അജ്മാൻ - അബുദാബി ബസ് സർവീസ് ഇന്ന് തുടങ്ങും; ടിക്കറ്റ് നിരക്ക് അറിയാം
Mail This Article
അബുദാബി/അജ്മാൻ ∙ അജ്മാനിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചും നേരിട്ടുള്ള ബസ് സർവീസ് ഇന്നുമുതൽ ആരംഭിക്കുന്നു. അജ്മാനിൽ നിന്ന് നാലും അബുദാബിയിൽ നിന്ന് രണ്ടും ബസുകളാണ് സർവീസ് നടത്തുകയെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അജ്മാനിലെ അൽമുസല്ല ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 7നാണ് ബസ് സർവീസ് ആരംഭിക്കുക. വൈകിട്ട് 7നായിരിക്കും അവസാന ബസ്. അബുദാബിയിൽ നിന്ന് രാവിലെ 10നാണ് അജ്മാനിലേക്കുള്ള ആദ്യ സർവീസ്. അവസാന ബസ് രാത്രി 9.30ന് പുറപ്പെടും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ബസുകൾ സേവനത്തിന് സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം.
∙ അബുദാബിയിൽ നിന്ന് ദുബായ്, ഷാർജ, റാസൽഖൈമ, അൽഐൻ, അജ്മാൻ സെക്ടറുകളിലേക്ക് ഇന്റർസിറ്റി ബസ് സർവീസുകൾ നടത്തുന്നുണ്ട്. അബുദാബിയിൽ നിന്ന് മസ്കത്തിലേക്കും സർവീസ് ലഭ്യമാണ്.
അബുദാബി – ദുബായ്
ഇ100 റൂട്ടിൽ ദുബായ് അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്.
ഇ101 റൂട്ടിൽ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് അബുദാബി മുസഫയിലേക്കാണ് സർവീസ് നടത്തുന്നത്.
അബുദാബി– ഷാർജ
111ആർ ബസ് റൂട്ടിൽ അബുദാബിയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഈ സർവീസിന് ഷാർജയിൽ വിവിധ സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ട്.
വീണ്ടും ഓടിത്തുടങ്ങുന്നു, ബസ് ഓൺ ഡിമാൻഡ്
∙ ജൂൺ 4 മുതൽ നിർത്തിവച്ചിരുന്ന ബസ് ഓൺ ഡിമാൻഡ് സർവീസ് പുനരാരംഭിച്ചതായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റിനകത്ത് രാവിലെ 6 മുതൽ രാത്രി 11 വരെ ഈ സേവനം ലഭ്യമായിരിക്കും. ആപ് വഴി ബുക്ക് ചെയ്താൽ, യാത്രക്കാർക്ക് സൗകര്യപ്രദമായ സ്ഥലത്തുനിന്ന് അവരെ കൂട്ടി, ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 7 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ (പരമാവധി 4) 4 ദിർഹം വീതം നൽകിയാൽ മതിയാകും.