ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ നിലമ്പൂർ വരെ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്നു ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവൻ പേരുടെയും പുനരധിവാസം ഉറപ്പാക്കുക, പരുക്കേറ്റവർക്കു നഷ്ടപരിഹാരം നൽകുക, തുടർചികിത്സ സർക്കാർ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവർ,  വ്യാപാരികൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൃഷിക്കാവശ്യമായ വൈദ്യുതി പുനഃസ്ഥാപിക്കുക, പുത്തുമലയിലെ പൊതു ശ്മശാനത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുക, വൈദ്യുതി ലഭ്യമാക്കുക, ശ്മശാനം സ്മാരകമായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. 

ദുരന്തബാധിതരായ 10, 11, 12 വാർഡുകളിലുള്ളവരുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളുക, ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ ജോലി നൽകുക, ലയങ്ങളിൽ താമസിച്ചവരെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുക, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക, പുനരധിവാസവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനകീയ കമ്മിറ്റിയെ ഉൾപ്പെടുത്തുക, സർക്കാർ പുനരധിവാസ പദ്ധതിയിൽ താൽപര്യമില്ലാത്തവർക്കു നഷ്ടപരിഹാരവും സ്വന്തം നിലയിൽ വീട് വയ്ക്കാനുള്ള അനുവാദവും നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 25 അംഗ കമ്മിറ്റിയാണു രൂപീകരിച്ചത്. ഭാരവാഹികൾ: കെ.മൻസൂർ (ചെയ), എ.നസീർ (വൈ. ചെയ), സി. മനോജ് (കൺ), പ്രശാന്ത്, സി.എച്ച്.സുലൈമാൻ (ജോ. കൺ), വിജയൻ മഠത്തിൽ (ട്രഷ), ജോജോ ജോസഫ്, ജിജിത്ത് (എക്സി. അംഗങ്ങൾ). മേപ്പാടിയിലെ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി. മനോജ്, എൻ.കെ. സുകുമാരൻ, കെ. മൻസൂർ, സി.എച്ച് സുലൈമാൻ, കെ. ഉസ്മാൻ, എ. നസീർ, വിജയൻ മഠത്തിൽ, ജിജിത്ത് എന്നിവർ പ്രസംഗിച്ചു. ദുരന്തബാധിതരായ 600 പേർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com