ആളെക്കൊല്ലുന്ന നിഷ്ക്രിയ പുകവലി; അറിയണം ഈ അപകടസാധ്യതകൾ
Mail This Article
2002-03 കാലം. ബിരുദാനന്തരബിരുദവും കഴിഞ്ഞ് കോട്ടയം ജില്ലയിലെ കിഴക്കേ അറ്റത്തുള്ള മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ ജോലി നോക്കുന്നു.
അന്ന് ഇൻഹേലറുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഏറിയ കാലമായിരുന്നു ആരോഗ്യ ബോധന ക്ലാസ്സുകളും മറ്റും വഴി ജനങ്ങളെ ആസ്മ ചികിത്സയെക്കുറിച്ച് ബോധവൽക്കരിക്കുകയും മറ്റും ചെയ്ത് ഒരു ശ്വാസകോശ രോഗവിദഗ്ധൻ എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി. അതു താരതമ്യേന എളുപ്പമായിരുന്നു. സാധാരണക്കാർ നിവസിക്കുന്ന ഗ്രാമമേഖല ആയിരുന്നല്ലോ പ്രദേശം.
ഇൻഹേലർ ചികിത്സ വഴി കുറെയേറെ ആസ്മ സിഒപിഡി രോഗികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ വാർത്ത അറിഞ്ഞിട്ടോ എന്തോ ആണ് അന്നൊരു സന്ധ്യക്ക് ഒരു ആസ്മ രോഗിയെ എന്റെ വീട്ടിൽ എത്തിച്ചത്. 28കാരിയായ അമ്മു. ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. എന്തൊക്കെ മരുന്നുകൾ എടുത്തിട്ടും ചുമയും ശ്വാസംമുട്ടും കുറയുന്നില്ല എന്ന പരാതിയോടെയാണ് സ്നേഹസമ്പന്നനായ ഭർത്താവ് ഭാര്യയെ പരിശോധനയ്ക്ക് കൊണ്ടുവന്നത്.
പരിശോധനയിൽ കാര്യമായ കുഴപ്പം ഒന്നുമില്ല. പൊടിപടലങ്ങളോടും പൂമ്പൊടിയോടുമുള്ള അലർജി ഉണ്ട്. തുമ്മലോടെയാണ് തുടക്കം. സ്വന്തം വീട്ടിൽ അച്ഛനും ഒരു സഹോദരനും ഈ പ്രശ്നങ്ങൾ ഉണ്ട് താനും. ഒറ്റനോട്ടത്തിൽ ആസ്മ തന്നെ. ആസ്മയിൽ ഇൻഹേലർ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. പൊടിപടലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് പറഞ്ഞ് ഇൻഹേലർ എടുക്കുന്ന വിധവും പഠിപ്പിച്ചു കൊടുത്തു.
കൂട്ടത്തിൽ മറ്റു ചില മരുന്നുകളും നിർദ്ദേശിച്ചു. മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവർ ബുദ്ധിമുട്ട് മാറണമല്ലോ എന്ന് കരുതി ഇൻഹേലർ എടുക്കാൻ സമ്മതിച്ചു.
രണ്ടാഴ്ച കഴിഞ്ഞ് വരണമെന്ന നിർദ്ദേശത്തോടെ ആണ് പറഞ്ഞയച്ചത്. എന്നാൽ മൂന്നു ദിവസം കഴിഞ്ഞപ്പോൾ രോഗിയും കുടുംബവും വീണ്ടും ഹാജർ. ഒട്ടും കുറവില്ല എന്നാണ് പരാതി ഇൻഹേലർ ഉപയോഗിക്കുന്ന രീതി ഒന്നു കൂടി പഠിപ്പിച്ചു കൊടുത്തു. ഇൻഹേലറിന്റെ ഡോസ് ഇരട്ടിയാക്കി പറഞ്ഞുവിട്ടു. നാലു ദിവസം കഴിഞ്ഞപ്പോൾ പഴയ പരാതിയുമായി വീണ്ടും മുന്നിൽ. നെഞ്ചിന്റെ ഒരു എക്സറേ എടുത്തു നോക്കി, രക്തം പരിശോധിച്ചു. ആസ്മയ്ക്കു സമാനമായ ലക്ഷണങ്ങളുമുള്ള മറ്റെന്തെങ്കിലും അസുഖം ആണോ എന്ന് അറിയണമല്ലോ. അതൊന്നുമല്ല ആസ്മ തന്നെ. ഇനി ഇത് ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള വിഷമകരമായ ആസ്മ ( Difficult to treat Asthma) ആണോ? ഒന്നുരണ്ട് ഗുളികകൾ കൂടി കഴിക്കാൻ ഉപദേശിച്ച് വീണ്ടും പറഞ്ഞുവിട്ടു. കാര്യം തഥൈവ. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വന്നു. ഇത്തവണ അമ്മയും അമ്മായിയമ്മയും ഒക്കെ കൂടിയാണ് വരവ്. ഭർത്താവ് ആകട്ടെ ആകെ ടെൻഷനും. ഞാനും ടെൻഷനിലായി. വലിയ കുഴപ്പമില്ലാത്ത ചികിത്സകൻ എന്ന പേര് പോകുമോ? മെഡിക്കൽ കോളജിലേക്ക് മറ്റോ റഫർ ചെയ്യണോ? ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്ന നിമിഷങ്ങളിലാണ് ആ കാഴ്ച കണ്ടത്. ഭർത്താവ് പരിശോധനാ മുറിക്ക് വെളിയിൽ കുറെ ദൂരെ നിന്ന് സിഗരറ്റ് വലിക്കുന്നു. മുങ്ങാൻ പോകുന്നവന് കച്ചിത്തുരുമ്പ് എന്ന അവസ്ഥയിലായി ഞാൻ. പുകവലിക്കാരുടെ പുകയുടെ മണം അടിക്കുന്നത് പോലും ആസ്മയുടെ നിയന്ത്രണം തെറ്റിക്കുമെന്നു പഠിച്ചത് ഓർത്തെടുത്തു.
നമ്മുടെ സഹോദരൻ ഭാര്യയോട് അതീവ സ്നേഹമുള്ള ആളാണ്; കുട്ടികളോടും. പക്ഷേ കടുത്ത പുകവലിക്കാരൻ. ദിവസം 40 സിഗരറ്റുകളും ബീഡിയും! അത് ജോലിസ്ഥലത്തും വീട്ടിലുമെല്ലാം. പുകവലി നിർത്താതെ ഭാര്യയുടെ അസുഖം എത്ര മരുന്നുകൾ ഉപയോഗിച്ചാലും കുറെയില്ലെന്നും പുകവലി നിർത്താതെ ഇനി എന്നെ കാണിക്കാൻ കൊണ്ടുവരേണ്ടെന്നും കർശനമായിതന്നെ പറഞ്ഞു രോഗിയേയും കൂട്ടരേയും പറഞ്ഞുവിട്ടു.
ഒരാഴ്ചയായിട്ടും അവരെ കാണുന്നില്ല. രോഗം കുറയാൻ മറ്റ് ഡോക്ടർമാരെ തേടി പോയതാണോ, അതോ പുകവലി നിർത്താൻ പറഞ്ഞതുകൊണ്ട് എന്നെ അഭിമുഖീകരിക്കാൻ പറ്റാതെ വരാഞ്ഞത് ആണോ? രണ്ടാഴ്ച കഴിഞ്ഞാണ് അവർ വന്നത്, അസുഖം പൂർണമായും മാറിയത്രേ. സന്തോഷവും ആശ്വാസവും ഭാര്യയുടേയും ഭർത്താവിന്റേയും മുഖത്ത് പ്രകടം. എനിക്കും ഏറെ ആശ്വാസം. മരുന്നുകൾ എണ്ണത്തിലും അളവിലും കുറച്ചു. ഇൻഹേലർ മാത്രമാക്കി. പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് ഒരു ക്ലാസ്സുമെടുത്ത് അവരെ യാത്രയാക്കി. ഇനി പുകവലിക്കില്ല എന്ന് ഉറപ്പും വാങ്ങി (ഭാര്യയോടുള്ള കടുത്ത സ്നേഹം കൊണ്ടായിരിക്കണം അയാൾക്ക് ഇത്ര പെട്ടെന്ന് പുകവലി ഒറ്റയടിക്ക് നിർത്താനായത്. മാത്രമല്ല അയാളുടെ അമ്മയും കുട്ടികളും രക്ഷപ്പെട്ടു.)
നിഷ്ക്രിയ പുകവലി എന്ന വില്ലൻ
പുകവലിയുടെ അപകടത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാൽ നിഷ്ക്രിയ പുകവലിയെക്കുറിച്ച് പുകവലിക്കുന്നവരോ അതിനിരയാകുന്നവരോ സമൂഹമോ വേണ്ടത്ര ബോധവാന്മാരല്ല എന്നതാണ് വസ്തുത.
പുകവലിക്കുന്നവർ പുകച്ചു തള്ളുന്ന പുക ശ്വസിക്കാനിടയാകുന്നവരിൽ ഒട്ടനവധി അസുഖങ്ങൾക്ക് കാരണമാകുന്നു. നേരിട്ടുള്ള പുകവലി മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങളും പാസ്സീവ് സ്മോക്കിങ് വഴിയും ഉണ്ടാകുന്നു. കൂടിയതോതിൽ പുകവലിക്കുന്ന പുരുഷന്മാർ ഉള്ള വീടുകളിലെ സ്ത്രീകളിൽ പലരും ആസ്മ അടക്കമുള്ള നിരവധി ശ്വാസകോശരോഗങ്ങളാൽ കഷ്ടപ്പെടുന്നുണ്ട്. ഗർഭകാലയളവിൽ ഇത്തരം പുക ശ്വസിക്കുന്നത് ഗർഭമലസൽ, നേരത്തേയുള്ള പ്രസവം, കുഞ്ഞിനു തൂക്കക്കുറവ്, അംഗവൈകല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്കു കാരണമാകാം.
മുതിർന്നവരുടെ പുകവലിയുടെ ദൂഷ്യം പേറേണ്ടി വരുന്ന മറ്റൊരു വിഭാഗം കുട്ടികളാണ്. വിട്ടുമാറാത്ത ചുമ, ചെവിയിൽ പഴുപ്പ്, ജലദോഷം, ശ്വാസകോശ അണുബാധ തുടങ്ങിയവയ്ക്കൊക്കെ നിഷ്ക്രിയ പുകവലി കാരണമാകുന്നു. ഇതുമാത്രമല്ല ഈ കുട്ടികൾ നിക്കോട്ടിന് അടിമപ്പെടാനും അവർ ഭാവിയിൽ പുകവലിക്കാരായിതീരാനും സാധ്യത ഏറെ.
ജീവിതത്തിൽ പുകയിലയോ പുകവലിയോ ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്തവരെയാണ് നിഷ്ക്രിയ പുകവലി ഇരയാക്കുന്നത് എന്നത് തികച്ചും ദുഃഖകരം തന്നെ.
ലോക പുകയില വിരുദ്ധ ദിനം മെയ് 31 2020
ഈ വർഷത്തെ സന്ദേശം- പുകയില കമ്പനികൾ യുവാക്കളെ ലക്ഷ്യം വച്ച് നടത്തുന്ന മാർക്കറ്റിങ് തന്ത്രങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുകയും പുകയില– നിക്കോട്ടിൻ ഉപയോഗത്തിൽനിന്ന് തടയുകയും ചെയ്യുക (Protecting youth from Industry Manipulation & Preventing them from Tobacco and Nicotine Use).
യുവാക്കളെ ടാർഗറ്റ് ചെയ്യുക എന്നതാണ് കമ്പനികളുടെ തന്ത്രം. യുവാക്കൾ കൂട്ടമായി പുകവലിക്കുന്നത്, കൂട്ടത്തിൽ പുകവലിക്കാത്തവർക്ക് നിഷ്ക്രിയ പുകവലി മൂലമുള്ള ദുരിതങ്ങൾ സമ്മാനിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങൾ
∙ ശ്വാസകോശ അർബുദം– നമ്പർവൺ കൊലയാളി
∙ആസ്മ അധികരിക്കൽ
∙ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ(COPD)
∙മസ്തിഷ്കാഘാതം
∙ വിവിധ അവയവങ്ങളിലെ അർബുദം
∙ ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത, ഗർഭമലസൽ
∙ കോവിഡ് സങ്കീർണതകൾ– ന്യൂമോണിയ, ശ്വാസകോശ പരാജയം, മരണം
എന്തുകൊണ്ട്?
∙ നാലായിരത്തിലേറെ കെമിക്കലുകൾ
∙നിരവധി കാർസിനോജനുകൾ, അർധ കാർസിനോജനുകൾ (പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, നൈട്രോസമിനുകൾ, വിനൈൽ ക്ലോറൈഡ്, ആർസനിക്, നിക്കൽ കാർബൺ മോണോക്സൈഡ്, അമോണിയ, ബെൻസീൻ, സയനൈഡുകൾ)
∙നിക്കോട്ടിൻ ഘടകം വീണ്ടും വീണ്ടും പുകവലിക്കാൻ ആസക്തി ഉണ്ടാക്കുന്നു
പരിഹാരം
∙ പുകവലിക്കാരോട് അനുതാപപൂർവം പെരുമാറുക. അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ തൊട്ടറിയുക.
∙ നിക്കോട്ടിന്റെ അളവ് പടിപടിയായി കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ ഡോക്ടർമാരുടെ നിർദേശാനുസരണം നൽകുക.
∙ സ്കൂൾ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പുകയില വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുക.
∙ പഠനവിഷയമായി സ്കൂൾ കരിക്കുലത്തിൽത്തന്നെ പുകയിലയുടെ ദൂഷ്യഫലങ്ങൾ ഉൾപ്പെടുത്തുക
∙ കുട്ടികളുടെയോ കുടുംബാംഗങ്ങളുടെയോ മുന്നിൽവച്ച് പുകവലിക്കാതിരിക്കുക.
∙ പുകയില–പുകവലി ഉപയോഗം യുവത്വത്തെ നശിപ്പിച്ച് പെട്ടെന്ന് വൃദ്ധരാകും എന്ന വസ്തുത പ്രചരിപ്പിക്കുക. ലൈംഗികശേഷിയും സുഖവും ഇല്ലാതാക്കും എന്നതിന് ഊന്നൽ നൽകുക.
∙ പുകവലി നിർത്താൻ ശ്രമിക്കുന്നവരെ സഹായിക്കുക. അതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ പിന്തുണ ഉറപ്പാക്കുക.
∙ അടുത്തിടെ പുകവലി നിർത്തിയ ആളുടെ മുമ്പിൽ ഇരുന്ന് പുകവലികാതിരിക്കുക.
∙ പുകയില–പുകവലിക്കെതിരെ ശക്തമായ നിയമനിർമാണങ്ങൾ കൊണ്ടുവരിക.
∙ പുകയില ഉൽപന്നങ്ങൾക്ക് നികുതി വർധിപ്പിക്കുക.
∙ പുകവലിയെ ഒരു തരത്തിലും ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യാതിരിക്കുക
പുകയില –സിഗരറ്റ് കമ്പനികളുടെ തന്ത്രങ്ങൾ
∙ തങ്ങളുടെ ബ്രാൻഡ് ഉപഭോക്താക്കളെ ഓർമിപ്പിക്കാനായി പരോക്ഷ പരസ്യം (surrogate Advertisement) നൽകുക. ഉദാ- കമ്പനികളുടെ പേരുള്ള വസ്ത്രങ്ങൾ, മറ്റു പുകയില ഇതര ഉത്പന്നങ്ങൾ തുടങ്ങിയവ മാർക്കറ്റിൽ ഇറക്കൽ.
∙ കളികൾ സ്പോൺസർ ചെയ്യൽ
∙ കുട്ടികളുടെ ഇടയിൽ മത്സരങ്ങൾ നടത്തുക കളിപ്പാട്ടങ്ങളിൽ ബ്രാൻഡിന്റെ പേര് ചേർക്കൽ.
∙ സോഷ്യൽ മീഡിയയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു കൊണ്ട് യുവാക്കളെ വശീകരിക്കുക.
∙ പെൻഡ്രൈവ്, മിഠായി രൂപത്തിലുള്ള ഉൽപന്നങ്ങൾ ഇവയ്ക്കൊക്കെ ബ്രാൻഡിന്റെ പേര് ചേർക്കൽ, അത് സൗജന്യമായി നൽകൽ
∙ സ്കൂളുകൾ, കോളജുകൾ, ചെറുപ്പക്കാർ ഒത്തുകൂടുന്ന ഇടങ്ങൾ തുടങ്ങിയവയുടെ സമീപം ലഘു ഭക്ഷണശാലകൾ തങ്ങളുടെ ബ്രാൻഡിന്റെ പേരിൽ സ്പോൺസർ ചെയ്യുക.
∙ ചെറുപ്പക്കാരെ ആകർഷിക്കാനായി സിഗരറ്റ് വെൻഡിങ് മെഷീൻ പോലെയുള്ള നൂതന വിപണന സാധ്യതകൾ ഉപയോഗിക്കുക.
(ആലപ്പുഴ ഗവ.ടി ഡി മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ അഡീഷനൽ പ്രഫസറും . അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റ് ഇലക്ടുമാണ് ലേഖകൻ)
English Summary: No tobacco day, Passive smoking