അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി മുനിസിപ്പാലിറ്റി
Mail This Article
അബുദാബി ∙ അനുമതിയില്ലാതെയുള്ള വിൽപന തടയാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ക്യാംപെയ്ൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ അനുമതിയില്ലാതെയുള്ള വിൽപന തടയാനാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമായി ബിസിനസ്സ് സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ക്യാംപെയ്ൻ.
അനധികൃത കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും പകരം ലൈസൻസുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുകയും ഇതുവഴി ഇത്തരക്കാരെ അകറ്റുകയും ചെയ്യാമെന്ന് അധികൃതർ പറഞ്ഞു. അനധികൃത കച്ചവടക്കാർ സൃഷ്ടിക്കുന്ന അപകടങ്ങളെ ക്യാംപെയ്നിലൂടെ ഇല്ലാതാക്കും. താമസക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. ഉത്തരവാദിത്തമുള്ള പെരുമാറ്റം വളർത്തിയെടുക്കാൻ പ്രത്യേക ടീമുകൾ കമ്മ്യൂണിറ്റികൾക്കുള്ളിൽ വിദ്യാഭ്യാസ പ്രചാരണങ്ങൾ നടത്തും. കൂടാതെ, വിജ്ഞാനപ്രദമായ സന്ദേശങ്ങളും ബുള്ളറ്റിനുകളും പങ്കിടുന്നതിന് വെബ്സൈറ്റുകളും സമൂഹമാധ്യമ ചാനലുകളും ഉൾപ്പെടെയുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നു.
താമസക്കാർക്കും കമ്പനികൾക്കും ഷോപ്പുകൾക്കും ടെക്‌സ്‌റ്റ് റിമൈൻഡറുകൾ അയക്കുകയും ചെയ്യുന്നു. ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാരുടെ വ്യാപനം തടയുന്നതിനും സമൂഹത്തിന്‍റെ ക്ഷേമം സംരക്ഷിക്കുന്നതിനുമായി വ്യാപാര ചട്ടങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.