ബോര്‍ഡര്‍ലൈന്‍ പ്രമേഹത്തിലേക്ക് കൂടുതല്‍ പേര്‍; 25 വയസ്സില്‍ ആരംഭിക്കണോ പരിശോധന?
Mail This Article
പ്രമേഹമെന്ന് പറയാന്‍ പറ്റുന്ന അളവില്‍ രക്തത്തില്‍ പഞ്ചസാരയില്ല. എന്നാല്‍ നോര്‍മല്‍ തോതും അല്ല. ഈയവസ്ഥയെയാണ് ബോര്‍ഡര്‍ലൈന്‍ ഡയബറ്റിസ് എന്ന് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ രണ്ട് മുതല്‍ മൂന്ന് മാസത്തെ ശരാശരി എടുക്കുന്ന എച്ച്ബിഎ1സി പരിശോധന ബോര്‍ഡര്‍ലൈന്‍ ഡയബറ്റിസിനെ പറ്റി സൂചന നല്‍കുന്നതാണ്. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ ബോര്‍ഡര്‍ലൈന്‍ ഡയബറ്റിസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ആറില്‍ ഒരു ഇന്ത്യക്കാരന് ബോര്‍ഡര്‍ലൈന്‍ പ്രമേഹമുണ്ട്. ഈ സംഖ്യ വര്‍ധിക്കുന്നതിനാല്‍ 25 വയസ്സ് മുതല്‍ തന്നെ ഇന്ത്യയില്‍ പ്രമേഹ പരിശോധന ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഡിജിറ്റൽ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോമായ ടാറ്റ 1 എംജി 2022 മാര്‍ച്ചിനും ഒക്ടോബറിനും ഇടയില്‍ മുംബൈയില്‍ നടത്തിയ എച്ച്ബിഎ1സി പരിശോധനകളില്‍ 37 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 69967 രക്ത സാംപിളുകള്‍ പരിശോധിച്ചതില്‍ 26,185 പേര്‍ക്കും പ്രമേഹമുണ്ടെന്ന് തെളിഞ്ഞു. 40-60 പ്രായവിഭാഗക്കാര്‍ക്കിടയില്‍ പ്രമേഹ തോത് 45 ശതമാനമായിരുന്നു. 60ന് മുകളിലുള്ളവരില്‍ ഇത് 44 ശതമാനവും 25-40 പ്രായവിഭാഗത്തില്‍ ഇത് 10 ശതമാനവുമാണ്. സ്ത്രീകളെ അപേക്ഷിച്ച്(43 ശതമാനം) പുരുഷന്മാരിലാണ്(57 ശതമാനം) പ്രമേഹം കൂടുതല്‍ കണ്ടെത്തിയത്.
ജനിതകപരമായ കാരണങ്ങള്‍ക്ക് പുറമേ അലസമായ ജീവിതശൈലി, അമിതമായ ഫാസ്റ്റ് ഫുഡ്, പുകവലി, മദ്യപാനം എന്നിവയാണ് ഇന്ത്യയിലെ കുതിച്ചുയരുന്ന പ്രമേഹരോഗത്തിന് പിന്നിലെ കാരണങ്ങള്‍. കോവിഡ് ബാധ പാന്‍ക്രിയാസിനെ ബാധിക്കുക വഴി നേരത്തെ പ്രമേഹമില്ലാത്തവരെ കൂടി പ്രമേഹരോഗികളാക്കാനുള്ള സാധ്യതയും ചില ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹത്തിനായി പ്രത്യേകിച്ച് ഒരു ഭക്ഷണക്രമം പറയാനാകില്ലെന്നും സീസണലായ പല നിറങ്ങളിലെ പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കഴിക്കുന്നത് ഗുണകരമാണെന്നും ഗുഡ്ഗാവ് മെദാന്തയിലെ ചീഫ് ഡയബറ്റീസ് എജ്യുക്കേറ്റര്‍ ഛവി കോഹ്ലി ഹെല്‍ത്ത്കെയര്‍ വേള്‍ഡ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഹോള്‍ ഗ്രെയ്നുകള്‍, പഴങ്ങള്‍ എന്നിവയും പ്രമേഹത്തെ തടയാന്‍ സഹായകമാണ്. നിത്യവും വ്യായാമം, ഇടയ്ക്കിടെയുള്ള പരിശോധന എന്നിവയും പ്രമേഹത്തെ പ്രതിരോധിക്കാന്‍ ആവശ്യമാണെന്നും ഛവി കൂട്ടിച്ചേര്‍ത്തു.
Content Summary: Over 37% of People Tested Were Found To Have Diabetes