യുകെയിലെ നാഷനല്‍ ഇന്‍ഷുറന്‍സ് വിഹിതം 2% കുറഞ്ഞു; ജീവനക്കാർക്ക് വാർഷിക ശമ്പളത്തിൽ 900 പൗണ്ട് വരെ നേട്ടം
Mail This Article
ലണ്ടന്‍ ∙ യുകെയിലെ നാഷനല്‍ ഇന്‍ഷുറന്‍സ് വിഹിതം 2% വീണ്ടും കുറഞ്ഞു. ഇത് മൂലം 27 മില്യൻ പേറോള്‍ ജീവനക്കാർക്ക് വാർഷിക ശമ്പളത്തിൽ 900 പൗണ്ട് വരെ നേട്ടം. ജനുവരി 6ന് പേറോൾ ജീവനക്കാരുടെ 12% നാഷനല്‍ ഇന്‍ഷുറന്‍സ് 10% ആയി കുറഞ്ഞിരുന്നു. ഇന്നലെ മുതൽ 10% ൽ നിന്നും 8% ൽ എത്തി. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷനല്‍ ഇന്‍ഷുറന്‍സ് വിഹിതം കുറഞ്ഞതിന്‍റെ ആശ്വാസം ലഭിക്കുക.
യുകെയിലെ ശരാശരി വാർഷിക ശമ്പളമായ 35,000 പൗണ്ട് നേടുന്ന ഒരാൾക്ക് ഇതുവഴി പ്രതിവര്‍ഷം വീണ്ടും 450 പൗണ്ട് ലാഭം കിട്ടും. പ്രതിമാസം 37.50 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക. കൂടാതെ സെൽഫ് എംപ്ലോയ്മെന്‍റ് സ്കീമിൽ ജോലി ചെയ്യുന്ന യുകെയിലെ രണ്ട് മില്യനിലേറെ ജീവനക്കാർക്ക് ആശ്വാസമായി നാഷനൽ ഇൻഷുറൻസ് വിഹിതം കുറഞ്ഞിട്ടുണ്ട്. ഇവരുടെ ക്ലാസ് 2 കോണ്‍ട്രിബ്യൂഷന്‍ പൂർണ്ണമായും റദ്ദാക്കി. ക്ലാസ് 4 നാഷനല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ 6% ആയി കുറഞ്ഞു. ഇതിന്റെ ആനുകൂല്യം 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വാർഷിക വരുമാനം ലഭിക്കുന്നവർക്കാണ് ലഭിക്കുക.
സെൽഫ് എംപ്ലോയ്മെന്‍റ് സ്കീമിൽ ശരാശരി വാർഷിക ശമ്പളമായ 28,000 പൗണ്ട് നേടുന്ന ഒരാൾക്ക് ഇതുവഴി പ്രതിവര്‍ഷം വീണ്ടും 650 പൗണ്ട് ലാഭം കിട്ടും. പ്രതിമാസം 54 പൗണ്ട് എന്ന നിലയിലാണ് ഈ മാറ്റം വരിക. യുകെയിൽ ഉയര്‍ന്ന ജീവിതച്ചെലവുകൾ മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് നാഷനൽ ഇൻഷുറൻസ് വിഹിതത്തിലെ കുറവ് ആശ്വാസമായി മാറും. ഏപ്രിൽ മുതൽ യുകെയിലെ അടിസ്ഥാന ശമ്പളം മണിക്കൂറിന് ഒരു പൗണ്ട് ഉയർന്നതും ജനങ്ങള്‍ക്ക് ആശ്വാസമാകും.