ADVERTISEMENT

പ്രകൃതി മനോഹരമാണെങ്കിലും അതിലെ ചില പ്രതിഭാസങ്ങൾ ഭയപ്പെടുത്തുന്നവയാണ്. അത്തരമൊരു പ്രതിഭാസത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ലൂസിയാനയിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ഒരേ സമയത്ത് കടലിൽ പ്രത്യക്ഷപ്പെട്ട അന്തരീക്ഷ ചുഴികളുടെ അഥവാ വാട്ടർ സ്പൗട്ടിന്റെ ദൃശ്യമാണ് ആളുകളെ അമ്പരപ്പിച്ചത്. കടൽപ്പരപ്പിൽ മൂന്നിടങ്ങളിലായാണ് അന്തരീക്ഷ ചുഴികൾ പ്രത്യക്ഷപ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളാണ് അപൂർവ ദൃശ്യം നേരിൽ കണ്ടതും ക്യാമറയിൽ പകർത്തിയതും.

കാലാവസ്ഥാ ഗവേഷകനായ റോബ് പെറില്ലോയാണ് ഈ അന്തരീക്ഷ ചുഴികളുടെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. റേനി ഫ്രെഡറിക് ആണ് ഈ ദൃശ്യം പകർത്തിയത്. ഫണൽ പോലെ രൂപപ്പെട്ട കടൽ വെള്ളം ഉയർന്നു പൊങ്ങുന്നതിനൊപ്പം പലപ്പോഴും മീനുകളും ഇതിൽ അകപ്പെടാറുണ്ട്. കാറ്റിനൊപ്പം കരയിലേക്കു നീങ്ങുന്ന ഈ ഫണലിൽ അകപ്പെടുന്ന മത്സ്യങ്ങൾക്ക് പലപ്പോഴും ജീവൻ നഷ്ടപ്പെടുകയാണ് പതിവ്. ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികൾക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ല. ഇവയുടെ സഞ്ചാരപഥം തീർത്തും പ്രാദേശികമാണ്. ഒട്ടും അപകടകരവുമല്ല.താപവ്യതിയാനം മൂലം ചെറിയ ന്യൂനമർദം രൂപപ്പെടുന്നതാവാം ഇവ രൂപപ്പെടുന്നതിനു കാരണം.

എന്താണ് വാട്ടർ സ്പൗട്ട്?

ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്.

കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും മറ്റും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

English Summary: These Waterspouts In The US Prove Nature Can Truly Be Terrifying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com