ADVERTISEMENT

വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ 3 വർഷ കാലാവധി പിന്നിടുമ്പോൾ ഇതുവരെ നടന്നത് 25% നിയമന ശുപാർശ മാത്രം. കാലാവധി നീട്ടിയ ലിസ്റ്റ് ഓഗസ്റ്റ് 4 നു റദ്ദാകും. 

 

14 ജില്ലകളിലായി ലിസ്റ്റിലുള്ള 36,783 പേരിൽ 9,104 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. എൻജെഡിയും തസ്തികമാറ്റം വഴിയുള്ള നിയമനവും ഉൾപ്പെടെയാണിത്. ഇത്രയും പേരെ ശുപാർശ ചെയ്തതിൽ യഥാർഥ നിയമനം ഏഴായിരത്തിൽ താഴെയേ വരൂ. 

 

മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെട്ട ഇരുപത്തേഴായിരത്തിലധികം പേർ നിയമനം കാത്തിരിക്കുകയാണ്. മുൻ ലിസ്റ്റുകളിൽനിന്നു 11,413 പേർക്കാണു നിയമനം ലഭിച്ചത്. 

 

പ്രതീക്ഷ മേയ് 31 ലെ കൂട്ട വിരമിക്കൽ 

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ തീരുമാനപ്രകാരം എൽഡിസി റാങ്ക് ലിസ്റ്റുകൾക്ക് അധികം ലഭിച്ചതു 4 മാസവും 3 ദിവസവുമാണ്. അങ്ങനെ, ഏപ്രിൽ 1 ന് അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന് ഒാഗസ്റ്റ് 4 വരെ കാലാവധി ലഭിച്ചു. ഇതിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾകൂടി നിലവിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കും.

 

മേയ് 31 ‌ന് ഇരുപതിനായിരത്തിലധികം  സർക്കാർ ജീവനക്കാർ വിരമിക്കുമെന്നാണു വിവരം. ഇതിന് ആനുപാതിക നിയമനം നിലവിലെ ലിസ്റ്റിലുള്ളവർക്കു ലഭിക്കുമെന്നതാണ് ഇനിയുള്ള പ്രതീക്ഷ. കാലാവധി നീട്ടിയതുകൊണ്ടു മാത്രം ഈ ലിസ്റ്റുകളിലുള്ളവർക്കു വരുന്ന അവസരമാണിത്. 

 

പുതിയ റാങ്ക് ലിസ്റ്റ് 6 മാസം വൈകും 

LDC-ranklist

ഇത്തവണ എസ്എസ്എൽസി നിലവാര പൊതുപരീക്ഷയ്ക്കൊപ്പമായിരുന്നു എൽഡി ക്ലാർക്ക് പരീക്ഷ. ഇതിന്റെ  മൂല്യനിർണയംപോലും ആരംഭിച്ചിട്ടില്ല. മൂല്യനിർണയം പൂർത്തിയാക്കി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച് മെയിൻ പരീക്ഷകൂടി നടത്തിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഈ നടപടികൾക്ക് ആറു മാസത്തിലധികം വേണ്ടിവരുമെന്നതിനാൽ ഈ വർഷം അവസാനത്തോടെയെ പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരൂ. അതുവരെ നിലവിലെ ലിസ്റ്റുകൾ നീട്ടാൻ സർക്കാർ തയാറായാൽ കുറച്ചുപേർക്കുകൂടി  നിയമനാവസരം ലഭിക്കും. 

 

ആയിരത്തിലേറെ നിയമനം തിരുവനന്തപുരത്തു മാത്രം 

ഇതുവരെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നതു തിരുവനന്തപുരം ജില്ലയിലാണ്–1,032. കുറവ് വയനാട് ജില്ലയിൽ–257. ആയിരത്തിലധികം ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 500 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ  തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിയമന ശുപാർശ 1,000 കടന്നിരുന്നു. 

 

‘വലിയ’ ലിസ്റ്റ് എറണാകുളത്ത് 

36,783 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ട ലിസ്റ്റ് എറണാകുളം ജില്ലയിലാണ്–3,878. കുറവ് വയനാട് ജില്ലയിൽ–1,172. 

 

ആറു വർഷമായി ലിസ്റ്റില്ലാതെ എൽഡിസി കന്നട–മലയാളം   

വിവിധ വകുപ്പുകളിൽ എൽഡിസി (കന്നടയും മലയാളവും അറിയാവുന്നവർ) റാങ്ക് ലിസ്റ്റ് വൈകുന്നു. 

കാസർകോട് ജില്ലയിലേക്ക് ഈ തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടു നാലര വർഷമായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എങ്ങുമെത്തിയിട്ടില്ല. 29 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിലെ ആകെ എൽഡിസി തസ്തികയുടെ 50% കന്നടയും മലയാളവും അറിയാവുന്നവർക്കു നീക്കിവയ്ക്കണമെന്നാണു വ്യവസ്ഥയെന്നും എന്നാൽ ഇപ്പോൾ ഒഴിവുകൾ വകമാറ്റി നിയമനം നടത്തുകയാണെന്നും ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്ക് ഒഴിവുകളില്ലാത്ത അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് ഇവർ. 

 

നിയമനമില്ലാതെ നീണ്ട കാലം

കന്നടയും മലയാളവും അറിയാവുന്നവർക്കുള്ള എൽഡിസി വിജ്ഞാപനം 30.12.2016 ലായിരുന്നു. പരീക്ഷ 22.10.2019 ൽ. പരീക്ഷ എഴുതിയ എല്ലാവരെയും 03.10.2020 നു നടത്തിയ വിവരണാത്മക പരീക്ഷ എഴുതാൻ അനുവദിച്ചു. 941 പേർ പരീക്ഷ എഴുതി. മൂല്യനിർണയം പൂർത്തിയായെന്നാണു പിഎസ്‌സി ഒാഫിസിൽനിന്നുള്ള വിവരം. എന്നിട്ടും സാധ്യതാ ലിസ്റ്റ് വൈകുകയാണ്. 

 

മുൻ റാങ്ക് ലിസ്റ്റ് അഞ്ചര വർഷം മുൻപു റദ്ദായതാണ്. 01.02.2013 ലാണ് മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 19.08.2015 ൽ കാലാവധി പൂർത്തിയായി. 36 പേർക്ക് ആ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചിരുന്നു. 6 വർഷത്തോളമായി ഒരാൾക്കുപോലും ഈ തസ്തികയിൽ നിയമനം നൽകിയിട്ടില്ല. 

English Summary: Kerala PSC LDC Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com