മരണകാരണങ്ങളിൽ മൂന്നാമത്; ശ്വാസകോശം കരുതിയില്ലെങ്കിൽ അപകടം പല രൂപത്തിൽ
Mail This Article
ഡിസംബർ രണ്ട് ശ്വാസകോശാരോഗ്യ ദിനം. രാസവ്യവസായത്തിലെ ഹിരോഷിമാ ദൂരന്തം എന്നു ലോകം വിശേഷിപ്പിച്ച ഭോപ്പാൽ ദുരന്തം പുറംതള്ളിയ വിഷപ്പുക രണ്ടായിരത്തിയഞ്ഞൂറോളം പേരെ തൽക്ഷണം കൊന്നൊടുക്കിയത് 1984 ഡിസംബർ രണ്ട് അർധരാത്രിയാണ്. രണ്ടു ലക്ഷത്തോളം പേരുടെ ശ്വാസകോശം തകരാറിലാക്കിയ രാസവിപത്തിന്റെ തിക്തഫലം ഇന്നും ഭോപ്പാലിലും പരിസരത്തുമുള്ള ആയിരങ്ങൾ അനുഭവിക്കുന്നു. തലമുറകൾക്കപ്പുറം നീണ്ടുനിൽക്കുന്ന വിപത്ത് എന്ന അർഥത്തിലാണ് ഭോപ്പാൽ ദുരന്തത്തെ ഹിരോഷിമാ ദുരന്തവുമായി ചേർത്തു വായിക്കുന്നത്. ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി മഡെിസിൻ ക്രിട്ടിക്കൽ കെയറും (എ.പി.സി.സി.എം) ലങ് കെയർ ഫൗണ്ടേഷനും ചേർന്ന് ഡിസംബർ രണ്ട് ശ്വാസകോശാരോഗ്യ ദിനമായി ആചരിക്കുന്നതിനു പിന്നിലെ സാംഗത്യവും ഇതു തന്നെ.
‘ഭോപ്പാൽ ദുരന്തത്തിനു 37 വർഷം തികയുന്ന 2021 ൽ ശ്വാസകോശാരോഗ്യം മുഖ്യം : കരുതാം കാവലാളാകാം എന്നതാണ് ദിനാചരണത്തിന്റെ മുദ്രാവാക്യം. ശ്വാസകോശം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ ദിനംകൊണ്ടു ലക്ഷ്യമിടുന്നത്. ജീവിതത്തിന്റെ തുടക്കവും അവസാനവും നിർണയിക്കുന്ന അവയവം. ഒരു സെക്കൻഡു പോലും വിശ്രമമില്ലാതെയുള്ള പ്രവർത്തനം. എന്നിട്ടും നാം ഇൗ അവയവത്തിന് അർഹമായ സംരക്ഷണം കൊടുക്കുന്നുണ്ടോ?
ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (സി.ഒ.പി.ഡി), ന്യൂമോണിയ, ശ്വാസകോശ അർബുദം, ക്ഷയം, ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങൾ, ആസ്മ തുടങ്ങിയവ എത്രയോ മരണങ്ങൾക്കു കാരണമാകുന്നു. അതിലത്രെയോ മടങ്ങ് ആളുകൾ ഈ രോഗങ്ങളുമായി മല്ലിട്ടു ജീവിക്കുന്നു. ശ്വാസകോശങ്ങളുടെ പ്രാധാന്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. കോവിഡ് 19 മഹാമാരി അതു വിളിച്ചോതുന്നു. എന്നാൽ ഇന്നും നാം ഇതു വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടോ? ഇല്ല എന്നതാണുത്തരം. ലോകത്തു മരണകാരണങ്ങളിൽ മൂന്നാമതു നിൽക്കുന്ന സി.ഒ.പി.ഡി ഇന്നും അവഗണിക്കപട്ടെ രോഗാവസ്ഥയാണ്. ഇന്ത്യയിലെ മൊത്തം കണക്കടെുത്താൽ ഏകദശേം 13 ശതമാനം മരണങ്ങളും കേരളത്തിൽ ആറു ശതമാനത്തോളം മരണങ്ങളും സി.ഒ.പി.ഡി മൂലമാണെന്ന് കണക്കുകൾ പറയുന്നു, അവഗണിക്കാവുന്നതല്ല ഈ കണക്കുകൾ. പതിമൂന്നു സെക്കന്റിൽ ഒരാളുടെ മരണത്തിനു വഴിവയ്ക്കുന്ന ന്യൂമോണിയയുടെ പ്രാധാന്യം തിരിച്ചറിയാൻ കോവിഡ് കാലം വരണ്ടേിവന്നു. ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങളെ ക്കുറിച്ച് പൊതു സമൂഹം കേട്ടിരിക്കാൻ തന്നെ ഇടയില്ല. അർബുദങ്ങൾക്കിടയിലെ ഒന്നാം നമ്പർ കൊലയാളിയായ ശ്വാസകോശാർബുദം തടയാനുള്ള പദ്ധതികളും നമ്മുടെ ആരോഗ്യ മുൻഗണനകളിലില്ല. ഈ രോഗങ്ങൾക്കൊക്കെ പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. എന്നാൽ വർധിച്ചുവരുന്ന വായു മലിനീകരണം ഇവയ്ക്കൊക്കെ കാരണമാകുകയോ അല്ലെങ്കിൽ അവ അധികരിക്കാൻ ഇടയാക്കുകയോ ചെയ്യുന്നു.
വ്യവസായ വൽക്കരണവും മോട്ടോർവാഹനങ്ങളുടെ അതിപ്രസരവും ജനപ്പെരുപ്പവുമെല്ലാം അന്തരീക്ഷ മലിനീകരണത്തിനു വളമേകുമ്പോൾ ശ്വാസകോശത്തിനു മതിയായ ശ്രദ്ധ നൽ കേണ്ടിയിരിക്കുന്നു. ശൂദ്ധവായു നമ്മുടെ ജൻമാവകാശമാണ്. എന്നാൽ വ്യവസായവൽക്കരണവും നഗരവൽക്കരണവും മൂലം ഇന്ന് ഇത് വിദൂരസ്വപ്നമായി. അൽപം ശ്രദ്ധിച്ചാൽ അന്തരീക്ഷ മലിനീകരണത്തിന്റെ ദോഷഫലങ്ങളെ തടയാനെങ്കിലും കഴിഞ്ഞേക്കും. പല പാശ്ചാത്യരാജ്യങ്ങളും ഇതിൽ കാര്യമായ പുരോഗതി നേടിക്കഴിഞ്ഞു. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നു മുക്തമാക്കപ്പെടേണ്ടിയിരിക്കുന്നു. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, സൾഫർ ഓക്സൈഡ്, ഹൈഡ്രോകാർബൺസ്, ക്ലോറോഫ്ളൂറോ കാർബൺസ,് ചില രാസസംയുക്തങ്ങൾ എന്നിവയാണ് നഗരങ്ങളിൽ കാണപ്പെടുന്ന പ്രധാന മലിനീകരണ വസ്തുക്കൾ. ഇവയുടെ അളവ് അപകടകരമാം വിധം കൂടുമ്പോഴാണ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നത്.
വീടുകളിൽ പോലും നമ്മൾ സുരക്ഷിതരല്ല. വിറക്, കൽക്കരി , ബയോഗ്യാസ് തുടങ്ങിയവയൊക്കെ പാചകത്തിന് ഉപയോഗിക്കുമ്പോൾ പുക തങ്ങിനിൽക്കുന്നത് വീട്ടിനുള്ളിലെ വായു അപകടകരമാംവിധം മലിനമാകാൻ ഇടയാക്കും. ശ്വാസകോശത്തിൽ തുളച്ചുകയറാൻ കഴിവുള്ള രാസവസ്തുക്കൾ ഇൗ പുകയിലുണ്ടാവുമെന്നതാണ് അപകടകരമായ വസ്തുത. പുകപുറത്തു പോവാനുള്ള സംവിധാനമില്ലാത്ത വീടാണെങ്കിൽ പുറത്തു നേരിടേണ്ട അന്തരീക്ഷമലിനീകരണത്തിന്റെ നൂറിരട്ടിയാണ് വീടിനുള്ളിൽ അനുഭവിക്കേണ്ടി വരുന്നത്. ഓരോ ഇരുപത് സെക്കൻഡിലും ഒരാൾ വീതം ഇത്തരത്തിലുള്ള അകത്തള വായുമലിനീകരണം (ഇൻഡോർ എയർപൊലൂഷൻ) കാരണം ലോകത്ത് മരണമടയുന്നതായാണ് കണക്കുകൾ. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന ഇന്ധനങ്ങളുടെ ഉപയോഗം വികസ്വരരാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കിടയിൽ കൂടുതലാണ്. പെയിന്റുകൾ, സിഗരറ്റ് ബീഡി പുക, കാർപെറ്റുകൾ, ചില തരം ടൈലുകൾ, തറശൂദ്ധീകരിക്കുന്ന ദ്രാവകങ്ങൾ, കെട്ടിട നിർമാണവസ്തുക്കൾ, ഫോർമാൽഡിഹൈഡ് പോലുള്ള മലിനീകരണവസ്തുക്കൾ പുറത്തുവിടുന്ന ഫർണിച്ചറുകൾ, എസി തുടങ്ങി വീടിനുള്ളിൽ അന്തരീക്ഷമലിനീകരണത്തിനൂ കാരണക്കാരായ അനേകം വസ്തുക്കൾ ഒളിഞ്ഞിരിപ്പുണ്ട്.
അന്തരീക്ഷമലിനീകരണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.
കണ്ണ്, തൊണ്ട, ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ അന്തരീക്ഷമലിനീകരണത്തിനു കഴിയും. ചുവന്ന കണ്ണുകൾ, ചുമ, നീർക്കെട്ട് എന്നിവയാണ് ഉയർന്ന അന്തരീക്ഷമലിനീകരണത്തിനു ഇരയാവുന്നവരിൽ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. എന്നാൽ പ്രായം ചെന്നവരിലും ശ്വാസകോശത്തകരാറുകളോ ഹൃദ്രോഗമോ ഉള്ളയാളുകളിലും ലക്ഷണങ്ങൾ തീവ്രമായിരിക്കും.
വളരെ ചെറിയ തോതിലുള്ള അന്തരീക്ഷമലിനീകരണം പോലും കുട്ടികളെ പ്രതികൂലമായി ബാധിക്കും. മൂക്കടപ്പ്, തുടർച്ചയായുള്ള ചുമ, തലവദേന ഇടയ്ക്കിടയെുള്ള അണുബാധകൾ തൂടങ്ങിയവ കുട്ടികളിൽ കാണപ്പെടുന്നതിന് അന്തരീക്ഷമലിനീകരണം കാരണമാകും. ന്യൂമോണിയ, ആസ്മ എന്നിവ കുട്ടികളിലും ശ്വാസകോശാർബുദം, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫൈസിമ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ മുതിർന്നവരിലും ഉണ്ടാവാൻ ഉയർന്ന അന്തരീക്ഷമലിനീകരണം വഴിയൊരുക്കും. വർധിച്ചുവരുന്ന നവജാതശിശുക്കളുടെ ഭാരക്കുറവ്, മരണം എന്നിവയ്ക്കും പ്രധാനകാരണങ്ങളിലൊന്ന് അന്തരീക്ഷമലിനീകരണമാണ്. നിശ്വാസവായു മലിനീകരിക്കപ്പെടുന്നതു മൂലം ക്ഷയം, ശ്വാസകോശാർബുദം, തിമിരം എന്നിവയ്ക്കും സാധ്യത കൂടുന്നു.
അന്തരീക്ഷമലിനീകരണത്തിന്റെ പ്രത്യക്ഷഫലങ്ങൾ ആണ് നാമിതുവരെ ചർച്ച ചെയ്തത്. ഇതിന്റെ പരോക്ഷഫലങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്ന് ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന്റെ മുഖ്യ ഹേതു അന്തരീക്ഷമലിനീകരണമാണ്. നിയന്ത്രിക്കപ്പെട്ട പകർച്ചവ്യാധികളുടെ തിരിച്ചുവരവ്, പുതിയവയുടെ ജനനം, വർധിച്ചുവരുന്ന സ്കിൻ കാൻസറുകൾ,ആസ്മ, കൊതുകുകളുടെ പെരുകൽ എന്നിവയ്ക്കൊക്കെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ആഗോളതാപനം കാരണമാവുന്നു.
അന്തരീക്ഷമലിനീകരണം എങ്ങനെ തടയാം എന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മലിനീകരണവസ്തുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതു തടയാൻ സംസ്ഥാന ദേശീയാടിസ്ഥാനത്തിലും അന്തർദേശീയാടിസ്ഥാനത്തിലുമുള്ള ശ്രമങ്ങൾ അനിവാര്യമാണ്. സർക്കാരുകളുടെയും തദ്ദശേ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ ഏറെ പ്രധാനം.എങ്കിലും ചില കരുതലുകളിലൂടെ അന്തരീക്ഷം കൂടുതൽ മലിനപ്പെടാതെ നോക്കാൻ നമുക്കും സാധിക്കും. അൽപദൂരയാത്രയ്ക്കു നടത്തം ശീലമാക്കുക സൈക്കിൾ യാത്രയ്ക്ക് കൂടുതൽ പ്രചാരം നൽകുക, മരങ്ങൾവച്ചു പിടിപ്പിക്കുക, ക്ലോറോഫൂറോ കാർബണുകൾ പുറംതള്ളുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ അവയിൽ ചിലതാണ്.
അന്തരീക്ഷമലിനീകരണം തടയിടാൻ കഴിഞ്ഞില്ലങ്കെിൽ ഇന്നല്ലെങ്കിൽ നാളെ നാമല്ലൊവരും അതിന്റെ തിക്തഫലങ്ങൾക്ക് ഇരയാവണ്ടേി വരും എന്നതിൽ സംശയമില്ല. എല്ലാവരും സുരക്ഷിത രാവും വരെ ആരും സുരക്ഷിതരല്ല എന്ന പഴമൊഴി ഏറെ പ്രസക്തമാണ്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിൽ. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഓരോ കോശങ്ങൾക്കും ശുദ്ധവായു എത്തിച്ചുകൊടുക്കുന്നത് ശ്വാസകോശങ്ങളാണ് എന്നതുകൊണ്ടുതന്നെ ‘ശ്വാസകോശ ആരോഗ്യം മുഖ്യം കരുതാം കാവലാളാകാം’ എന്ന സന്ദശേത്തിന് കാലിക പ്രസക്തി ഏറയൊണ്. ഡിസംബർ 2 നമ്മെ ഓർമിപ്പിക്കുന്നതും ശ്വാസകോശങ്ങൾ സംരക്ഷിക്കണ്ടേതിന്റെ പ്രാധാന്യംതന്നെ.
English Summary : World Lung Health Day; Lungs related diseases and causes