അമിതവണ്ണം: ശ്വാസകോശം അപകടനിലയിലാകും
Mail This Article
അമിതവണ്ണം ഉള്ളവർ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്ന് ശരീരത്തിലെ പേശികൾക്കുചുറ്റും അനാവശ്യമായി കൊഴുപ്പടിയുന്നതുകൊണ്ടുള്ളതാണ്. ഇത് ഇവരുടെ ചലനങ്ങളെ പരിമിതപ്പെടുത്തിയേക്കാം. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ കൈകാലുകളിലും വയറിനു ചുറ്റും മാത്രമല്ല, ക്രമേണ നിങ്ങളുടെ ശ്വാസകോശത്തിനു ചുറ്റും അമിതമായി കൊഴുപ്പടിഞ്ഞുകൂടി ശ്വസനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണ്. അതായത് കാഴ്ചയിലുള്ള സൗന്ദര്യക്കുറവ് മാത്രമല്ല പ്രാണവായുവിന്റെ കാര്യം പോലും പ്രതിസന്ധിയിലാകുമെന്നു ചുരുക്കം. അമിതവണ്ണം ഉള്ളവരിൽ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. കുറെനേരം നടക്കുക, സ്റ്റെപ്പുകൾ കയറുക, ഓടുക , വേഗത്തിൽ ജോലികൾ ചെയ്യുക തുടങ്ങിയവ ഇവർക്ക് ശ്വാസം എടുക്കാൻ പ്രയാസമുണ്ടാക്കുന്നതു സാധാരണമാണ്. അമിതമായി കിതയ്ക്കുന്നതും കാണാം. ഇത് ശ്വാസകോശത്തിനു ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് ശ്വാസകോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നതുകൊണ്ടാണ്.
യൂറോപ്യൻ റെസ്പിരേറ്ററി ജേണലിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചുവന്നത്. ഓസ്ട്രേലിയയിലെ സർ ചാൾസ് ഗാർഡിനർ ആശുപത്രിയിലെ ഡോക്ടർമാരാണ് അമിതവണ്ണമുള്ള രോഗികളിൽ ഗവേഷണം നടത്തിയത്. നൂറോളം പേരെയാണ് ഇവർ പഠനത്തിനു വിധേയരാക്കിയത്. അമിതവണ്ണം ഉള്ളവർക്ക് ആസ്മ പോലെയുള്ള ശ്വസനസംബന്ധമായ രോഗങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നെന്ന് പഠനത്തിൽനിന്ന് വ്യക്തമായി. ബോഡി മാസ് ഇൻഡക്സ് കൂടുന്നതിനനുസരിച്ച് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നതായും തിരിച്ചറിഞ്ഞു. ഇവരുടെ ശ്വാസകോശം സ്കാൻ ചെയ്തുനോക്കിയപ്പോൾ വായു പ്രവഹിക്കുന്ന കുഴലുകൾക്കുചുറ്റും ഫാറ്റി സെല്ലുകൾ അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഇത് ഇവരുടെ ശ്വസനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തിൽനിന്നു വ്യക്തമായി. അമിതവണ്ണം ഉള്ളവർ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശത്തിനു കൂടുതൽ ആയാസം കൊടുക്കാത്ത വ്യായമങ്ങൾ വേണം ശീലമാക്കാൻ