ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികൾക്ക് ഇനി കാത്തിരിക്കണ്ട; ഉടൻ ആധാർ
Mail This Article
ഡല്‍ഹി∙ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി കാത്തിരിപ്പില്ലാതെ ആധാർ കാര്‍ഡ് ലഭിക്കും. നാട്ടിൽ എത്തിയാൽ ഉടൻ ആധാർ കാർഡ് ലഭ്യമാക്കാനാണ് കേന്ദ്ര ബജറ്റിലെ ശുപാർശ. മുൻപ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആധാറിന് അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള ബജറ്റിലെ ഏക നിർദേശമാണിത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
പ്രവാസികളായ ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടിൽ ഏത് ആവശ്യത്തിനും ആധാർ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും ആധാർ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുൻ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്ഥിര താമസക്കാർ അല്ലാത്തതിനാൽ ആധാർ കാർഡിന്റെ ഗുണഭോക്താക്കളാകാൻ പ്രവാസികൾക്ക് കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് പ്രവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പുതിയ നീക്കത്തോടെ സാധാരണക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് നേരിട്ട് ഗുണം ലഭിക്കുന്ന ഒരു പ്രഖ്യാപനമാണിത്.