പ്രമേഹം മാനസികരോഗം വരുത്തുമോ? എങ്ങനെ ഈ അവസ്ഥ അതിജീവിക്കാം
Mail This Article
ഹൃദ്രോഗം മുതൽ പാദരോഗം വരെ ഒരു കൂട്ടം രോഗങ്ങളിലേക്കുള്ള വാതിലാണ് പ്രമേഹം എന്നു പറയാറുണ്ട്. എന്നാൽ പ്രമേഹം മാനസികാരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു എന്നകാര്യം പലപ്പോഴും ഡോക്ടർമാർ പോലും ശ്രദ്ധിക്കാറില്ല. പ്രമേഹ രോഗികളിൽ മാനസികപ്രശ്നങ്ങൾ രൂപപ്പെടുന്നതിനു എത്രയോ മുൻപുതന്ന പ്രമേഹവും മനസ്സും തമ്മിലുള്ള ബന്ധം രൂപപ്പെട്ടു കഴിയുമെന്നു കൗതുകപൂർവം വിലയിരുത്താനാവും. പലപ്പോഴും പെട്ടന്നുണ്ടാകുന്ന കടുത്ത പിരിമുറുക്കമോ ശക്തമായ വിഷാദമോ ഒക്കെ പ്രമേഹത്തിന്റെ വരവ് നേരത്തേയാക്കുന്നതാണ് ആ ബന്ധം. ഒരാൾക്ക് അഞ്ചുവർഷം കഴിഞ്ഞ് പ്രമേഹം വന്നു ചേരാനുള്ള സാധ്യതയുണ്ടെന്നു കരുതുക. പ്രിയപങ്കാളിയുടെ വേർപാടുപോലെ ശക്തമായ ഒരു മാനസികാഘാതം ഉണ്ടായാൽ ചിലപ്പോൾ ദിവസങ്ങൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ ആ വ്യക്തിയുെട പഞ്ചസാരനില പ്രമേഹ നിലയിലേക്കു കടന്നുവെന്നു വരാം. പ്രമേഹത്തിനും മനസ്സിനും തമ്മിൽ അത്ര അടുത്തബന്ധമുണ്ട് എന്നു ചുരുക്കിപ്പറയാം. എന്നാൽ പ്രമേഹ രോഗിയായിരിക്കുന്ന ഒരാളുെട മാനസികാരോഗ്യത്തെ പ്രമേഹ രോഗാവസ്ഥ പലവിധത്തിൽ പ്രതികൂലമായി ബാധിക്കാം. എന്നു മാത്രമല്ല അതു ക്രമേണ പ്രമേഹ നിയന്ത്രണംതന്നെ താളം തെറ്റാൻ കാരണമാക്കിയെന്നും വരാം. അതിനാൽ ഓരോ പ്രമേഹ രോഗിയും തന്റെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
വിഷാദത്തിന്റെ വരവ്
പ്രമേഹത്തിന് ശാരീരിക അനുബന്ധരോഗങ്ങൾ മാത്രമല്ല മാനസിക അനുബന്ധരോഗങ്ങളും ഉളവാക്കാനാകുമെന്ന് ഇന്ന് വ്യക്തമാണ്. ഒരു സാധാരണ വ്യക്തിയേക്കാൾ വിഷാദരോഗം വരുവാനുള്ള സാധ്യത പ്രമേഹരോഗിക്ക് ഇരട്ടിയാണ്. ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളിലും കൗമാരക്കാരിലും ഏതാണ്ട് മുപ്പത് ശതമാനം പേരിലും വിഷാദരോഗം കാണാനാകും.
പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ തീർക്കുന്ന അസ്വാസ്ഥ്യം മാത്രമല്ല പ്രമേഹം തലച്ചോറിൽ തീർക്കുന്ന ജൈവ രാസ മാറ്റങ്ങളും ഈ പറഞ്ഞ മാനസികമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. അതുപോലെ വിഷാദ പ്രശ്നം ഉള്ളവരുടെ പ്രമേഹരോഗ നിയന്ത്രണവും തകിടം മറിയും.
ആശങ്കയും ഉത്കണ്ഠയും
രക്തത്തിലെ ഗ്ലൂക്കോസ് നിലയിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും രോഗസങ്കീർണതകളെ കുറിച്ചും പ്രമേഹരോഗികൾ മിക്കപ്പോഴും ആശങ്കാകുലരായിരിക്കും. അതുകൊണ്ടുതന്നെ അവരിൽ പൊതുവായ ഉത്കണ്ഠയോ ഉത്കണ്ഠാരോഗങ്ങളോ കണ്ടു എന്നു വരാം. പ്രമേഹരോഗികളിൽ ഏതാണ്ട് 20 ശതമാനത്തോളം പേരിൽ ഉത്കണ്ഠാരോഗങ്ങൾ കാണാറുണ്ട്. ഇക്കൂട്ടരിൽ അധികം പേരിലും ‘ജനറലൈസ് ആങ്സൈറ്റി ഡിസോഡർ’ എന്ന ഉത്കണ്ഠാരോഗമാണ്. ഏതാണ്ട് അഞ്ച് ശതമാനത്തിലധികം പേരിൽ പാനിക് ഡിസോർഡറും കാണുന്നുണ്ട്.
ആൺ-പെൺ വ്യതിയാനം, പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ, രോഗത്തിന്റെ കാലദൈർഘ്യം, രക്തത്തിലെ പഞ്ചസാര നിലയുടെ നിയന്ത്രണമില്ലായ്മ തുടങ്ങിയ ഘടകങ്ങൾ പ്രമേഹരോഗികളിലെ ഉൽക്കണ്ഠ രോഗങ്ങളുടെ സാധ്യതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ഉറക്കവും പ്രശ്നമാവും
ഉറക്കപ്രശ്നങ്ങളാണ് പ്രമേഹ രോഗി അനുഭവിക്കുന്ന മറ്റൊരു പ്രധാന മാനസിക ബുദ്ധിമുട്ട്. പ്രമേഹരോഗികളിൽ ഏതാണ്ട് പകുതിയിലധികം പേർക്ക് ശ്വസനപ്രശ്നങ്ങളുമായി ബന്ധപ്പട്ട ഉറക്കക്കുറവും ഏതാണ്ട് നാലിലൊരാൾക്കു വീതം ഉറക്കം തടസ്സപ്പെടുത്തുന്ന കാലുകളുെട അനിയന്ത്രിതമായ ചലനം സംഭവിക്കുന്ന റസ്റ്റ്ലസ് ലെഗ് നിൻഡ്രം എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇവ രണ്ടും പ്രമേഹം ഇല്ലാത്തവരിൽ യഥാക്രമം വെറും മൂന്നു ശതമാനവും ആറ് ശതമാനവും മാത്രമാണ് എന്ന് ഓർക്കുക.
മാനസികാസ്വാസ്ഥ്യങ്ങൾ ഉറക്കത്തെ ബാധിക്കുന്നപോലെ ഉറക്കപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രമേഹരോഗം വരാനുള്ള സാധ്യതയും പ്രമേഹ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടും. പ്രമേഹരോഗികളിൽ പഞ്ചസാരയുടെ നിയന്ത്രണം കാര്യക്ഷമമല്ലാതാവും. ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനശേഷിയേയും അത് ബാധിക്കാം. ഉറക്കം ആരംഭിക്കാൻ പ്രയാസപ്പെടുന്നവരിൽ ഏതാണ്ട് 57 ശതമാനവും ഉറക്കം നിലനിർത്താൻ ബുദ്ധിമുട്ടുന്നവരിൽ 84 ശതമാനവുമാണ് പ്രമേഹ സാധ്യത കൂടുതലാണ് എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഉറക്കത്തിനു കൃത്യമായ ചിട്ടകൾ പാലിക്കുന്നതും പ്രമേഹം കൃത്യമായി വരുതിയിൽ നിർത്തുന്നതും ഉത്കണ്ഠയോ വിഷാദമോ ഉണ്ടെങ്കിൽ അവയ്ക്ക് ചികിത്സ തേടുന്നതും ഉറക്കപ്രശ്നങ്ങൾ കുറയ്ക്കും.
ഡയബറ്റിസ് ഡിസ്ട്രസ്സ്
പ്രമേഹരോഗാവസ്ഥയിൽ നിന്നോ അതിനെ കൈകാര്യം ചെയ്യുന്നതിനായുള്ള രോഗിയുടെ പരിശ്രമങ്ങളിൽ നിന്നോ രൂപപ്പെടുന്ന ഒരു കൂട്ടം വൈകാരിക അസ്വാസ്ഥ്യങ്ങളെ വിളിക്കുന്ന പേരാണ് ഡയബറ്റിസ് ഡിസ്ട്രസ്. ഇത് വിഷാദമോ ഉത്കണ്ഠാ രോഗമോ അല്ല. എന്നാൽ ഇവയെല്ലാം ഒരുമിച്ച് കാണപ്പെടുകയും ചെയ്യാം.
പ്രമേഹം രൂപപ്പെടുത്തുന്ന വെല്ലുവിളികളോടുള്ള മനസ്സിന്റെ വൈകാരിക പ്രതികരണമാണ് മിക്കപ്പോഴും ഡയബറ്റിസ് ഡിസ്ട്രസ് ആയി മാറുന്നത്. ഭയം, നിരാശ, ദേഷ്യം, വിഷമം, കുറ്റബോധം എന്നീ വികാരങ്ങളെല്ലാം ഒറ്റതിരിഞ്ഞോ കൂട്ടമായോ ഈ സമയത്ത് പ്രമേഹരോഗിയെ ബാധിക്കാം. ഇതെല്ലാംതന്നെ പ്രമേഹനിയന്ത്രണത്തിൽ വലിയ തോതിലുള്ള പാളിച്ചകൾ വരുത്താനും ഇടയുണ്ട്. വിഷാദമോ ഡയബറ്റിക് ഡിസ്ട്രസോ ഒക്കെ ബാധിച്ച പ്രമേഹരോഗികളിൽ സങ്കീർണതകൾക്കുള്ള സാധ്യത മറ്റ് രോഗികളേക്കാൾ വളരെ കൂടുതലാണ്.
വിവിധങ്ങളായ കാരണങ്ങളാലാണ് പ്രമേഹരോഗികളിൽ ഡയബറ്റിസ് ഡിസ്ട്രസ് രൂപപ്പെടുന്നത്.
പ്രമേഹ നിയന്ത്രണത്തിൽ തന്റെ പരിമിതികളോ നിയന്ത്രണമില്ലായ്മയോ ബോധ്യപ്പെടുമ്പോൾ മനസ്സിൽ രൂപപ്പെടുന്ന ‘തന്റെ കഴിവില്ലായ്മയാണ് ഇതിനു കാരണം’ എന്നതുപോലുള്ള ചിന്തകൾ ഡയബറ്റിസ് ഡിസ്ട്രസിലേക്കു വഴിതുറക്കാം.
മറ്റുള്ളവരിൽ നിന്ന് അനുഭവപ്പെട്ട വരുന്ന വിവേചനം, ചികിത്സിക്കുന്ന ഡോക്ടറിൽ തോന്നുന്ന വിശ്വാസമില്ലായ്മ, മറ്റുള്ളവർ തന്നെ ഒരു രോഗിയെ പോലെ കാണുന്നു എന്നുള്ള ചിന്തകൾ, രക്തത്തിലെ പഞ്ചസാര നിലകുറഞ്ഞുണ്ടാകുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ അറിയാതെ പോകുമോ എന്നുള്ള പേടി, പ്രമേഹ നില കൃത്യമായി വിലയിരുത്തുകയോ ഫലപ്രദമായി നിയന്ത്രിക്കാനാകാതെയോ വരുമ്പോൾ സംഭവിക്കുന്ന പിരിമുറുക്കം, ഭക്ഷണത്തിലോ വ്യായാമത്തിലോ സ്വീകരിക്കേണ്ട നിലപാടുകളിൽ വരുന്ന അപാകതകൾ ഇങ്ങനെ ഒട്ടേറെ കാര്യങ്ങളുടെ കൂടിച്ചേർന്നുള്ള ഫലമാണ് ഡയബറ്റിസ് ഡിസ്ട്രസ്.
ഈ അവസ്ഥ പ്രമേഹ നിയന്ത്രണത്തെ തകിടംമറിച്ചു കളയാൻ ശേഷിയുള്ള പ്രശ്നമാണ്. പതിറ്റാണ്ടുകളോളം മികച്ച പ്രമേഹനിയന്ത്രണം ഉണ്ടായിരുന്ന രോഗികൾക്ക് പോലും ഇത് സംഭവിച്ച് പ്രമേഹനിയന്ത്രണത്തിന്റെ എല്ലാ പരിശ്രമങ്ങളും ഉപേക്ഷിക്കുന്നത് കാണാറുണ്ട്. പ്രമേഹത്തിനും അനുബന്ധ വൈകാരിക പ്രശ്നങ്ങൾക്കും ആവശ്യമായ മാനസിക ബോധവൽക്കരണ സമീപനങ്ങൾ സ്വീകരിച്ചാൽ ഈ അവസ്ഥയെ പ്രതിരോധിക്കാനോ ഉണ്ടായാൽ തന്നെ നിയന്ത്രിക്കാനോ സഹായിക്കും.
ഓർമയെ ബാധിക്കുമ്പോൾ
പ്രമേഹം തീർക്കുന്ന മാനസിക പ്രശ്നങ്ങളെ കൂടുതലായിരിച്ചറിയുന്നതിനു തെളിവാണ് അത് പ്രമേഹം രോഗിയുടെ പല ബൗദ്ധികശേഷികളെയും സ്വാധീനിക്കുന്നുണ്ട് എന്ന അറിവ്. പ്രമേഹരോഗിക്ക് ചിലപ്പോഴെങ്കിലും ബൗദ്ധികമായ വൈകല്യം (cognitive dysfunction) സംഭവിക്കാൻ സാധ്യതയുണ്ട്. ഏകാഗ്രത, ഓർമ, വിശകലന വേഗത തുടങ്ങിയ തലച്ചോറിന്റെ ബൗദ്ധിക പ്രവർത്തനങ്ങളിൽ അപാകതകൾ സംഭവിക്കാം. ഇവ വളരെ സാവധാനത്തിലും നേരിയ തോതിലും സംഭവിക്കുതിനാൽ എളുപ്പത്തിൽ മനസ്സിലാക്കാനായി എന്നും വരില്ല.
പലപ്പോഴും ഓർമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറവിയും ആയിരിക്കും പലരിലും ആദ്യം കാണുക. അത് പ്രായമേറുമ്പോൾ കുറച്ചൊക്കെ കാണും എന്നുള്ള സാധാരണീകരണത്തില്‍ വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്യാം. ഉന്നത വിദ്യാഭ്യാസം നേടിയവരിൽ ഇത്തരം പ്രശ്നങ്ങൾ പൊതുവേ കുറവായിരിക്കും എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.
ശരീരത്തിലെ ഇൻസുലിൻ നിലയും ഇൻസുലിൻ പ്രവർത്തനശേഷിയും ഒക്കെതന്നെ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളിൽ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രമേഹം രോഗിയുടെ ചിന്താതലത്തിലും ബാധിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വളരെ കൃത്യതയോടെ പോവുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
മറ്റുപല പല ദീർഘകാല(ക്രോണിക്) രോഗങ്ങളേയും പോലെതന്നെ ദീർഘകാല പ്രമേഹം രോഗിയുടെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും ഒക്കെ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റി എന്നും വരാം.
ആത്മഹത്യാ സാധ്യത
ആത്മഹത്യാ ചിന്തയും ആത്മഹത്യാശ്രമങ്ങളും ആത്മഹത്യയും ഒക്കെ തന്നെ പ്രമേഹരോഗികളിൽ താരതമ്യേന കൂടുതലാണ്. ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത സാധാരണ ജനങ്ങളിൽ ഏതാണ്ട് ഒമ്പത് ശതമാനം ആണെങ്കിൽ പ്രമേഹരോഗികളിൽ അത് 16 ശതമാനത്തിനു മുകളിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രമേഹ അനുബന്ധ വിഷാദം തന്നെയാണ് ആത്മഹത്യാ ചിന്തകളിലേക്കും ആത്മഹത്യാശ്രമങ്ങളിലേക്കും പ്രമേഹരോഗിയെ നയിക്കുന്നതിൽ പ്രധാനം. പ്രമേഹവും അനുബന്ധ രോഗങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ, രോഗത്തെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലായ്മ, ചികിത്സയിലെ ബുദ്ധിമുട്ടുകൾ, സാധാരണക്കാരെ പോലെ ജീവിക്കാൻ ആവുന്നില്ല എന്ന തോന്നൽ തുടങ്ങിയവയെല്ലാം വിഷാദത്തിനും ആത്മഹത്യ ചിന്തകൾക്കും ആക്കം കൂട്ടം. രോഗി മാത്രമല്ല, രോഗിയെ പരിചരിക്കുന്ന ബന്ധുക്കളും ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കോവിഡുകാല പ്രശ്നങ്ങൾ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലവും ലോക്ഡൗണുമെല്ലാംതന്നെ പ്രമേഹരോഗിയുടെ മാനസികാവസ്ഥയിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉറക്കമില്ലായ്മ രൂക്ഷമായതാണ് ഇതിലേറ്റവും പ്രധാനം. അതുപോലെ യഥാസമയം ചികിത്സ നേടുന്നതിലും ഡോക്ടറെ കാണുന്നതിലുമുണ്ടായ പരിമിതികൾ, വ്യായാമത്തിലുണ്ടായ കുറവ്, ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റം ഇവയൊക്കെ കോവിഡ് കാലത്ത് പ്രമേഹരോഗികളിൽ സാധാരണമായിരുന്നു. ഇവയെല്ലാംതന്നെ പ്രമേഹ രോഗത്തിന്റെ നിയന്ത്രണത്തിൽ കാര്യമായ മാറ്റം വരുത്തി എന്നുമാത്രമല്ല ഡയബറ്റിക് ഡിസ്ട്രസും വർധിപ്പിച്ചിട്ടുണ്ട്.
പരിണതഫലമായി രോഗം നിയന്ത്രിക്കുന്നതിനുള്ള താല്പര്യമില്ലായ്മ മുതൽ ലൈംഗിക താൽപര്യക്കുറവ് വരെ സംഭവിച്ചിട്ടുണ്ട്. പതിവ് ജീവിത ചര്യകളെയും പ്രമേഹനിയന്ത്രണ ശീലങ്ങളെയും തിരിച്ചുപിടിക്കുക എന്നതാണ് ഇതിനുള്ള ഫലപ്രദമായ വഴി. ശാരീരികമായോ മാനസികമായോ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ചികിത്സിക്കുന്ന ഡോക്ടറോട് തുറന്നു പറയുകയും പരിഹാരം തേടുകയും ചെയ്യുക. ആവശ്യമെങ്കിൽ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും മറക്കരുത്.
ഇതൊക്കെ കൊണ്ടുതന്നെ പ്രമേഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുക എന്നത് പ്രധാനമാണ്. ആവശ്യമായ രോഗികൾക്ക് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), അക്സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറപി (ACT) പോലെയുള്ള തെറാപ്പികൾ നല്ല ഫലം ചെയ്യാറുണ്ട്. രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അവരുടെ സ്വയം ശുശ്രൂഷണത്തിലുള്ള(Self care) പുരോഗതിയും കാണാനാകും. വ്യക്തിഗതമായ കൗൺസിലുകൾ, മോട്ടിവേഷണൽ ഇൻറർവ്യൂകൾ തുടങ്ങിയവയൊക്കെ ഫലം ചെയ്യാറുണ്ട്. പരമ്പരാഗത പ്രമേഹ ചികിത്സാ രീതിയിൽ നിന്ന് വ്യത്യസ്തമായി സമഗ്രമായ പ്രമേഹചികിത്സാസങ്കൽപ്പത്തിലേക്ക് പോകുമ്പോൾ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും. യോഗ, ധ്യാനം, മൈൻഡ്ഫുൾനസ് തുടങ്ങിയവയ്ക്ക് പ്രമേഹരോഗികളിലെ മാനസിക പ്രശ്നങ്ങളിൽ നല്ല അളവിൽ പ്രതിരോധം തീർക്കാനാകും. പതിവായി വ്യായാമം ചെയ്യുന്ന പ്രമേഹരോഗികളിൽ മാനസിക പ്രശ്നങ്ങൾക്കുള്ള സാധ്യത കുറവാണ് എന്നുള്ള കാര്യവും ഓർമിപ്പിക്കട്ടെ.
(പോസിറ്റീവ് സൈക്കോളജിസ്റ്റും ഗ്രന്ഥകാരനുമാണ് ലേഖകൻ)
English Summary : Diabetes related psychological issues