ADVERTISEMENT

ദിനംപ്രതി റോഡുകളിൽ അപകടങ്ങളിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുന്നു. അപകടങ്ങളിൽ പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്. അതിന്റെ പ്രധാന കാരണം അമിതവേഗമാണ്. പലരും ബൈക്കുകളുടെ കരുത്തിനെ കുറ്റം പറയുന്നുണ്ടെങ്കിൽ ഭൂരിപക്ഷം കേസുകളിലും ഒാടിച്ചിരുന്ന ആളുടെ ഭാഗത്താണ് തെറ്റ്. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ നടന്നത്.

അമിതവേഗത്തിലെത്തിയ യുവാക്കൾ ഉണ്ടാക്കിയ അപകടത്തിൽ പരിക്കേറ്റത് കാർ യാത്രികർക്കാണ്. ബൈക്കിൽ വന്ന വിദ്യാർത്ഥികളുടെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. ആറ്റിങ്ങലില്‍ നിന്ന് ചിറയിന്‍കീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ൈബക്ക് ഇടിക്കുകയായിരുന്നു. അതിവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച്‌ നിന്നു, ബൈക്ക് രണ്ടായി പിളർന്നു. കാറിലുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റെന്നും ബൈക്കിലെത്തിയ യുവാക്കൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

റോഡ് റേസ് ട്രാക്കല്ല

റേസ് ട്രാക്കിലെ വളവുകളിൽ വിദഗ്ധരായ ഡ്രൈവർമാർ ബൈക്ക് കിടത്തിയെടുക്കുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ് അതുപോലെ എനിക്കും കഴിയും എന്നു പറഞ്ഞാണ് മിക്കവരും റോഡിലിറങ്ങുന്നത്. ഒന്നോർക്കുക. റോ‍ഡ് വേറെ റേസ് ട്രാക്ക് വേറെ. ട്രാക്കിന്റെ നിർമാണരീതിയല്ല റോഡിന്റേത്. ട്രാക്കിൽ എതിരേ വാഹനങ്ങളില്ല. പൊടിയില്ല മറ്റു തടസങ്ങൾ ഒന്നുമില്ല. റോഡിലോ അങ്ങോട്ടു പോയപ്പോൾ ഉള്ള അവസ്‌ഥയായിരിക്കില്ല തിരിച്ചു വരുമ്പോൾ. ടിപ്പറിൽ നിന്നുള്ള മണൽ വളവിൽ വീണു കിടപ്പുണ്ടെങ്കിലോ? അതറിയാതെ വീശിയെടുത്താൽ കഴിഞ്ഞില്ലേ കാര്യം.

ടയർ സുപ്രധാന ഘടകം

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയർമാത്രമാണ്. അമിത വേഗത്തിൽ പായുന്ന ചെറുപ്പക്കാർ എത്രപേർ വണ്ടി എടുക്കുന്നതിനു മുൻപ് ടയറിന്റെ അവസ്ഥ നോക്കാറുണ്ട്. റേസ് ബൈക്കുകളിൽ ഉപയോഗിക്കുന്ന ടയറുകൾ സോഫ്റ്റ് കോംപൗണ്ട് റബറിനാൽ നിർമിച്ചവയാണ്. അതു ട്രാക്കിൽ കൂടുതൽ പിടിത്തം നൽകും. പക്ഷേ ഈടു കുറവാണ്. നിരത്തിലേക്കുള്ള ടയറുകൾ എല്ലാ കാലാവസ്‌ഥയിലും സാഹചര്യത്തിലും ഒാടാൻ കഴിയുന്ന ഈടുള്ള കട്ടികൂടിയ റബറിനാൽ നിർമിച്ചവയാണ്. പക്ഷേ ഈ ടയറുകൊണ്ട് പരിധിയിൽ കൂടുതൽ വളവു വീശിയാൽ തെന്നിപ്പോകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.

ബ്രേക്ക് വില്ലനാകുമ്പോൾ

ഒാരോ വാഹനത്തിനും നിർമാതാക്കൾ ബ്രേക്കിങ് ഡിസ്റ്റൻസ് (ബ്രേക്കു പിടിച്ചാൽ നിൽക്കുന്ന ദൂരം) പറഞ്ഞിട്ടുണ്ട്. ഇതൊന്നും നോക്കാതെ മുന്നിൽ േപാകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ അമിത വേഗത്തിൽ പാഞ്ഞാൽ ഇടി ഉറപ്പ്. മറ്റൊന്ന് ബ്രേക്ക് ഉപയോഗിക്കുന്നതിലെ അ‍ജ്ഞതയാണ്. ഒട്ട‍ുമിക്ക ബൈക്കുകളുടെയും മുന്നിൽ ഇപ്പോൾ ഡിസ്ക്ക് ബ്രേക്കുകളാണ്. തൊട്ടാൽ ഇടിച്ചിടിച്ചു നിൽക്കും. പക്ഷേ മുൻ ബ്രേക്ക് പിടിക്കുന്നതിനു മുൻപ് ഹാൻഡിലിന്റെ പൊസിഷനും റോഡിന്റെ അവസ്ഥയും ഞൊടിയിടകൊണ്ട് മനസ്സിലാക്കിയില്ലെങ്കിൽ അപകടം തീർച്ച. കഴിവതും 60 : 40 അനുപാതത്തിൽ ബ്രേക്ക് ചെയ്യുക. വളവുകളിൽ കഴിവതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. വളരെ വേഗത്തിൽ വളവിലേക്ക് കയറി പെട്ടെന്നു ത്രോട്ടിൽ കൊടുക്കുന്നതും ശരിയല്ല. കാരണം വീൽ സ്പിൻ ചെയ്ത് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. എൻജിൻ ബ്രേക്ക് ചെയ്യുന്നത് ഉത്തമമാണ്. പക്ഷേ അത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്നതാണ് മിക്കവർക്കും അറിയാത്തത്. നേർരേഖയിൽ ഗീയർ ഡൗൺ ചെയ്ത് എൻജിൻ ബ്രേക്ക് ചെയ്യാം. ഒരിക്കലും വളവുകളിൽ ആകരുത്. വളവിനു മുൻപ് ഗീയർ ഡൗൺ ചെയ്ത് കയറിപോകാം. വളവ് വേഗത്തിൽ കിടത്തി എടുക്കുമ്പോൾ ടയറും റോഡും തമ്മിൽ ബന്ധമുള്ള ഭാഗത്തിന്റെ അളവ് വളരെ കുറവാണ്. അപ്പോൾ ഗീയർ ഡൗൺ ചെയ്താൽ എൻജിൻ കരുത്ത് പെട്ടെന്നു പിൻവീലിേലക്കെത്തുകയും ടയർ തെന്നുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും.

മിക്ക ബൈക്ക് അപകടങ്ങളിലും പിൻയാത്രികരാണ് മരണപ്പെടുകയോ ഗുരുതര പരിക്കുകൾക്ക് ഇരയാകുകയോ ചെയ്യുന്നത്. സ്പോർട്സ് ബൈക്കുകളുടെ പിൻസീറ്റ് ഉയർന്നതായതിനാൽ പിടിത്തം വളരെ കുറവാണ്. ഇത്തരം കരുത്തു കൂടിയ ബൈക്കുകളിൽ കഴിവതും പിൻയാത്രികനെ ഒഴിവാക്കുക. കാരണം നിങ്ങൾ എത്ര വിദഗ്ധ റൈഡറാണെങ്കിലും പിൻയാത്രക്കാരന്റെ ചെറിയൊരു ചലനം മതി വളവുകളിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ. 

വേഗമെടുക്കാം സുരക്ഷിതമായി‌

വളവുകളിൽ എതിരേ വരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് മിക്ക അപകടവും സംഭവിക്കുന്നത്. വളവുകൾ എങ്ങനെ എടുക്കണമെന്ന് ഏതെങ്കിലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കാറുണ്ടോ? ഇല്ല. അൽപം ശ്രദ്ധിച്ചാൽ വളവുകളിലെ അപകടം ഒഴിവാക്കാം. വളവിലെത്തുന്നതിനു മുൻപ് റോഡിന്റെ മധ്യഭാഗത്തേക്ക് വാഹനം പോയിന്റ് ചെയ്യുക. എതിരെ വാഹനം വരുന്നുണ്ടോ എന്നും വളവിൽ തടസ്സങ്ങൾ ഉണ്ടോ എന്നും വളരെ കൃത്യമായി മനസ്സിലാക്കാൻ ഇതുകൊണ്ടു കഴിയും.

English Summary: Bike Accident In Chirayinkeezhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com