ആനകൾ അഭിമാനം; അന്നവർ കരഞ്ഞത് ആനകളെയോർത്ത്? കൊമ്പന്മാരെ വീഴ്ത്തിയത് ജൈവവിഷം
Mail This Article
ബോട്സ്വാന എന്ന തെക്കനാഫ്രിക്കൻ രാജ്യത്തിന്റെ അഭിമാനമാണ് അവരുടെ ആനകൾ. ആഫ്രിക്കൻ ആനകളുടെ എണ്ണത്തിലും പരിരക്ഷണ പരിപാടികളിലും അവർ മുൻപന്തിയിലുമാണ്. പ്രതിവർഷം 200 കോടി ഡോളർ വരുമാനമുള്ള ടൂറിസ രംഗത്തിന്റെ അവിഭാജ്യ ഭാഗമാണ് ആനകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള (ഏകദേശം 135,000) രാജ്യമെന്ന ഖ്യാതി കൂടി അതിനൊപ്പം. എന്നാൽ രണ്ടു വർഷം മുൻപ് ആനകളെയോർത്ത് ആ രാജ്യത്തിന് കരയേണ്ടി വന്നു. ആനകളുടെ കൂട്ടമരണമായിരുന്നു കാരണം. അതിന്റെ കാരണമറിയാൻ അവർ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ സത്യം വെളിച്ചം കാണുകയും ചെയ്തിരുന്നു.
ആനകളുടെ കൂട്ടമരണം നീറുന്ന രാഷ്ട്രീയ വിഷയമായപ്പോൾ
പ്രകൃതിയോടും വന്യജീവികളോടും കരുതലുള്ള മനുഷ്യരുടെ ഹൃദയം നുറുക്കിയ വാർത്തയായിരുന്നു ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണം. 2020 മാർച്ച് മുതൽ ജൂൺ വരെ ഏകദേശം 330 ആഫ്രിക്കൻ ആനകളാണ് ഒക്കവാങ്കോ ഡെൽറ്റാ മേഖലയിൽ ചരിഞ്ഞത്. ഊഹാപോഹങ്ങളും സംശയങ്ങളും രാജ്യാന്തര അന്വേഷണങ്ങളും ഉണ്ടായെങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആന്ത്രാക്സ് മുതൽ വിഷബാധ വരെ സംശയിച്ചെങ്കിലും സ്ഥിരീകരിക്കപ്പെട്ടില്ല. ചത്ത ആനകളുടെ കൊമ്പുകളും നഖവുമൊക്കെ സുരക്ഷിതമായിരുന്നതിനാൽ വേട്ടക്കാരെ സംശയിക്കാനും വഴിയില്ലായിരുന്നു. ഉൾവനങ്ങളിലായിരുന്നു ആന മരണങ്ങളെന്നതിനാൽ വനാതിർത്തിയിൽ ആനകളുമായി നിരന്തര സംഘർഷത്തിലേർപ്പെടുന്ന മനുഷ്യരെയും സംശയിക്കാൻ ആവില്ലായിരുന്നു.
ലോകമെമ്പാടുമുള്ള ആനപ്രേമികൾ ദുരൂഹമായ മരണങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ഇതിനൊരു മറു ഭാഗവുമുണ്ടായിരുന്നു. ബോട്സ്വാനയിൽ ആനകളുടെ എണ്ണം വളരെ കൂടുതലാണെന്ന വാദമുയർത്തുന്നവരും അവിടെയുണ്ട്. കാർഷികവിളകൾ തിന്നുനശിപ്പിക്കുന്ന ആനകൾ കർഷകർക്കും ചതുർത്ഥിയാണ്. ആനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും നിരവധിയാണ്. എന്തായാലും ആനകളുമായി ബന്ധപ്പെട്ട ഏതു വിഷയവും ബോട്സ്വാനയെ സംബന്ധിച്ച് മുഖ്യ രാഷ്ട്രീയ പ്രശ്നമാണ്.
സത്യം വെളിപ്പെടുന്നു
ആനകളുടെ നിഗൂഢ മരണങ്ങളുടെ കാരണം സയനോ ബാക്ടീരിയകളുള്ള വെള്ളമാണെന്ന് വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ ബോട്സ്വാന ഡിപ്പാർട്ട്മെൻ്റ് ഓഫ് വൈൽഡ് ലൈഫ് ആൻഡ് നാഷനൽ പാർക്ക്സ് കണ്ടെത്തി. ആനകൾ വെള്ളം കുടിക്കുന്ന ജലക്കുഴികളിൽ (water holes) കലർന്നിരുന്ന, നാഡീവ്യൂഹത്തെ ബാധിക്കുന്ന ജൈവവിഷമാണ് (neurotoxin) ആനകളുടെ അന്ത്യത്തിനു കാരണമായതെന്ന കണ്ടെത്തലിലാണ് ശാസ്ത്രജ്ഞർ എത്തിയിയത്. ബോട്സ്വാനയെ മാസങ്ങളായി മഥിച്ചിരുന്ന വലിയൊരു സമസ്യയ്ക്കുള്ള പൂരണമാണ് ഔദ്യോഗിക സ്ഥിരീകരണം വഴി അന്ന് നടന്നത്.
ആനകളെ വീഴ്ത്തിയ വില്ലൻമാർ: സയനോബാക്ടീരിയകൾ
നീലനിറമുള്ള ബാക്ടീരിയകൾ എന്ന് അർഥം വരുന്ന സയനോബാക്ടീരിയകളിലെ (cyanobacteria) ഒരു വിഭാഗം പുറത്തുവിടുന്ന ജൈവവിഷവസ്തു നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ബ്ലൂ ഗ്രീൻ ബാക്ടീരിയ, സയനോഫൈറ്റ, ബ്ലൂ ഗ്രീൻ ആൽഗ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ബാക്ടീരിയകൾ ലോകത്തിലെ മിക്ക കരഭാഗങ്ങളിലും ജലത്തിലും കാണപ്പെടുന്നു. സമുദ്രങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ, ചതുപ്പു പ്രദേശങ്ങൾ, മരുഭൂമികളിലെ ഈർപ്പമുള്ള പാറകൾ തുടങ്ങി ആന്റാർട്ടിക്കയിലെ പാറകളിൽ വരെ ഇവയുടെ സാന്നിധ്യം കാണാം. ജലോപരിതലത്തിൽ നീല കലർന്ന പച്ച നിറത്തിൽ കാണപ്പെടുന്ന ഇവയിൽ പലതും വിഷകാരികളാണ്. ആനകളുടെ കൂട്ടമരണത്തെക്കുറിച്ച് ആദ്യ വിവരം നൽകിയ ‘എലിഫന്റ് വിതൗട്ട് ബോർഡേഴ്സ്’ എന്ന സംഘം മരണാസന്നരായ ആനകൾ പ്രകടിപ്പിച്ചിരുന്ന ലക്ഷണങ്ങളെക്കുറിച്ചും വിശദീകരിച്ചിരുന്നു. ബോധം നഷ്ടപ്പെട്ടതുപോലെ നേരെ നടക്കാൻ ബുദ്ധിമുട്ടി ക്ഷീണിച്ചവശരായിരുന്നു ആനകൾ എന്നാണ് അവർ റിപ്പോർട്ട് ചെയ്തത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവസ്തു കലർന്ന വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളായിരുന്നു അവയെന്ന് പിന്നീട് വ്യക്തമായി.
ഉരുകും വേനൽ കടന്നെത്തിയ മഴ വിനയായപ്പോൾ
എന്തുകൊണ്ട് ആനകൾ മാത്രം മരിച്ചുവെന്നും ഒരു പ്രത്യേക പ്രദേശത്തു മാത്രം പ്രശ്നങ്ങൾ ഉണ്ടായെന്നുമുള്ള ചോദ്യങ്ങൾക്കും വിശദീകരണം അന്ന് വനം വകുപ്പ് നൽകിയിരുന്നു. തലേവർഷം ബോട്സ്വാനയെ ഉരുക്കിയ കടുത്ത വേനൽക്കാലത്തിനു ശേഷം ഈ വർഷം ആശ്വാസമായെത്തിയ മഴ സയനോ ബാക്ടീരിയകൾ പരക്കുന്നതിനും വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും ഹേതുവായതായി വനംവകുപ്പ് അധികൃതർ വിശദീകരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാനെത്തിയ ആനകൾക്ക് വിഷബാധയേറ്റ ജലം അപകടകരമാകുകയും ചെയ്തു. ജലക്കുഴികളുടെ അടിയിൽ ഊറിക്കിടക്കുന്ന മണ്ണിലാണ് വിഷാംശം ധാരാളമായി ഉണ്ടാവുക. ആനകളുടെ സവിശേഷസ്വഭാവത്താൽ അവ വെള്ളം കുടിക്കുമ്പോൾ ജലോപരിതലത്തിനടിയിലേക്കു കൂടി എത്തിച്ചെന്ന് ഊറൽമണ്ണു കൂടി ഇറുമ്പി കുടിക്കാറുണ്ട്. വിഷാംശമടങ്ങിയ എക്കൽ മണ്ണുള്ള ജലാശയങ്ങൾ അങ്ങനെ ആനകൾക്ക് മാത്രം കൂടുതൽ അപകടകരമാകുന്നു.
ആ വർഷം ജൂൺ അവസാനത്തോടെ, കെട്ടിക്കിടക്കുന്ന ജലാശയങ്ങളൊക്കെ വറ്റിയതോടെ ആനകളുടെ അസുഖവും മരണവും അപ്രത്യക്ഷമായി എന്നതും ശ്രദ്ധേയമായിരുന്നു. ആനകളുടെ അപകടസാധ്യതകളേക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരാനും ഭാവിയിൽ അവയെ സുരക്ഷിതരാക്കാനുമുള്ള പദ്ധതികളാണ് ബോട്സ്വാന വനം വകുപ്പ് പിന്നീട് ആസൂത്രണം ചെയ്തത്.