മുതിര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ ‘കെയര്‍’;വീടൊരുക്കും, പരിചരിക്കും
Mail This Article
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ രണ്ടു പദ്ധതികള്‍. വയോജനങ്ങള്‍ക്ക് കെയര്‍ സെന്റര്‍, വാര്‍ധക്യ സൗഹൃദ ഭവനം എന്നിവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സാമൂഹികനീതി വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഇങ്ങനെ...
കെയര്‍ സെന്റര്‍
ഉയര്‍ന്ന സ്വപ്നങ്ങളുമായി വിദേശ രാജ്യങ്ങളിലേക്ക് മക്കള്‍ പറക്കുമ്പോള്‍ വീടുകളില്‍ ഒറ്റയ്ക്കു കഴിയേണ്ട സ്ഥിതിയാണ് പല രക്ഷിതാക്കള്‍ക്കും. പിറന്ന നാട്ടില്‍ തന്നെ കഴിയാനാണ് പല രക്ഷിതാക്കള്‍ക്കും ഇഷ്ടം.
പുതിയ നാട്ടിലെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമോ എന്ന ആശങ്കയില്‍ മക്കള്‍ക്കൊപ്പം പോകാന്‍ മടിക്കുന്ന രക്ഷിതാക്കളും ഉണ്ട്. ജീവിത സായാഹ്നത്തില്‍ ഉറ്റവരുടെ സംരക്ഷണവും പരിചരണവും ലഭിക്കാതെ ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയേണ്ട സാഹചര്യവും ഉണ്ട്. ഇത്തരക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സാമൂഹിക നീതി വകുപ്പ് കെയര്‍ സെന്റര്‍ പ്രോജക്ടിന് രൂപം നല്‍കിയത്.
സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ, വയോജനങ്ങളില്‍ നിന്ന് ഫീസിനത്തില്‍ നിശ്ചിത തുക ഈടാക്കി, മെച്ചപ്പെട്ട സംരക്ഷണവും സേവനവും നല്‍കുന്ന സ്ഥാപനങ്ങളാണിവ. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഉന്നത നിലവാരമുള്ള സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുക. കേരളത്തിലുള്ളവര്‍ക്കു പുറമേ, വിദേശത്തുള്ളവര്‍ക്കും ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കും. ഡോക്ടര്‍, നഴ്‌സുമാര്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനം ഇവിടെ ലഭ്യമാകും.
ആരോഗ്യ പരിചരണത്തിന് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.
കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പ്രാഥമിക യോഗം വിളിച്ച് സാധ്യതകള്‍ ആരാഞ്ഞിരുന്നു. ഇതിനായി മാര്‍ഗരേഖയും ബൈലോയും തയാറാക്കും. തുടക്കത്തില്‍, പൈലറ്റ് പ്രോജക്ടായി തിരഞ്ഞെടുത്ത ഒരു ജില്ലയില്‍ ഇതു നടപ്പാക്കിയ ശേഷം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.
വാര്‍ധക്യ സൗഹൃദ ഭവനം
മുതിര്‍ന്ന പൗരന്‍മാരുടെയും കിടപ്പു രോഗികളുടെയും പരിചരണവും ക്ഷേമവും ലക്ഷ്യമിട്ടാണ് വാര്‍ധക്യ സൗഹൃദ ഭവനം എന്ന പദ്ധതി.
മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവു കുറഞ്ഞ വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായിക, വിനോദ സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവ ഏര്‍പ്പെടുത്തി 'വെല്‍നസ് സെന്ററു'കളാക്കി മാറ്റും. രോഗീ പരിചരണത്തിനായി പ്രത്യേക വൈദഗ്ധ്യം നേടിയ നഴ്‌സുമാരെ ഇവിടെ നിയോഗിക്കും.
പദ്ധതിക്കായി ഭവന നിര്‍മാണ ബോര്‍ഡിന് അനുവദിച്ച തുകയില്‍ നിന്ന് 2 കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നെട്ടയം, കോട്ടയം ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. തുടക്കത്തില്‍, പരീക്ഷണാര്‍ഥം ഒരു ജില്ലയിലാണ് ആരംഭിക്കുക.
കിഴി ചികിത്സ എങ്ങനെ? വിഡിയോ