾ നിർമിച്ചത്. 4 വർഷമായി കെട്ടിടം വെറുതേ കിടന്നു നശിക്കുന്നു.